കെ.എസ്.ആര്.ടി.സിയിലെ പാതിരാക്കുറുക്കന് അല്ലെങ്കില്‍ എം.എല്‍.എ. വണ്ടി എന്ന പേര് കഴിഞ്ഞ മുപ്പത്താറു വര്‍ഷമായി ഓടുന്ന തിരുവനന്തപുരം- പെങ്ങാമുക്ക് സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസിനു മാത്രം. തിരുവനന്തപുരത്ത് നിന്ന് വരുമ്പോള്‍ പെങ്ങാമുക്ക് എന്ന ബോര്‍ഡ് കാണുമ്പോള്‍ ഡ്രൈവറോടും കണ്ടക്ടറോടും പല യാത്രക്കാരുടെയും പ്രധാന ചോദ്യം ! ഈ മുക്ക് എവിടെയാ സാറെ ? ഇതു ഏതു വഴിയാ ?
തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് പെങ്ങാമുക്ക്. പെങ്ങാമുക്ക് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ബസ് കാത്തുനിന്നവര്‍ക്ക് കഴിഞ്ഞ മുപ്പതു വര്‍ഷക്കാലമായി നിരാശപ്പെടേണ്ടി വന്നിട്ടില്ല. സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നാലും പെങ്ങാമുക്ക് വണ്ടി മുടങ്ങില്ല. പെങ്ങാമുക്ക്-തിരുവനന്തപുരം കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് ആദ്യം ഓടിയത് 1982ലാണ്. അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി കെ.കെ. ബാലകൃഷ്ണന് പെങ്ങാമുക്കില്‍ നേരിട്ടെത്തിയാണ് കെ.എസ്.ആര്.ടി.സി. സര്‍വ്വീസ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ എം.എല്‍.എ.യും പെങ്ങാമുക്കുകാരുടെ പ്രിയങ്കരനായ കെ.എസ്. നാരായണന് നമ്പൂതിരിയുടെ പരിശ്രമത്തിന്റെ ഫലമായാണ് ബസ് സര്‍വീസ് പെങ്ങാമുക്കില്‍ നിന്ന് ആരംഭിച്ചത്. മുഖ്യമന്ത്രിയായ കെ. കരുണാകരനുമായുള്ള നമ്പൂതിരിയുടെ സൗഹൃദവും പെങ്ങാമുക്ക് വണ്ടിയുടെ വരവിന് കാരണമായി.

വെളുപ്പിന് 5.15 ന് പെങ്ങാമുക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിക്കുന്ന വണ്ടി രാത്രി പതിനൊന്നോടെ പെങ്ങാമുക്കില്‍ തിരിച്ചെത്തും. തൃശൂർ ജില്ലയുടെ വടക്കൻ മേഖലയായ കുന്നംകുളത്തിന്റെ സമീപ പ്രദേശമായ പഴഞ്ഞി, പെങ്ങാമുക്ക് എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ പേര് ഈ ബസ്സിനെ ആശ്രയിക്കുന്നു. രാത്രിമാത്രം നാട്ടിലെത്തുന്ന ഈ വണ്ടിയെ ‘പാതിരാക്കുറുക്കന്’ എന്നാണ് നാട്ടുകാര്‍ വിളിക്കുക. പെങ്ങാമുക്കുകാർ പകൽ വെളിച്ചത്തിൽ ഈ ബസ്സിനെ നേരിട്ടു കണ്ടിട്ടില്ല എന്നതാണ് മറ്റൊരു വാസ്തവം. മുന്‍ എംഎല്‍എ കെ.എസ്. നാരായണന് നമ്പൂതിരിയോടുള്ള ബഹുമാനസൂചകമായി എം.എല്‍.എ. വണ്ടിയെന്നും ബസ്സിനെ നാട്ടുകാര്‍ വിളിക്കുന്നു
കെ.എസ്.ആര്.ടി.സി.യിലെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വീസുകളില്‍ ഒന്നാണിത്. കെ.എസ്.ആര്.ടി.സി.ക്കും ലാഭകരമായ സര്‍വിസുകളിൽ ഒന്ന്..! തുടങ്ങിയപ്പോൾ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ആയിരുന്നെങ്കിലും ഇന്ന് ഇത് സൂപ്പർ ഫാസ്റ്റ് ആയിട്ടാണ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ് ഈ സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം – പെങ്ങാമുക്ക് സൂപ്പർ ഫാസ്റ്റ് ബസ് സർവ്വീസിൻറെ സമയവിവരങ്ങൾ അറിയുവാനായി – CLICK HERE.
കടപ്പാട് – ലിജോ ചീരന്‍ ജോസ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog