കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് “‘കൊടുങ്ങല്ലൂർ ഭരണി”‘ എന്നറിയപ്പെടുന്നത്. “ഭക്തിയുടെ രൗദ്രഭാവം” എന്നാണ് കൊടുങ്ങല്ലൂർ ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനത്തിലെ തിരുവോണം നക്ഷത്രം മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ പകൽ സമയം മുഴുവനും ക്ഷേത്രനട തുറന്നിരിക്കുന്നു. ഭരണിയോടനുബന്ധിച്ചു ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് ബ്രാഹ്മണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ദ്രാവിഡ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു.
അശ്വതി നാളിലെ കാവുതീണ്ടലിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നു. ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന്റെ പ്രതീകമായാണ് ഈ പാട്ട് പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. (സംഭവം എന്താണെന്നു എനിക്ക് ഒരു പിടിം കിട്ടീട്ടില്ല).
രേവതിക്ക് തലേദിവസം ഉതൃട്ടാതി നാൾ മുതൽ ക്ഷേത്രത്തിൽ വെളിച്ചപ്പാടന്മാർ കൂട്ടമായി എത്തിത്തുടങ്ങുന്നു. അവർ തങ്ങളുടെ “അവകാശത്തറകളിൽ” നിലയുറപ്പിക്കുകയും ചെയ്യുന്നു. പിറ്റേന്ന് സന്ധ്യക്ക് ഭഗവതി ദാരികനിൽ നേടിയ വിജയം അറിയിച്ചു കൊണ്ട് ക്ഷേത്രത്തിൽ “രേവതി വിളക്ക്” തെളിയുന്നു. ആയിരക്കണക്കിന് ഭക്തർ ആണ് രേവതി നാളിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. (മുകളിൽ പറഞ്ഞതൊക്കെ ഗൂഗിൾ നിന്ന് എടുത്തത്, ഇനി ഞാൻ കണ്ടത് പറയാം).
അമ്പലത്തിനു മുമ്പിൽ ഉള്ള വലിയ കുളത്തിൽ കുളിക്കാൻ സ്ത്രീകൾ അടക്കം ഉള്ളവരുടെ നല്ല തിരക്ക്. ഭക്തർക്ക് വിശ്രമിക്കാനായി പായ് കൊണ്ട് മേഞ്ഞ ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടു എവിടെ നോക്കിയാലും ചുവപ്പു മാത്രമാണ് കാണാനുള്ളത്. പിന്നെ മഞ്ഞൾ പൊടിയുടെ മഞ്ഞ നിറവും, ഉറഞ്ഞു തുള്ളികൊണ്ടു കോമരങ്ങൾ വാളും ചിലമ്പുമായി അമ്പലത്തിനു ചുറ്റും ഓടുന്നു. കൂടെയുള്ളവർ പാട് പാടുകയും 2 കോലുകൾ പരസ്പരം മുട്ടി താളം പിടിക്കുകയും ചെയ്യുന്നു. നോക്കീം കണ്ടും നിന്നില്ലെങ്കിൽ വാൾ തല ദേഹത്ത് കൊള്ളും.
മിക്ക കോമരങ്ങളും വാളുകൊണ്ട് നെറുകം തലയിൽ മുറിവുകൾ ഉണ്ടാക്കി ചോര മുഖം നിറയെ. ഒരു കോഴിയുടെ തല കടിച്ചു പിടിച്ചുകൊണ്ടു മറ്റൊരു കോമരം. വളരെ പ്രായമായ വല്യമ്മമ്മാർ വരെ ഉണ്ട്. ഭീതി പരത്തുന്ന അന്തരീക്ഷം. ചിലർ കോഴിയെ പറത്തി വിടുന്നു മറ്റു ചിലർ അതിനെ പിടിച്ചു കൊണ്ട് പോണു. അമ്പലത്തിനു മുമ്പിലെ വലിയ കൽ വിളക്കിനു മുകളിൽ നിന്നും ചെറുപഴം താഴെ നിക്കുന്നവർക്കു എറിഞ്ഞു കൊടുക്കുന്നു. അത് കയ്യിൽ ഒതുക്കാൻ വേണ്ടി പലരും തിരക്ക് കൂട്ടുന്നു. ഒരിടത്തു സംഭാരവും ചുക്ക് കാപ്പിയും സൗജന്യമായി നൽകുന്നു. ചിലർ കുപ്പിവെള്ളം ഫ്രീ ആയി കൊടുക്കുന്നു.
ഈ കാഴ്ചകളെല്ലാം അതിശയത്തോടുകൂടി നോക്കി കുട്ടികൾ അടക്കം ഉള്ള മറ്റു ചിലർ. വൈകുന്നേരം 3.30 ആയത്തോടുകൂടി ഒരു പരുന്തു ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടു പറന്നു. കാവ് തീണ്ടൽ തുടങ്ങുന്നത് ഈ പരുന്തു വന്നതിനു ശേഷമാണെന്ന് അവിടെ നിന്ന പ്രായമായ ഒരു അമ്മച്ചി പറഞ്ഞു തന്നു. പരുന്തിനെ കണ്ട പാടി പലയിടങ്ങളിൽ നിന്നായി കോമരങ്ങൾ അമ്പലത്തിനു ചുറ്റും ഓടാൻ തുടങ്ങി. അവരെക്കാളും ധൃതി പിടിച്ചു ഞങ്ങൾ ഫോട്ടോഗ്രാഫേഴ്‌സും തലങ്ങും വിലങ്ങും ഓടുന്നു നല്ലൊരു ഫ്രെയിം നോക്കി. മനഃപൂർവം തടസങ്ങൾ സൃഷ്ടിക്കാതെ ഞങ്ങളെ ജോലി ഞങ്ങളുടെ ജോലി ചെയ്യാൻ അവിടുള്ളവർ അനുവദിച്ചു.
കേരളത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ എത്തുന്നുണ്ടെങ്കിലും കൂടുതലും പാലക്കാടു
ഭാഗത്തു് നിന്നുള്ളവരൊക്കെയാണ് . പല വിദേശികളെയും കാണാൻ ഉണ്ടാരുന്നു . സാദാരണ എല്ലാ ഉത്സവത്തിന് ആനകളെ കാണാറുണ്ട്. പക്ഷെ ഇവിടെ ഒരാനയെ പോലും കണ്ടില്ല. കോമരങ്ങൾ കഴിഞ്ഞാൽ പിന്നെ കൂടുതൽ അവിടെ എത്തുന്നത് ഫോട്ടോഗ്രാഫേഴ്സ് ആണെന്ന് തോന്നും. അത്ര അധികം പേര് വരുന്നുണ്ട് നല്ല ചിത്രങ്ങൾ പകർത്താൻ. ഫോട്ടോഗ്രാഫി മത്സരവും നടക്കുന്നുണ്ട്. fb യിലൂടെ എനിക്ക് പരിചയം ഉള്ള പല ഫോട്ടോഗ്രാഫി സുഹൃത്തുക്കളെയും നേരിട്ട് കാണാനും സാധിച്ചു.
മുവാറ്റുപുഴയുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ സന്ദീപ് മാറാടി ആയിരുന്നു എനിക്ക് കൂട്ട്. അശ്വതി കാവുതീണ്ടൽ കാണാൻ പോകാൻ താത്പര്യമുണ്ടെന്ന് സന്ദീപ് നേരത്തെ എന്നോട് പറഞ്ഞിരുന്നു. 6 വർഷത്തോളം അവിടെ പോയ എക്സ്പീരിയൻസ് ഉണ്ട് സന്ദീപിന് .ഞാനാണെങ്കിൽ ആദ്യമായും. ഫോട്ടോഗ്രാഫിയിൽ സന്ദീപിൽ നിന്നും പലതും പഠിക്കാനും കഴിഞ്ഞു. വളരെ നല്ല കുറെ ചിത്രങ്ങൾ കക്ഷി എടുത്തിട്ടുമുണ്ട്.(സന്ദീപിന്റെ fb യിൽ കാണാം)ഈ കാമറ കയ്യിൽ കിട്ടിയതിനു ശേഷമാണു യാത്രകളോടുള്ള ഇഷ്ടവും കൂടിയത് . പോയി കൊതി തീരാതെ ഇനിയും.. (സഫറോം കി സിന്ദഗി ജോ കഭി നഹി ഘതം ഹോ ജാത്തി ഹൈ.)
വിവരണവും ചിത്രങ്ങളും – സുമോദ് ഓ.ജി.