ജീപ്പ് എന്നു കേൾക്കാത്ത മലയാളി ഉണ്ടാകില്ല. ഹൈറേഞ്ചുകാരുടെ സ്വന്തം വാഹനമായ ജീപ്പിനു കേരളത്തിലെല്ലായിടത്തും ഒരു ഹീറോ പരിവേഷം തന്നെയാണ്. ജീപ്പ് ആരാധകർ ഏറ്റവും കൂടുതലുള്ളത് ഇടുക്കി, കോട്ടയം ജില്ലകളിലാണെന്നു പറയാം. ഇവർ പ്രത്യേകം ട്രാക്കുകളിൽ ഓഫ് റോഡ് മത്സരങ്ങൾ വരെ സംഘടിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയം തന്നെ.
ചെളിയായാലും കുണ്ടും കുഴിയായാലും മലയും കുന്നുമായാലും ഒരു 4×4 ജീപ്പ് അനായാസം അതുവഴി കടക്കും. ജീപ്പേഴ്സ് മിക്കവരും
ജീപ്പുകൾ മികച്ച രീതിയിൽ മോഡിഫൈ ചെയ്ത് ഇറക്കാറുണ്ട്. അപകടരഹിതമായ മോഡിഫിക്കേഷനുകളാണ് ഇവർ ചെയ്യാറുള്ളതും. എന്നിരുന്നാലും മോട്ടോർ വാഹനവകുപ്പും പോലീസുമൊക്കെ ഇതിനു പിഴയീടാക്കുകയും ചിലപ്പോൾ ആക്സസറീസ് നീക്കം ചെയ്യിക്കുകയുമൊക്കെ ചെയ്യാറുണ്ട്.
എന്നാൽ 2018 ആഗസ്റ്റ് മാസം പ്രളയം വന്നപ്പോൾ ഇത്തരം മോഡിഫൈഡ് വാഹനങ്ങളുടെ സഹായം വളരെ എടുത്തു പറയേണ്ട ഒന്നായിരുന്നു. എല്ലാവരും ഇവരെയെല്ലാം നന്നായി പുകഴ്ത്തുകയും നന്ദി പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തതുമാണ്. എന്നാൽ അതെല്ലാം എല്ലാവരും മറന്നപ്പോൾ വീണ്ടും ഇവർ ചെയ്യുന്ന മോഡിഫിക്കേഷൻ തെറ്റാണ്, അപകടങ്ങൾക്ക് കാരണമാകും എന്നൊക്കെ വിലയിരുത്തുവാൻ തുടങ്ങി. ഈ സംഭവത്തിൽ മുഖ്യമന്ത്രിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ജീപ്പേഴ്സിനു വേണ്ടി Kerala Adventure Sports Club അംഗമായ Tisson Tharappel ഒരു കത്തെഴുതുകയുണ്ടായി. ആ കത്ത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കത്ത് ഇങ്ങനെ…
“ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ന് ഒരു തുറന്ന കത്ത് – ഞങ്ങൾ കേരളത്തിലെ “So called” modified വാഹനങ്ങളുടെ ഉടമകൾ ആണ്. 2018 ലെ പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും ഞങ്ങളുടെ വാഹനങ്ങൾ ചെറുതെങ്കിലും ഒരു പങ്ക് വഹിച്ചു. അന്ന് ഞങ്ങളുടെ വാഹനങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഞങ്ങൾ സ്വമനസ്സാലെ ഇറങ്ങുകയും, വിജയകരമായി അത് പൂർത്തീകരിക്കുകയും ചെയ്തു.
അന്ന് ഈ സേവനങ്ങളെ വാനോളം പുകഴ്ത്തിയവർ ഇന്ന് ഞങ്ങളെ തള്ളി പറയുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്. അന്ന് ഉപയോഗിച്ച വാഹനങ്ങൾ modification ചെയ്തതാണെന്നും അപകടങ്ങൾ വരുത്തുന്നതിൽ മുഖ്യ പങ്ക് ഞങ്ങളുടെ വാഹനങ്ങൾക്ക് ആണെന്നും ആണ് പുതിയ വിലയിരുത്തൽ. ആകെയുള്ള അപകടങ്ങളുടെ എണ്ണത്തിൽ എത്ര ശതമാനം ഞങ്ങളുടേത് പോലെയുള്ള 4×4 വാഹനങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് അങ്ങേയ്ക്ക് ഒന്ന് പരിശോധിച്ചാൽ മനസ്സിലാവും.
ഞങ്ങളുടെ എല്ലാ വാഹനങ്ങളും നാം നേരിട്ട പ്രളയം പോലെയുള്ള അത്യാഹിത സന്ദർഭങ്ങൾ നേരിടാൻ സജ്ജമാണ്. ഈ സജ്ജീകരണങ്ങൾ സർക്കാർ ആവശ്യപ്പെടുന്ന മുറക്ക് നൽകി സഹകരിക്കാൻ ഞങ്ങൾ സദാ തയ്യാറുമാണ്. 2017- ഇൽ പമ്പയിൽ വെള്ളപ്പൊക്കം ഉണ്ടായി ശബരിമല ഒറ്റപ്പെട്ട സാഹചര്യത്തിലും ഞങ്ങൾ സഹകരണം ഒൗദ്യോഗികമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. പല ക്ലബുകളിൽ ആയിട്ട് ഒരുപാട് വാഹനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് സജ്ജമാണ്. ഇത് ഒരുമിപ്പിച്ച് കൊണ്ടുപോയാൽ ഒരുപാട് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.
ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 4×4 വാഹനങ്ങൾ modification നിരോധനത്തിൽപെടുത്തി പിഴ ചുമത്തി കേസെടുക്കാതെ ഒരു ഇളവ് തരണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ ഒരു വാഹനങ്ങളും അശാസ്ത്രീയമായി രൂപമാറ്റംവരുത്തി അപകടങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. നിലവിലുള്ള വിലക്കുകളുടെ സത്ത വീണ്ടും ശാസ്ത്രീയമായി പഠനവിധേയമാക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു. കാലഹരണപ്പെട്ട വ്യവസ്ഥകൾ തിരുത്തുവാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഈ പ്രളയകാലത്ത് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ജീപ്പ് ഉടമകൾ ലാഭവും നഷ്ടവും നോക്കാതെ വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു എന്നത് പലരും സൗകര്യപൂർവം മറക്കുന്നത് വേദനാജനകമാണ്. അന്ന് എൻജിൻ തകരാറിൽ ആയവരും, വാഹനം മുഴുവനായി തകരാറിൽ ആയവരുമൊക്കെ ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. 4×4 വിഭാഗത്തിൽ പെട്ട ഈ വാഹനങ്ങൾക്ക് തുടർന്നും ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് നിസ്സംശയം പറയാം. മാത്രമല്ല ഈ modifications എല്ലാം വികസിത രാജ്യങ്ങളിൽ നിയമ വിധേയമാണ്.
നിരത്തിൽ അപകടകരമായി ഈ വാഹനങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുമുണ്ട്. അത് അങ്ങേയറ്റം ആത്മാർഥമായി ചെയ്യുമെന്ന് അങ്ങേക്ക് ഉറപ്പ് തരുന്നു. modification എന്ന് പറഞ്ഞ് പിഴ ചുമത്തുന്നത് ഞങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന recovery ഉപകരണങ്ങളെ ആണ്. കഴിഞ്ഞ പ്രളയ സമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് കേരള ദർശന വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദരിക്കൽ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് സാർ ഞങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. അങ്ങയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർവം ഒരു പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയോടെ… Jeepers നു വേണ്ടി Tisson Tharappel, Kerala Adventure Sports Club.”