വിവരണം – മധു തങ്കപ്പന്.
സൌത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹെയർ പിൻ വളവുകൾ ഉള്ളത് ഇവിടെയല്ലെങ്കിലും എന്തായാലും ഊട്ടിയിലെക്കൊ കൊടൈക്കനാലിലെക്കോ പോകുമ്പോൾ ഒന്നും ഇത്രയധികം വളവുകൾ കണ്ടിട്ടില്ല. സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്നേഹിക്കുന്ന കേരളത്തിലെ ചെറുപ്പക്കാര്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരിടം., മഞ്ഞൂര് ..പേരില്‍ തന്നെ മഞ്ഞും തണുപ്പും ഒളിപ്പിച്ചു വെച്ചിരിക്കുന്ന തമിഴ്നാട്ടിലെ അധികം ആര്‍ക്കും അറിയപ്പെടാത്ത ഒരു ഹില്‍ സ്റ്റേഷന് . ഊട്ടിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന ‘Mini Ootty’ എന്നറിയപ്പെടുന്ന ആ മഞ്ഞൂരിനെ അടുത്തറിയാനായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര.
സ്വന്തം കുടുംബവും, കൂട്ടുകാരനും ഭാര്യയും, പിന്നെ മിക്ക യാത്രകളിലും ഒപ്പം ഉണ്ടാകുന്ന, കേരളത്തിലെ വഴികള്‍ എല്ലാം അറിയുന്ന ‘ഗൂഗിള്‍ മാപ് ‘എന്ന് കളിയാക്കി വിളിക്കുന്ന രാജു ചേട്ടനും ആയിരുന്നു സഹയാത്രികര്‍. സ്ത്രീകളെയും കുട്ടികളെയും കൂട്ടി മനുഷ്യവാസം വളരെ കുറഞ്ഞ കാട്ടുവഴികളും താണ്ടി മഞ്ഞൂരിലേക്ക് ഒരു യാത്ര പുറപ്പെടുന്നത് വിഡ്ഢിത്തം അല്ലെ എന്ന ചില സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ, ഇതുവരെ അധികം കേട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ആ മനോഹര ഭൂമിയിലേക്ക് ഞങ്ങള്‍ ഒരു അവധി ദിനത്തില്‍ യാത്ര തുടങ്ങി.
എറണാകുളത്തു നിന്നും തൃശ്ശൂര്‍ വഴി ഷോര്‍ണൂര്‍ വരെ എത്തി. അവിടെ നിന്നും മണ്ണാര്‍ക്കാട് വഴി ആണ് പോകേണ്ടത്. ഞങ്ങള്‍ പോകുന്ന ആ വഴിയില്‍ ആണ് പ്രശസ്തമായ അനങ്ങന്‍ മല . മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്കുള്ള വഴികള്‍ വശ്യ സുന്ദരം ആയിരുന്നു. പച്ച വിരിച്ച പാടങ്ങളും പറമ്പുകളും നിറഞ്ഞ പാലക്കാടന്‍ ഗ്രാമ്യ ഭംഗി ആസ്വദിച്ചു കഴിയുമ്പോളേക്കും കയറ്റങ്ങള്‍ ആരംഭിച്ചു തുടങ്ങും. ഒരു വശത്ത് അഗാധമായ കൊക്കകളും മറു വശത്ത് മലകളും നിറഞ്ഞ നയനമനോഹരമായ കാഴ്ചകള്‍ ആയിരുന്നു വഴിയിലെല്ലാം കണ്ടിരുന്നത് . കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ ബോര്‍ഡ് കണ്ടു. മുക്കാലി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. കുറച്ചു പെട്ടിക്കടകളും മറ്റും ഉള്ള, കുറെ ജീപ്പുകള്‍ കിടക്കുന്ന ഒരു ചെറിയ ജങ്ങ്ഷന്. സൈലന്റ് വാലി കാണാന്‍ വരുന്നവര്‍ അവിടെ വണ്ടികള്‍ പാര്‍ക്ക് ചെയ്ത ശേഷം മുന്നൂറു മീറ്റര്‍ അകലെ ഉള്ള ടൂറിസ്റ്റ് സെന്ററില്‍ നിന്നും ജീപ്പില്‍ കയറിയാണ് കാടിനെ ആസ്വദിക്കുന്നത്. മുന്‍കൂട്ടി യാത്രകള്‍ ബുക്ക് ചെയ്തവരെയും ഉച്ചക്ക് ഒരു മണിക്ക് മുന്‍പ് വന്നവരേയും മാത്രമേ കാട്ടിലേക്ക് ജീപ്പ് മാര്‍ഗം കടത്തി വിടുകയുള്ളൂ. മുന്‍പ് വന്നിട്ടുള്ള സ്ഥലം ആയതിനാല്‍ അവിടെയും ഇറങ്ങാതെ വീണ്ടും യാത്ര തുടര്‍ന്നു .
അട്ടപ്പാടി എന്ന സ്ഥലപ്പേര് കേള്‍ക്കുമ്പോള്‍ ആദ്യം ആളുകളുടെ മനസ്സില്‍ വരുന്നത് കുറെ അപരിഷ്കൃതരായ ആദിവാസികളും അവരുടെ ഓല മേഞ്ഞ കുടിലുകളും ഒക്കെ ആണ്. പക്ഷെ ഇപ്പോഴത്തെ അട്ടപ്പാടിയുടെ രൂപം അതല്ല എന്നതാണ് സത്യം. ഓലക്കുടിലുകള്‍ക്ക് പകരം ചെറിയ ടെറസ്സ് വീടുകള്‍ ആണ് ഇപ്പോള്‍ അവിടെ കൂടുതലായി കാണുന്നത് . സര്‍ക്കാര്‍ പല പദ്ധധികളില്‍ ആയി പണിതു കൊടുത്തതും അല്ലാത്തതും ആയ ഒന്നോ രണ്ടോ മുറികള്‍ മാത്രം ഉള്ള കൊച്ചു കൊച്ചു വീടുകള്‍ ആണ് അവയെല്ലാം. ഗൂളിക്കടവ് ആണ് അട്ടപ്പാടിയിലെ ഒരു പ്രധാനപ്പെട്ട ജങ്ക്ഷന്. അത്യാവശ്യം ഹോട്ടലുകളും മറ്റു കടകളും എല്ലാം ഉള്ള ഒരു സ്ഥലം. ഇനി ഇവിടം വിട്ടാല്‍ ലക്ഷ്യ സ്ഥാനം ആയ മഞ്ഞൂര് വരെ കാര്യമായി ഒന്നും കഴിക്കാന്‍ കിട്ടില്ല എന്നറിയാമായിരുന്നതിനാല്‍ വണ്ടി ഗൂളിക്കടവില്‍ നിറുത്തി ഒരു ഹോട്ടലില്‍ കയറി .
ഗൂളിക്കടവ് കഴിഞ്ഞു കുറച്ചു കഴിഞ്ഞാല്‍ പിന്നെ റോഡില്‍ ഒരു മനുഷ്യനെ കാണാന്‍ നമ്മള് കൊതിച്ചു പോകും. അത്രക്കും വിജനം ആണ് അവിടമെല്ലാം. അട്ടപ്പാടിയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് വാഴ കൃഷി ആണെന്ന് തോന്നി. പലയിടത്തും വാഴ തോട്ടങ്ങള്‍ കണ്ടു.മഴ കഴിഞ്ഞു അല്പ ദിവസം കഴിഞ്ഞതിനാല്‍ ഉണങ്ങി പോകാന്‍ തുടങ്ങുന്ന തരത്തില്‍ ആയിരുന്നു അവിടത്തെ മലകള്‍ എല്ലാം. കാണാന്‍ ഭംഗിയുള്ള മല നിരകള്‍ ആണെങ്കിലും പൂര്‍ണമായ ഒരു പച്ചപ്പ് ഇല്ലാത്തതിനാല്‍ കാഴ്ചക്ക് ഒരു പൂര്‍ണത വരാത്തതുപോലെ. പോകുന്ന വഴിയില്‍ പ്രത്യേകിച്ചും വളവുകളില്‍ ആന ഉണ്ടാകും എന്നറിയാമായിരുന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രാജു ചേട്ടന് വണ്ടി ഓടിച്ചിരുന്നത്. പിന്നെ ഉച്ച സമയം ആയതിനാല്‍ മൃഗങ്ങളെ വഴിയില്‍ കാണാന്‍ വളരെ സാധ്യത കുറവാണ് എന്ന ആശ്വാസത്തോടെ ഞങ്ങള്‍ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു.
വഴിയരുകില്‍ കണ്ട ഒരു നെല്ലി തോട്ടത്തില്‍ നിന്നും കുറെ നെല്ലിക്കകള്‍ കട്ടു പറിച്ചെടുത്തു. ആനകള്‍ കടക്കാതിരിക്കാന്‍ വൈദ്യുത വേലി കെട്ടിയ ഒരു തോട്ടം ആയിരുന്നു അത്. ചോദിച്ചു പറിക്കാന്‍ ആരെയും കാണാത്തത് കൊണ്ടാണ് കട്ടു പറിക്കേണ്ടി വന്നത്. മോഷ്ടിച്ചത് കൊണ്ടായിരിക്കണം വളരെ കനപ്പുതോന്നുന്ന വിഭാഗത്തില്‍ പെട്ട ഒരു തരം നെല്ലിക്ക ആയിരുന്നു അത്. ഒന്ന് ചവച്ചു അതെ വേഗത്തില്‍ പുറത്തേക്കു തുപ്പി.
മനുഷ്യവാസം ഒട്ടും ഇല്ലാത്ത ആ വിജന പാതകളിലൂടെ സഞ്ചരിച്ചു മുള്ളി എന്ന സ്ഥലത്ത് എത്തി. മുള്ളിയിലാണ് കേരളത്തിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്. ചെക്ക് പോസ്റ്റില്‍ ആരെയും കണ്ടില്ല. അതിന്റെ അടുത്ത് ഒരു ചെറിയ കട കണ്ടു. ചായക്കടയും പലചരക്കുകടയും എല്ലാം ചേര്‍ന്ന ഒരിടം. ചെക്ക് പോസ്റ്റില്‍ ഇറങ്ങി പേരും വിവരങ്ങളും എല്ലാം രജിസ്റ്ററില്‍ ചേര്‍ക്കണം എന്നാണ് കേട്ടിരുന്നത് . വണ്ടി നിറുത്തിയപ്പോള്‍ അടുത്ത കടയില്‍ നില്കുന്ന ആള് ചെക്ക് പോസ്റ്റ് കടന്നു പോകാനുള്ള അനുവാദം എന്ന അര്‍ഥത്തില്‍ കയ്യാട്ടി. വണ്ടിയില്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടത് കൊണ്ടാകണം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതെ കടത്തി വിട്ടത് എന്ന് തോന്നി.
ഇനി തമിഴ്നാട്ടിലൂടെ ആണ് യാത്ര. മുള്ളി കഴിഞ്ഞു കുറെ ദൂരം വളരെ മോശം ആയ റോഡുകള്‍ ആണ്. വെറും കല്ലുകള്‍ മാത്രം ഉള്ള, റോഡ് എന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ ഉള്ള റോഡ് ആയിരുന്നു അത് . ആ റോഡിലൂടെ കുറെ ദൂരം സഞ്ചരിച്ചു വീണ്ടും ഒരു ചെക്ക് പോസ്റ്റില്‍ എത്തി. തമിഴ് നാടിന്റെ വക ആണ് അത്. അവിടെ നില്ക്കുന്ന ഗാര്‍ഡിന് 5 0 രൂപ കൈക്കൂലി കൊടുത്താല്‍ അതിലെ കടത്തി വിടും എന്നാണു പറഞ്ഞു കേട്ടിരുന്നത്. രാജു ചേട്ടന് പുറത്തിറങ്ങി മഞ്ഞൂരിലേക്കാണ് എന്നും പറഞ്ഞു ‘പടി’ കൊടുത്തു. അങ്ങിനെ ആ ചെക്ക് പോസ്റ്റും കടന്നു വീണ്ടും യാത്ര തുടര്‍ന്നു. ഇനി നേരെ ഗെദ്ദ വഴി മഞ്ഞൂരിലേക്ക്….
കാട്ടു വഴികളിലൂടെ കുറെ ദൂരം വണ്ടി ഓടി കഴിഞ്ഞപ്പോള്‍ ഹെയര്‍ പിന് വളവുകളുടെ തുടക്കം ആയി. നാല്പത്തിമൂന്ന് ഹെയര്‍ പിന് വളവുകള്‍ ആണ് മഞ്ഞൂരിലേക്ക് . സൌത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹെയര്‍ പിന് വളവുകള്‍ ഉള്ളത് ഇവിടെ ആണ് എന്നും അത് റെക്കോര്‍ഡ് ആണ് എന്നും പറഞ്ഞു കേട്ടിരുന്നു സത്യമാണോ എന്നറിയില്ല. എന്തായാലും ഊട്ടിയിലെക്കൊ കൊടൈക്കനാലിലെക്കോ ഒന്നും പോകുമ്പോള്‍ പോകുമ്പോള്‍ ഒന്നും ഇത്രയധികം വളവുകള്‍ കണ്ടിട്ടില്ല.
വളഞ്ഞ പുളഞ്ഞ വഴികളും താണ്ടി വണ്ടി അല്പം കയറിയപ്പോഴേക്കും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മനസ്സിലും ശരീരത്തിലും കുളിര്‍മ പകരുന്ന കാഴ്ചകള്‍ ആയിരുന്നു അവിടെയെല്ലാം. ഒരു വശത്ത് അഗാധമായ കൊക്കകള്‍, മറുവശത്ത് ഉയരം അറിയാത്ത മലനിരകള്‍. അങ്ങകലെ ഒരു വലിയ മലയുടെ ഉച്ചിയില്‍ പൊട്ടിന്റെ വലിപ്പത്തില്‍ കുറച്ചു വീടുകള്‍ കണ്ടു. അതാണ് മഞ്ഞൂര് എന്ന് തോന്നി. മഞ്ഞൂരിലേക്കുള്ള റോഡുകള്‍ എല്ലാം നല്ലതും, വഴിയില്‍ വാഹനങ്ങള്‍ വളരെ കുറവും ആയിരുന്നു. ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രം ഞങ്ങളെ കടന്നു പോയി.കടന്നു വന്ന വഴിയിലോ, പോകാനുള്ള വഴിയിലോ വണ്ടി കേടായാല്‍ ചിലപ്പോള്‍ നന്നാക്കിയെടുക്കാന്‍ ഒരാളെ പോലും അവിടെ കിട്ടുകയില്ല എന്നാലോചിച്ചപ്പോഴാണ് ഈ യാത്രയിലെ സാഹസികത മനസ്സിലായത് .
പോകുന്ന വഴിയില്‍ വൈദ്യതി ഉത്പാദിപ്പിക്കുന്നതിനായി ഒരു വലിയ മലയില്‍ നിന്നും വെള്ളം കൊണ്ട് വരുന്ന വലിയ പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ കണ്ടു. താഴെ വൈദ്യതി ഉത്പാദിപ്പിക്കുന്ന സ്ഥലവും. ആ സ്ഥലം ഫോട്ടോ നിരോധന മേഖല ആയതിനാല്‍ തിടുക്കത്തില്‍ ഓര്‍മ്മക്കായി ഒരു ചിത്രം മാത്രം എടുത്ത ശേഷം ആ കാഴ്ച്ചയോടും വിട പറഞ്ഞു.
നാല്പത്തി മൂന്നു ഹെയര്‍ പിന് വളവുകള്‍ താണ്ടി അവസാനം ഗെദ്ധ എന്ന സ്ഥലവും പിന്നിട്ടു ഒടുവില്‍ മഞ്ഞൂരിലെത്തി. അവിടെ നല്ല തണുപ്പ് തുടങ്ങിയിരുന്നു, ഊട്ടിയിലും കൊടൈക്കനാലിലും കാണപ്പെടുന്ന അതെ തണുപ്പ് . ഏറ്റവും അതിശയകരമായ കാര്യം പലയിടത്തും മേഘങ്ങള്‍ ഞങ്ങള്‍ക്ക് താഴെയും ഞങ്ങള്‍ മേഘങ്ങള്‍ക്ക് മുകളിലും ആയിരുന്നു. മഞ്ഞൂരിലെ ഏറ്റവും മുകളിലുള്ള റോഡില്‍ നിന്നും നോക്കുമ്പോള്‍ മഞ്ഞു മേഘങ്ങള്‍ താഴെ പതുക്കെ പതുക്കെ ഒഴുകി നീങ്ങുന്നത് പലയിടത്തും കണ്ടു. ഒപ്പം അതുവരെ ഞങ്ങള്‍ക്ക് വേണ്ടി ഒഴിഞ്ഞു മാറി നിന്ന മഴയും പെയ്തു തുടങ്ങി. കോടയും മഴയും, തണുപ്പും എല്ലാം ചേര്‍ന്ന ആ വരവേല്ക്കല് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.
കുറച്ചു കടകളും റോഡരുകില്‍ ഒരു അമ്പലവും ഉള്ള വളരെ ചെറിയ വിസ്തൃതിയുള്ള ഒരു കവല അതായിരുന്നു മഞ്ഞൂര്. താമസിക്കാന്‍ ഒരു ഹോട്ടലിന്റെ പേരും നോക്കി ആ വഴികളിലൂടെ പതുക്കെ വണ്ടി ഓടിച്ചു. മറ്റു പല ബോര്‍ഡുകള്‍ കണ്ടു എന്നതല്ലാതെ ഹോട്ടലിന്റെ പേര് ഉള്ള ബോര്‍ഡ് മാത്രം അവിടെ കണ്ടില്ല. കുറച്ചു കൂടി മുമ്പോട്ടു പോയപ്പോള്‍ കടകള്‍ അവസാനിക്കുകയും റോഡ് വിജനമാകുകയും ചെയ്തപ്പോള്‍ വണ്ടി തിരിച്ചു.
വഴിയരുകില്‍ കണ്ട ഒരാളോട് വിവരങ്ങള്‍ തിരക്കി. മഞ്ഞൂര് ജങ്ക്ഷനില്‍ തന്നെ രണ്ടു ലോഡ്ജുകള്‍ ഉണ്ടെന്നും അവയല്ലാതെ ഇവിടെ താമസിക്കാന്‍ മറ്റു സൌകര്യങ്ങള്‍ ഒന്നും ഇല്ല എന്ന് അയാളില്‍ നിന്നും അറിഞ്ഞു. അവസാനം ചെറിയ അക്ഷരത്തില്‍ എഴ്തുതിയ ലോഡ്ജിന്റെ ബോര്‍ഡ് കണ്ടു പിടിച്ചു. പുറത്തു നിന്നും കണ്ടപ്പോള്‍ തന്നെ അവിടം താമസിക്കാന്‍ ഒട്ടും പറ്റിയതല്ല എന്ന് തോന്നി. വീണ്ടും അല്പ ദൂരം കൂടി യാത്ര തുടര്‍ന്നപ്പോള്‍ ‘Bellucks Guest House’ എന്ന ബോര്‍ഡു കണ്ടു. ഒരു അവസാന പരീക്ഷണം ആയി അവിടെ കയറി നോക്കാം എന്നും കരുതി വണ്ടി നിറുത്തി.
ആയിരത്തി എണ്ണൂരു രൂപയ്ക്കു അവിടെ രണ്ടു റൂമുകള്‍ എടുത്തു. നല്ല വൃത്തിയുള്ള മുറികളും ടോയ്ലെട്ടും ആയിരുന്നു അവിടെ. തമിഴ് അറിയാത്തതിനാല്‍ പല യാത്രകളിലും ആളുകളോട് മുറി ഭാഷയില്‍ ആണ് സംസാരിക്കാറുള്ളത് .എന്നാല്‍ ഗസ്റ്റ് ഹൗസിന്റെ ഉടമസ്ഥന് ബെല്ലക്സ് മനോഹരം ആയി ഇംഗ്ലീഷ് സംസാരിക്കുന്ന ആള് ആയതിനാല്‍ ഭാഷ ഒരു തടസ്സം ആയില്ല . മഞ്ഞൂരിലെ ഏക അംഗീകൃത ഗസ്റ്റ് ഹൌസ് ഇതാണ് എന്ന് അയാള്‍ പല തവണ സംസാരത്തിനിടയില്‍ പറഞ്ഞു കൊണ്ടിരുന്നു.
മഴ മാറി അല്പം വിശ്രമത്തിനു ശേഷം മഞ്ഞൂര് കാണാന്‍ ഇറങ്ങി. ഏ കദേശം മുപ്പതു കിലോമീറ്റര്‍ പോയിക്കഴിഞ്ഞാല്‍ അപ്പര്‍ ഭവാനിയിലെത്താം. അവിടത്തെ ഡാമും കാഴ്ചകളും സുന്ദരമാണെന്നു അറിയാമായിരുന്നു. കുറെ ദൂരം സഞ്ചരിച്ചു വന്നത് കൊണ്ടും, ഓടി നടന്നു കുറെ സ്ഥലങ്ങള്‍ കാണാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും അത് ഒഴിവാക്കി. ഏകദേശം ആറു കിലോമീറ്റര്‍ മാത്രം അകലത്തില്‍ മലയുടെ മുകളില്‍ ആണ്ടവരുടെ ഒരമ്പലം ഉണ്ടെന്ന ബെല്ലക്ക്സിന്റെ വാക്കുകളെ വഴികാട്ടിയാക്കി അവിടേക്ക് യാത്ര തിരിച്ചു.
മഞ്ഞൂരിലെ പ്രധാന തൊഴിലും കൃഷിയും എല്ലാം തേയില തന്നെ ആയിരുന്നു. എവിടെ നോക്കിയാലും കോട മഞ്ഞു പുതഞ്ഞ പച്ച വിരിച്ച തേയില തോട്ടങ്ങള്‍ മാത്രം. പലരോടും വഴി ചോദിച്ചു കുറെ ചെന്നപ്പോഴേക്കും കൊത്തു പണികള്‍ നിറഞ്ഞ അമ്പലത്തിന്റെ വലിയ ഗേറ്റ് കണ്ടു. അതും കടന്നു ചെന്നപ്പോഴേക്കും വീണ്ടും അതേ പോലെ ഒരെണ്ണം. പല തവണ ഗേറ്റുകള്‍ താണ്ടി ഒടുവില്‍ ഒരു വലിയ മലയുടെ ഏറ്റവും ഉച്ചിയില്‍ എത്തി.
അടുത്ത കാലത്ത് കണ്ട ഏറ്റവും സുന്ദരമായ ഒരു സ്ഥലം. ഒരു വലിയ മലയുടെ മുകളില്‍ ഒരു ചെറിയ അമ്പലം. അതിന്റെ അടുത്ത് ഒരു ആശ്രമം. അവിടെ നിന്നും നോക്കിയാല്‍ മഞ്ഞൂരിലെ എല്ലാ ഭാഗങ്ങളും 3 6 0 ഡിഗ്രിയില്‍ കാണാം. അവിടെ വരുന്നവര്‍ക്ക് പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി അമ്പലത്തിനടുത്തു ഒരു വാച്ച് ടവര്‍ പണിതിട്ടുണ്ടായിരുന്നു. അമ്പലത്തിനകത്ത് നിന്നും കേള്‍ക്കുന്ന ഭജനയും ശ്രവിച്ചു ആ വാച്ച് ടവറില്‍ മനുഷ്യനെ മയക്കുന്ന, ബ്രമിപ്പിക്കുന്ന മനോഹര കാഴ്ചകള്‍ കണ്ടു നിന്നു. സാമാന്യം ശക്തിയില്‍ വീശുന്ന തണുത്ത കാറ്റ് ചിലപ്പോള്‍ മാത്രം അസഹനീയമായി തോന്നി. പ്രകൃതിയും മനുഷ്യനും അടുത്തറിയുന്ന ചില ആ അപൂര്‍വനിമിഷങ്ങള്‍ തികച്ചും വിവരണാതീതമായിരുന്നു.
അമ്പലത്തിന്റെ അടുത്ത് കണ്ട ഒരു സ്വാമിജിയെ പരിചയപ്പെട്ടു. ഏകദേശം പത്തോളം പേര് അവിടെ താമസിച്ചു പ്രാര്‍ഥനയും മറ്റുമായി കഴിയുന്നുണ്ട് എന്ന് ആ സ്വാമിജിയില്‍ നിന്നും അറിഞ്ഞു. അവിടെ നിന്നും താഴേക്ക് ഒരു കിലോമീറ്റര്‍ ഇറങ്ങി ചെന്നാല്‍ ഒരു ഗുഹയുണ്ട് എന്നും മഴ പെയ്തു വഴുക്കിയ, ഈ ഇരുണ്ടു തുടങ്ങിയ കാലാവസ്ഥയില്‍ കുട്ടികളോടൊപ്പം അവിടെ പോകേണ്ട എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ രണ്ടു പേരും അവിടെ കണ്ട മറ്റു കുട്ടികളുമായി കളികള്‍ തുടങ്ങിയിരുന്നു. അവര്‍ക്ക് എവിടെ ചെന്നാലും ഭാഷയും പ്രായവും സ്ഥലവും ഒന്നും പ്രശ്നം ആകാറില്ല. സുരക്ഷിതമായ ഒരകലത്തില് അവരെ കളിയ്ക്കാന്‍ വിട്ടു നേരം ഇരുട്ടുന്നതു വരെ അവിടെ തന്നെ നിന്നു. മടങ്ങി പോരാന്‍ മനസ്സ് വന്നില്ല. ഒടുവില്‍ മഞ്ഞു നിറഞ്ഞു കാഴ്ച്ചയെ മറച്ചു തുടങ്ങിയപ്പോള്‍ അവിടം വിട്ടു.
മടങ്ങി വന്നു രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടല്‍ തപ്പി ഇറങ്ങി. പൂജ അവധി ദിവസം ആയതിനാല്‍ പല ഹോട്ടലുകളും തുറന്നിട്ടുണ്ടെങ്കിലും അവയില്‍ ഒന്നിലും കച്ചവടം ഇല്ല എന്ന് അപ്പോഴാണ് മനസ്സിലായത്.നാല് മണിക്ക് ചായ കുടിച്ച ഒരു ചെറിയ ഹോട്ടല്‍ മാത്രം തുറന്നിരിക്കുന്നു. അവിടെ കയറി. നേരത്തെ പറയാത്തതിനാല്‍ കഴിക്കാന്‍ ഒന്നും ഇല്ല എന്നും അല്പനേരം കാത്തിരുന്നാല്‍ എന്തെങ്കിലും ഉണ്ടാക്കി തരാം എന്ന് കടയുടമ മലയാളവും തമിഴും ചേര്‍ന്ന ഭാഷയില്‍ പറഞ്ഞു.
ഭക്ഷണത്തിനായുള്ള കാത്തിരിപ്പിനിടയില്‍ അറുപതിലേറെ പ്രായം തോന്നിക്കുന്ന കടയുടമയോട് പേരും വിവരങ്ങളും തിരക്കി. നാളെക്കുള്ള പച്ചക്കറികള്‍ അരിയുന്നതിന്റെ ഇടയില്‍ അയാള്‍ സ്വന്തം ജീവിതം പറഞ്ഞു തന്നു. മലയാളിയാണ്. കണ്ണൂര്‍ ആണ് സ്വദേശം.പേര് അബ്ദുള്ള. മഞ്ഞൂരില്‍ വന്നിട്ട് അമ്പതിലേറെ വര്‍ഷങ്ങള്‍ ആയി. ഭാര്യയും ഒരു മകനും ഉണ്ട്.മൂന്നു പേരും ചേര്‍ന്ന് ഹോട്ടലിന്റെ കാര്യങ്ങള്‍ എല്ലാം നോക്കും. മറ്റു പണിക്കാര് ആരും ഇല്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അതും കല്യാണമോ മരണമോ ഉണ്ടായാല്‍ മാത്രം നാട്ടില്‍ പോകും. ബാക്കി സമയം മുഴുവന്‍ ഈ ഹോട്ടലും കുടുംബവും ആയി ആ മലയില്‍ ആ തണുപ്പില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരാള്‍.
തണുത്ത വിറയ്ക്കുന്ന ആ കാലാവസ്ഥയില്‍ ചൂടുള്ള ചപ്പാത്തിയും രുചികരം ആയ തക്കാളിക്കറിയും കഴിക്കുന്നതിന്റെ ഇടയില്‍ അബ്ദുള്ളയെ അയാള്‍ അറിയാതെ പല തവണ നോക്കി. ഒരായുസ്സ് മുഴുവന്‍ ഈ മല മുകളില്‍ ജോലിചെയ്തിട്ടും ഒന്നും നേടിയിട്ടില്ലാത്ത വാര്‍ധക്യത്തിലും ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാള്‍. പരാതിയോ പരിഭവങ്ങളോ ഇല്ലാതെ മുഖത്ത് ചിരി മാത്രം ഒതുക്കി ജീവിക്കുന്ന ഇത്തരം ആളുകളെ പലയിടത്തും കാണാറുണ്ട്. അല്പ നേരം ചൂട് സഹിച്ചാല്‍ , മൊബൈലിന്റെ റേഞ്ച് പോയാല്‍, ഒരു നേരം ഫേസ് ബുക്കില്‍ കയറാന്‍ പറ്റാതിരുന്നാല്‍ പരാതിയും ബഹളങ്ങളും ഉണ്ടാക്കുന്ന ഞാനടക്കമുള്ള എല്ലാവരും ഇത്തരം മനുഷ്യരെ കണ്ടു പഠിക്കണം എന്ന് തോന്നി.
മഞ്ഞൂരില്‍ ടൂറിസ്റ്റുകള്‍ വളരെ കുറച്ചു മാത്രമേ വരാറുള്ളൂ എന്നും വന്നാല്‍ അവിടത്തെ കാഴ്ചകള്‍ എല്ലാം കണ്ടു അന്ന് തന്നെ മടങ്ങി പോകുകയാണ് പതിവും എന്നും അബ്ദുള്ളയില്‍ നിന്നും അറിഞ്ഞു. അടുത്ത വരവില്‍ കാണാം എന്നും പറഞ്ഞു അബ്ദുള്ളക്കു പണവും കൊടുത്തു നന്ദിയും ചൊല്ലി അവിടെ നിന്നും ഇറങ്ങി. പിന്നെ എല്ലാവരും ചേര്‍ന്ന് വെറുതെ ആ വഴികളിലൂടെ നടന്നു. തമിഴ് നാട്ടില്‍ സാധാരണ കാണുന്ന വൃത്തി വളരെ കുറവുള്ള റോഡുകള്‍ ആയതിനാല്‍ രാത്രിയിലെ യാത്ര വേഗം അവസാനിപ്പിച്ചു.
രാത്രി മുറിയില്‍ ഏറെ നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു. ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും വീണു കിട്ടുന്ന ഈ ദിവസ്സങ്ങളില്‍ ആണ് ശരിക്കും മനുഷ്യരോട് സംസാരിക്കുന്നത് . യാത്രകളെ ഇഷ്ടപ്പെടുന്ന ആളുകള്‍ ആയതിനാല്‍ സംസാരം കൂടുതല്‍ യാത്രകളെ കുറിച്ച് മാത്രം ആയിരുന്നു. അങ്ങിനെ ആ തണുപ്പില്‍ അറിയപ്പെടാത്ത ഒരു സ്ഥലത്ത് മറക്കാനാവാത്ത ഒരു ദിവസം കൂടി ജീവിതമെന്ന ഡയറിയില്‍ എഴ്തുതി ചേര്‍ത്തു.
പിറ്റേന്ന് രാവിലെ ഞങ്ങള്‍ മഞ്ഞൂരിനോട് വിട പറഞ്ഞു. ഇനി ഇവിടെ കാണാന്‍ ഉള്ളത് അപ്പര്‍ ഭവാനി ഡാം, പിന്നെ പെന്‍ സ്റ്റോക്ക് വ്യൂ എന്ന സ്ഥലങ്ങള്‍ ആണ്. അപ്പര്‍ ഭവാനിയിലേക്ക് മുപ്പതു കിലോമീറ്റര്‍ യാത്ര ചെയ്യണം,പെന്‍ സ്റ്റോക്ക് വ്യൂ ആണെങ്കില്‍ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയും ആണ്. ഇനിയും ഞങ്ങള്‍ അറിയാത്ത കുറെ നല്ല സ്ഥലങ്ങള്‍ ഇവിടെ ഉണ്ടാകും എന്നറിയാം. ഇത് ഒരു പരീക്ഷണ യാത്ര മാത്രം ആണ്. ഒരു പുതിയ സ്ഥലം പഠിക്കാന്‍, ആസ്വദിക്കാന്‍ വേണ്ടിയുള്ള ഒരു യാത്ര.ബാക്കി കാഴ്ചകള്‍ എല്ലാം മറ്റൊരു യാത്രയില്‍ കണ്ടു തീര്‍ക്കാം എന്നും കരുതി ഞങ്ങള്‍ മടങ്ങി…ഞങ്ങളുടെ ഈ യാത്രയില്‍ ഇനിയും കാഴ്ചകള്‍ ഒത്തിരി ബാക്കിയാണ്. മഞ്ഞൂരില്‍ നിന്നും ഊട്ടി അവിടെ നിന്നും മാസിനഗുടി വഴി നിലംബൂരിലൂടെ എറണാകുളത്തേക്ക് . ഒരു പാട് കാഴ്ചകള്‍ ഞങളെ കാത്തിരിക്കുന്നുണ്ട് .
മഞ്ഞൂരില്‍ നിന്നും കോട നിറഞ്ഞ വഴികളിലൂടെ തിരിച്ചിറങ്ങുമ്പോള്‍ വണ്ടി നിറുത്തിച്ചു ഭാര്യയും കുട്ടികളും റോഡരുകില്‍ നിറഞ്ഞു നിന്നിരുന്ന ഊട്ടി പൂവ് എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഒരിക്കലും വാടാത്ത, ഉണങ്ങാത്ത പൂവുകള്‍ കുറെ പറിച്ചെടുത്തു. മഞ്ഞൂരിന്റെ ഓര്‍മ്മക്കായി ആ മഞ്ഞപ്പൂവുകള്‍ കയ്യിലും ആ സുന്ദര കാഴ്ചകള്‍ മനസ്സിലും നിറച്ചു ഞങ്ങള്‍ മടങ്ങി. .