വിമാനം പറത്തിക്കൊണ്ടിരിക്കുമ്പോൾ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ?. വിമാനത്തിൽ യാത്ര ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണിത്. രണ്ടു പൈലറ്റുമാരുണ്ടെങ്കിലും പ്രധാന പൈലറ്റിന് അസുഖം ബാധിച്ചാൽ എന്താകും സംഭവിക്കുക?
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റിൽ നിന്ന് സൈപ്രസിലേക്ക് പുറപ്പെട്ടതായിരുന്നു തോംസൺ ഹോളിഡേയ്സിന്റെ ഫ്ലൈറ്റ് നമ്പർ 1714. ഇതിലെ യാത്രക്കാർക്ക് നേരിടേണ്ടിവന്നത് ഇതുപോലൊരു പ്രതിസന്ധിയായിരുന്നു.
ന്യൂകാസ്റ്റിൽ നിന്ന് പറന്നുയർന്ന ഫ്ലൈറ്റിന്റെ ആദ്യ 15 മിനിറ്റുകൾ ശാന്തപൂർണ്ണമായിരുന്നു. പിന്നീടാണ് കോക്പിറ്റിലേക്ക് ഓക്സിജൻ സിലിണ്ടറുമായി പായുന്ന ഫ്ലൈറ്റ് ക്രൂവിനെ യാത്രക്കാരിൽ ഒരാൾ ശ്രദ്ധിച്ചത്. കോക്പിറ്റിലേക്ക് നോക്കിയ യാത്രക്കാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പൈലറ്റിൽ ഒരാൾ നിലത്ത് കിടക്കുന്നു. കോക്പിറ്റിന്റെ തറയിൽ നിറയെ കോഫി വീണിട്ടുണ്ട്.
യാത്രക്കാരെ മുഴുവൻ പരിഭ്രാന്തരാക്കിയ നിമിഷങ്ങളായിരുന്നു പിന്നീട്. പൈലറ്റ് പെട്ടെന്ന് കുഴഞ്ഞു വീണെങ്കിലും സഹപൈലറ്റ് വിമാനം അടിയന്തിരമായി താഴെയിറക്കി. ബൾഗേറിയയിലെ വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്.
16 മിനിറ്റുകൾ നീണ്ട ഭയാനകമായ അവസ്ഥയുടെ അന്ത്യമായിരുന്നുവത് എന്ന് യാത്രക്കാർ പ്രതികരിച്ചു. പൈലറ്റിന് ദേഹാസ്വസ്ഥ്യം മൂലമാണ് വിമാനം ബൾഗേറിയയിൽ ലാന്റ് ചെയ്തതെന്ന് തോംസൺ ഹോളിഡേയ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പരിശീലനം നേടിയ വിമാന ജീവനക്കാർ സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്തെന്നും വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യ സ്ഥാനത്തെത്തിച്ചെന്നും തോംസൺ ഹോളിഡേയ്സ് വ്യക്തമാക്കി.
Source – http://www.manoramaonline.com/fasttrack/auto-news/2017/10/10/thomson-jet-emergency-landing-flight-1714-pilot-collapses-during-flight-larnaca-sofia-bulgaria.html