കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ കാണാന്‍ വയനാടന്‍ ചുരമിറങ്ങി അവരെത്തി. പഠനത്തില്‍ മികവ് പുലര്‍ത്തിയ പട്ടിക വര്‍ഗവിഭാഗത്തില്‍ നിന്നുള്ള 32 കുട്ടികള്‍ക്കായി വയനാട് ജില്ലാ കളക്ടര്‍ എസ് സുഹാസാണ് അറബി കടലിന്റെ റാണിയായ കൊച്ചിയിലേക്ക് യാത്ര ഒരുക്കിയത്.
ശനിയാഴ്ച്ച രാത്രിയിലാണ് കളക്ടറും കുട്ടികളും വയനാട്ടില്‍ നിന്ന് കൊച്ചിയിലെത്തിയത്. മെട്രോയില്‍ കയറി നഗരം ചുറ്റണമെന്ന ലക്ഷ്യമായിരുന്നു കുട്ടികളില്‍ ഏറെ പേര്‍ക്കും. രാവിലെ 9ന് താമസസ്ഥലത്ത് നിന്ന് പ്രത്യേക വാഹനത്തില്‍ ആലുവയിലെത്തിയാണ് കളക്ടറും കൂട്ടരും മെട്രോയാത്ര ആരംഭിച്ചത്. സംഘത്തിലെ മുഴുവന്‍ കുട്ടികളുടെയും ആദ്യ മെട്രോയാത്ര അനുഭവമായിരുന്നു അത്. പാട്ടുപാടിയും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഓരോ കുട്ടിയും കന്നി മെട്രോയാത്ര അവിസ്മരണീയമാക്കി.
മഹാരാജാസ് കോളജ് സ്റ്റേഷനില്‍ അവസാനിച്ച യാത്രയുടെ മുഴുവന്‍ സമയവും കുട്ടികള്‍ക്കൊപ്പം മെട്രോ കാബിനുള്ളില്‍ നിന്നാണ് കളക്ടര്‍ എസ് സുഹാസും യാത്ര ആസ്വദിച്ചത്. തുടര്‍ന്ന് സുഭാഷ് പാര്‍ക്കില്‍ കുറച്ച് സമയം ചെലവഴിച്ച കുട്ടികള്‍ കൊച്ചി കായലിലൂടെ ബോട്ട് സവാരിക്കും സമയം കണ്ടെത്തി. ഉച്ചഭക്ഷണത്തിന് ശേഷം ചരിത്രമുറങ്ങുന്ന ഹില്‍പ്പാലസ് മ്യൂസിയത്തിലേക്കാണ് സംഘം പോയത്. മ്യൂസിയത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം ലുലുമാളും സന്ദര്‍ശിച്ച സംഘം രാത്രിയോടെ വയനാട്ടിലേക്ക് യാത്രയായി.
വയനാട്ടിലെ സ്കൂളുകളില്‍ നിന്ന് വ്യാപകമായി ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജില്ലാഭരണകൂടം നടപ്പിലാക്കിയ ഗോത്രായനം പദ്ധതിയുടെ ഭാഗമായിട്ടാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യാത്ര സംഘടിപ്പിച്ചത്. വയനാട് ജില്ലയിലെ വിവിധ സ്കൂളിലെ വിദ്യാര്‍ഥികളുടെ ഹാജര്‍നിലയുടെയും പഠനമികവിന്റെയും അടിസ്ഥാനത്തിലാണ് യാത്രക്കുള്ളവരെ തിരഞ്ഞെടുത്തത്. കാട്ടുനായ്ക്ക, പണിയ, അടിയ, കുറുമ, ഊരാളി, കുറിച്യ, കരിമ്പാലന്‍, മുതുവാന്‍, മുഡഗര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 26 പെണ്‍കുട്ടികള്‍ക്കും 6 ആണ്‍കുട്ടികള്‍ക്കും പുറമേ 8 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.
Source – https://janayugomonline.com/wayanad-road-tribal-district-collector/