എഴുത്ത് – രശ്മി അജിത്ത്.
“ഇപ്പൊ ആള് കുറവായതുകൊണ്ട് ഡ്യൂട്ടിക്കിടയിൽ ധാരാളം സമയം കിട്ടുമല്ലോ… ചറ പറ സെൽഫി എടുക്കുക.. സ്റ്റാറ്റസ് ഷെയർ ചെയ്യുക ഇത് തന്നെ പരിപാടി. അല്ലെ???” ഈ കൊറോണകാലത്തു ഡ്യൂട്ടിക്ക് വരാൻ തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്നതാണ്. പക്ഷേ സത്യം പറഞ്ഞാൽ എന്റെ അവസ്ഥ നേരെ മറിച്ചാണ്. മാസ്കും ഫേസ്ഷിൽഡും ഓരോ സ്റ്റോപ്പിലും ഒഴിവുള്ള സീറ്റ്ന് അനുസരിച്ച് ആളെ കയറ്റലും ഒക്കെ കൂടി ആകെ ജഗപൊക.
മുമ്പ് 15000ന് മുകളിൽ കളക്ഷൻ അടയ്ക്കുന്ന ദിവസങ്ങളെ അപേക്ഷിച്ചു ഇപ്പൊ വെറും 5000 രൂപയാണ് ആവറേജ് കളക്ഷൻ. എന്നിട്ടും സമയം തികയുന്നില്ല എന്നത് പോട്ടെ, ജാഗ്രത ജാഗ്രത എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നത് പേടി കൊണ്ട് തന്നെയാണ്. എപ്പോളാണ് ഈ മഹാമാരി നമ്മെ പിടികൂടുക എന്ന് യാതൊരു ധാരണയും ഇല്ലല്ലോ. നിഷ്കർഷിക്കുന്ന, പാലിക്കാൻ പറ്റുന്ന എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ട് ജോലി സമയത്ത്. എന്നാലും ദിവസം പോകുന്നതിനനുസരിച്ചു ഭയം കൂടുന്നു എന്നതാണ് യാഥാർഥ്യം.
ഇങ്ങോട്ട് മിണ്ടുന്ന യാത്രക്കാരോട് തിരിച്ചും വർത്താനം ഒക്കെ പറഞ്ഞ് സന്തോഷത്തോടെ തന്നെയായിരുന്നു എന്നും ഡ്യൂട്ടി എടുത്തിരുന്നത്. പക്ഷേ കൊറോണ എന്റെ വാചകമടിയും സ്റ്റോപ്പ് ചെയ്തു. ഇപ്പൊ കൂടുതൽ സമയവും “ചേച്ചി ഇങ്ങോട്ട് വാ, ഈ വാതിലിൽ കൂടി കയറൂ” എന്ന് തൊണ്ട പൊട്ടിക്കും. എന്നാലും എന്റെ മാസ്കും ഷിൽഡും എല്ലാം കടന്നു ശബ്ദം ആ ചേച്ചിയുടെ ചെവിയിൽ എത്തിയിട്ടുണ്ടാവില്ല എന്ന് മാത്രമല്ല അപ്പോഴും പുറത്ത് നിന്ന് തുറക്കാൻ കഴിയാത്ത വാതിലിന്റെ അരികിൽ ചേച്ചി മുകളിലേക്ക് നോക്കി നിൽക്കുന്നുണ്ടാവും.
പക്ഷേ പതിവില്ലാതെ ഇന്നലെ സംസാരിച്ചു. യാത്രക്കാർ കുറവായിരുന്നു ആ സമയത്ത്. ധരിച്ചിരുന്ന കാക്കി ഷർട്ട് അദ്ദേഹം ഒരു ഡ്രൈവർ ആണെന്ന് തോന്നിപ്പിച്ചു. ട്രിപ്പ് സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ബസിനു വെളിയിൽ വന്ന് ചോദിച്ചു 500 ന് ചേഞ്ച് ഉണ്ടാവുമോ? ചാമുണ്ഡി കുന്നു ഇറങ്ങാനാണ്. 10 രൂപ പോയിന്റാണ് കാഞ്ഞങ്ങാട് നിന്നും. ഞാൻ ബാഗിൽ നോക്കി. “കയറിക്കോ ചേട്ടാ, ബാലൻസ് തരാം.”
ടിക്കറ്റ് കൊടുത്തു. 500ന്റെ നോട്ട് വാങ്ങി തിരിച്ചും മറിച്ചും നോക്കി ഞാൻ ബാഗിൽ വെച്ചു. “എന്താ മോളെ, നോട്ട് ന് ചെളിയോ കീറലോ മറ്റോ ഉണ്ടോ?” എന്ന് അദ്ദേഹം. “എയ് ഇല്ല, ഇത് ശീലമാണ് ഈ നോട്ടം. അത്രേ ഒള്ളൂ.” ചിരിച്ചു കൊണ്ട് ഞാൻ മറുപടി. അദ്ദേഹവും ചിരിച്ചു. ചിരി ഇപ്പോൾ കണ്ണുകളിൽ ആണല്ലോ.
“വണ്ടി വിറ്റ പണം ആണ് മോളെ. ഇനി ബാക്കിയുള്ള രണ്ടായിരത്തിൽ നിന്നും എടുത്തത് ഈ പണം. എല്ലാം അഞ്ഞൂറ് തന്നെ ആയിരുന്നു. അതാണ് ഞാൻ സംശയം ചോദിച്ചത്” എന്ന് അദ്ദേഹം. തെല്ല് നേരം എനിക്ക് എന്തോ ഒരു സങ്കടം തോന്നി. പിന്നെ ഞാൻ ചോദിച്ചു “എന്തേ കൊറോണ കാരണം ആണോ വണ്ടി വിറ്റത്?.” “അതേ, ആണ്. ഹാർട്ട് പേഷ്യന്റ് ആണ്. മരുന്ന് മുടക്കാറില്ല. ഈ അവസ്ഥയിൽ ഓട്ടം പോകാൻ കഴിയില്ലല്ലോ. മക്കൾ പറഞ്ഞു വണ്ടി വിറ്റോളൂ, അച്ഛനെ ഞങ്ങൾ നോക്കിക്കോളാം എന്ന്.. ഈ മഹാമാരി വരേണ്ടി വന്നു ഞാൻ അവരെ അനുസരിക്കാൻ. കാരണം അത് വിറ്റ് കളയാൻ ഇത്ര നാളും മനസ്സനുവദിച്ചില്ല. എന്റെ ജീവിതം മുഴുവനും ആ മുച്ചക്രവണ്ടി അത്രയും സഹായിച്ചു എന്നെ.”
അദ്ദേഹത്തിന്റെ ചിരിച്ചു കണ്ട കണ്ണുകളിൽ നീർ പൊടിഞ്ഞുവോ? “സാരമില്ല, അച്ഛനെ നന്നായി നോക്കുന്ന മൂന്നു മക്കൾ ഉണ്ടല്ലോ. ഇനിയുള്ള കാലം സമാധാനത്തോടെ അവർക്കൊപ്പം കഴിയൂ.” ഞാൻ കഴിയും വിധം ആശ്വസിപ്പിച്ചു. പിന്നെ വയ്യാത്ത അവസ്ഥയിൽ യാത്ര ചെയ്യുന്നത് അപകടമാണ് എന്ന് ഞാൻ ഓർമിപ്പിച്ചു. “ശരിയാ മോളെ.. ഇപ്പോൾ വീട്ടിൽ തന്നെ എപ്പോളും. ഇന്ന് പണത്തിന്റെ ഇടപാട് തീർക്കാൻ വേണ്ടി മാത്രമാണ് പുറത്ത് വരേണ്ടി വന്നത്.” വീണ്ടും അദ്ദേഹം ചിരിച്ചു.
അപ്പോളേക്കും അദ്ദേഹത്തിന് ഇറങ്ങാൻ ആയി. “ശരി മോളെ. പോട്ടെ ഞാൻ. ഇനി ഈ മഹാമാരി കാലം കഴിഞ്ഞു നമുക്ക് കാണാം.” എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന സാനിറ്റസെറിൽ നിന്നും രണ്ടു തുള്ളി ആ കൈയിൽ കൊടുത്തു. വീണ്ടും കാണാം എന്ന ശുഭ പ്രതീക്ഷയോടെ.. ആനവണ്ടി വീണ്ടും ഞാനും ബാക്കി യാത്രക്കാരുമായി കാസറഗോഡ് ലക്ഷ്യമാക്കി മുമ്പോട്ട്.