കടപ്പാട് – തോമസ് ചാലമനമേൽ (ചരിത്രാന്വേഷികൾ ഗ്രൂപ്പ്), വിവിധ മാധ്യമങ്ങൾ.
151 ദിവസങ്ങള്‍കൊണ്ട് 23,000 നോട്ടിക്കല്‍ മൈല്‍ ഒറ്റയ്ക്ക് യാത്രചെയ്ത് കടലിനെയും തിരമാലകളെയും കീഴടക്കിയ ഒരു മഹായജ്ഞം. അതൊരു സമ്മാനത്തിനായുള്ള മത്സരയോട്ടമായിരുന്നില്ല, ലോകത്തിന് വിലയേറിയ ചില പാഠങ്ങള്‍ സമ്മാനിച്ച മഹത്തായ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ ആ വലിയ കടല്‍യാത്രയുടെ ഉത്തരവാദിത്വം ചങ്കൂറ്റത്തോടെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത് ഒരു എറണാകുളം സ്വദേശിയായിരുന്നു, ഇന്ത്യന്‍ നേവിയില്‍നിന്നു വിരമിച്ച, ലെഫ്റ്റനന്റ് കമാന്‍ഡര്‍ വള്ളിയറ ചാക്കോ ടോമിയുടെയും, വത്സമ്മ ടോമിയുടെയും മകനായ കമാന്‍ഡര്‍ അഭിലാഷ് ടോമി. പായ്വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ ആദ്യത്തെ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറായ അഭിലാഷ് ടോമി.
ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ സ്വയംപര്യാപ്തതയെ ഉയര്‍ത്തിക്കാണിക്കുന്നതിനും, ഭാരത യുവത്വത്തിന്റെ ലക്ഷ്യപ്രാപ്തിയെ ഉദ്ഘോഷിക്കുന്നതിനും ഇന്ത്യന്‍ നാവികസേന രൂപീകരിച്ച പദ്ധതിയാണ് ‘സാഗര്‍ പരിക്രമ’. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ‘INS മാതേയ്’ എന്ന ചെറിയ പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ഒരാള്‍ ലോകം ചുറ്റുക എന്ന സാഹസിക ഉദ്യമമായിരുന്നു അത്. 23,000 നോട്ടിക്കല്‍ മൈല്‍ ദൂരം ഏറെ അപകട സാധ്യതയുള്ള കടലിടുക്കുകളും കലുഷിതമായ അന്തരീക്ഷങ്ങളും അതിജീവിച്ച് നൂറ്റമ്പത് ദിവസങ്ങള്‍കൊണ്ട് തിരികെയെത്തുക എന്ന ദൗത്യം ഏറെ ശ്രമകരം തന്നെയായിരുന്നു. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്.
സാഗര്‍ പരിക്രമ 2 എന്ന തന്റെ യാത്രയെക്കുറിച്ചു അഭിലാഷ് ടോമി പറയുന്നത് കേൾക്കൂ…
“1999-ൽ ഒരു മാസികയിൽ പായ്ക്കപ്പലിൽ തനിയെ ലോകം ചുറ്റിവരുന്ന ഒരു യാത്രയെക്കുറിച്ചു വായിച്ചിരുന്നു.. അന്നാണ്, ഈ തോന്നൽ എന്റെ മനസ്സില്‍ ഉടലെടുക്കുന്നത്…ഒരവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഒന്ന് തനിയെ പോയി വരാന്‍ വളരെ ആഗ്രഹിച്ചു…ഭാഗ്യത്തിന്, 2009-ൽ കമാണ്ടർ ദോണ്ടേ ഇങ്ങനെയൊരു യാത്രയ്ക്ക് പദ്ധതിയിടുമ്പോൾ അതിനു സഹായിയായി ഞാനും കൂടി..സാഗർ പരിക്രമ 1 എന്ന് പേരിട്ട ആ യാത്രയ്ക്ക് കമാണ്ടർ ദോണ്ടേയോടൊപ്പം ചേരാൻ നേവി എനിക്ക് അനുമതിയും തന്നു…ആ യാത്രയിൽ ഞങ്ങൾ നാലിടങ്ങളിലാണ് നങ്കൂരമിട്ടത്…എന്നാൽ, അതിൽനിന്നു വ്യത്യസ്തമായി, അന്താരാഷ്ട്ര നിബന്ധനകളോടെയുള്ള സാഗർ പരിക്രമ 2 എന്ന പദ്ധതി നേവി പ്രഖ്യാപിച്ചപ്പോൾ അതിനു തിരഞ്ഞെടുത്തത് എന്നെയായിരുന്നു…ആറുമാസം നീളുന്ന യാത്രയാണ് ….മറ്റൊന്നും ആലോചിക്കാതെ, ഞാൻ സമ്മതം മൂളി. പക്ഷെ, കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്, അവർ ഉദ്ദേശിക്കുന്നത്, ഏകനായി, പരസഹായമില്ലാതെ, എവിടെയും നിറുത്താതെ ഏഴു കടലും കടന്ന് ഭൂമിയെച്ചുറ്റി വരിക എന്നതായിരുന്നു എന്ന്….ഇതിനെക്കുറിച്ച് ഞാൻ വീണ്ടും കാര്യങ്ങൾ തിരക്കിയപ്പോൾ വിസ്മയകരമായ കാര്യങ്ങളാണ് ഞാൻ അറിഞ്ഞത്…അന്നുവരേയ്ക്കും ചരിത്രത്തിൽ ഏതാണ്ട് 78 പേർ മാത്രമേ ഭൂമിയെച്ചുറ്റി വരാനുള്ള 23,000 നോട്ടിക്കൽ മൈൽ യാത്ര എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചിട്ടുള്ളൂ…അന്താരാഷ്ട്രീയമായി നിഷ്കര്‍ഷിച്ചിട്ടുള്ള പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ…സാങ്കേതികപരമോ, മറ്റെന്തെങ്കിലുമോ പ്രശ്നങ്ങൾ ഉണ്ടായാൽ നാവികന് തന്നെ അത് പരിഹരിക്കണം…ഗതിനിയന്ത്രണം, ഇലക്ട്രോണിക്സ്, പായ്ക്കപ്പലിന്റെ അറ്റകുറ്റപ്പണി എല്ലാം തനിയെ ചെയ്യണം…കൊണ്ടുപോകുന്ന വെള്ളവും ഭക്ഷണവും മാത്രമേ ഉപയോഗിക്കാവൂ…ആരുടെകയ്യിൽ നിന്നും ഭക്ഷണമോ, വെള്ളമോ വാങ്ങാനാവില്ല…കമാണ്ടർ ദോണ്ടേയോടൊപ്പം സാഗര്‍ പരിക്രമ 1 യാത്രയിൽ നേരിട്ട പ്രശ്നങ്ങളെല്ലാം ഞങ്ങൾ വിശകലനം ചെയ്തു…അതൊന്നും ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുത്തു…
2012 നവംബർ 1-ന് മുംബയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ഉച്ചയ്ക്ക് 12:31-ന് വെസ്റ്റേൺ നേവൽ കമാണ്ടർ, ശേഖർ സിൻഹയാണ് സാഗർ പരിക്രമ 2 എന്ന സാഹസീക യാത്രയ്ക്ക് എന്നെ യാത്രയാക്കിയത്…..വെറും 17 മീറ്റര്‍ മാത്രം നീളവും 5 മീറ്റര്‍ വീതിയുമുള്ള, ഗോവയിലെ രത്നാകർ ദണ്ഡേക്കറുടെ കമ്പനി നിർമ്മിച്ച മാദേയി എന്ന കൊച്ചു പായ്ക്കപ്പലിലായിരുന്നു എന്റെ യാത്ര..തീരത്ത് നിന്ന് പുറപ്പെടാനും, തീരത്തോട് അടുപ്പിക്കാനും മാദേയിയിൽ Volvo Penta 130 എഞ്ചിന് ഉണ്ടായിരുന്നു, യാത്രയില്‍ എനിക്ക് ഇത് ഉപയോഗിക്കാമായിരുന്നു, പക്ഷെ, ഒരിക്കലും ഞാൻ ഇത് ഉപയോഗിച്ചില്ല…ജനറേറ്റർ, വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം, പാചകത്തിനുവേണ്ട കാര്യങ്ങൾ എല്ലാം മാദേയിൽ ഉണ്ടായിരുന്നു….മാദേയിയെ എനിക്ക് പൂര്‍ണ്ണമായി അറിയാമായിരുന്നു…ഭീമാകാരമായ സമുദ്രമധ്യത്തിലെ എന്റെ തുരുത്തായിരുന്നു അവള്…എന്റെ ഉപജീവനത്തിന് അത്യാവശ്യം വേണ്ടത് മാത്രമേ യാത്രയിൽ ഞാന്‍ എടുത്തുള്ളൂ..മുംബൈയിൽ നിന്ന് യാത്ര തുടങ്ങി, ലോകത്തിലെ ഏറ്റം അപകടം നിറഞ്ഞ ഓസ്ട്രേലിയൻ വൻകരയോട് ചേർന്നുള്ള കേപ്പ് ലൂവിൻ, തെക്കേ അമേരിക്കയുടെ കേപ്പ് ഹോൺ, ദക്ഷിണാഫ്രിക്കയോട് ചേർന്നുള്ള കേപ്പ് ഗുഡ്ഹോപ്പ് എന്നീ കടലിടുക്കുകള്‍ ചുറ്റി മുംബൈയിൽ തിരിച്ചത്തുക…
ഞങ്ങൾ യാത്ര തുടങ്ങി…പ്രക്ഷുബ്ധമായ കടൽ, മൂടിക്കെട്ടിയ ആകാശം..മൂന്ന് മീറ്റർ ഉയരമുള്ള തിരമാലകൾക്കിടയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്. ഞാൻ ഡെക്കിൽ നിന്ന് മുകളിലേക്കു നോക്കി ….ഏഴുനില കെട്ടിടത്തിന്റെ അത്രയും ഉയർന്നു നിൽക്കുന്ന പായ്ക്കൊടി മരം..കാറ്റും, അലകളും, സൂര്യനും ഞങ്ങളെ വഴികാണിക്കാൻ കൂട്ടിന്…സൂര്യൻ എപ്പോഴും സന്തോഷത്തോടെ കൂടെ നിന്നു…കാറ്റ് ഇടയ്ക്കിടെ ഞങ്ങളെ പരീക്ഷിച്ചുകൊണ്ടിരുന്നു…അലകൾ ചിലപ്പോൾ ക്രോധാവേശം പൂണ്ടു…ചിലപ്പോൾ ഞങ്ങളോടൊപ്പം ചങ്ങാത്തം കൂടി…മറ്റുചിലപ്പോൾ ഞങ്ങളോടൊപ്പം ഉറങ്ങി…അതിസാഹസീകതയുടെ നാളുകളായിരുന്നു അത്..അത്യപകടത്തിന്റെയും…ചില രാത്രികൾ ജീവിതത്തിലെ ഏറ്റം പ്രക്ഷുബ്ധങ്ങളായ രാത്രികളായിരുന്നു, …ചില രാത്രികളിൽ ഞങ്ങൾ പ്രശാന്തതയുടെ അപാരതീരങ്ങളിലായിരുന്നു……ജീവിതത്തിലെ ഏറ്റം തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു ചിലത്……ചില ദിവസങ്ങൾ ഏറ്റം അലസതയുടേതും…കടലിൽ നിന്നും, ആകാശത്തുനിന്നും ദിനംതോറും പുതിയ കൂട്ടുകാർ ഞങ്ങളെ തേടിയെത്തി…ചിലർ ദിവസങ്ങളോളം ഞങ്ങളോടൊത്ത് കഴിഞ്ഞു…ചിലർ ഞങ്ങൾക്ക് വഴികാട്ടികളായിരുന്നു…ഒന്നും തിരികെ പ്രതീക്ഷിക്കാതെ ചിലർ അവരുടെ ജീവിതയാത്രയുടെ പൊരുൾ ഞങ്ങൾക്ക് പറഞ്ഞുതന്നു…
യാത്ര തുടങ്ങി ഏറെക്കഴിയും മുമ്പേ ഭൂമധ്യരേഖ മറികടന്നു..ഒരിക്കലും മറക്കാനാകത്തത് പസഫിക്കിന്റെ വിരിമാരിലൂടെയുള്ള യാത്രയാണ്…പസഫിക്കിന്റെ ഏകാന്തത അനുഭവിച്ചുതന്നെ അറിയണം…ഭൂമിയുടെ കരഭാഗമെല്ലാം എടുത്തു പസഫിക്കിന്റെ മധ്യത്തിൽ ചേർത്തുവച്ചാലും പിന്നെയും നിങ്ങൾക്ക് ചുറ്റും കടലുണ്ടാകും….അത്ര വലുതാണ് പസഫിക് സമുദ്രം… നിങ്ങള്‍ പസഫിക്കിന്റെ നടുക്കാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നിലുള്ള കരയിലേക്ക് നാലായിരം കിലോമീറ്റര്‍ ദൂരമുണ്ടാകും. നിങ്ങള്‍ക്ക് പുറകിലുള്ള കരയിലേക്കും നാലായിരം കിലോമീറ്റര്‍ ദൂരമുണ്ടാകും. ചുവട്ടിലെക്കാനെങ്കില് നാലായിരം മീറ്റര്‍ ആഴമുണ്ടാകും. ഇവിടെവച്ച് എന്തെങ്കിലും സംഭവിച്ചാല്‍ ചുരുങ്ങിയത് പതിനഞ്ചു ദിവസങ്ങള്‍ എടുക്കും എന്തെങ്കിലും ഒരു സഹായം കിട്ടാൻ…മുംബൈയിൽ നിന്ന് പുറപ്പെട്ട് 86-മത്തെ ദിവസമാണ് ഞാൻ മറ്റൊരു കര കാണുന്നത്…കേപ്പ് ഹോൺ…87-മത്തെ ദിവസമാണ് മറ്റൊരു പായ്ക്കപ്പലിന്റെ കൊടിമരം എനിക്ക് കാണാനായത്…ആരാണെന്നറിയാൻ ഒരു ആകാംക്ഷ…ഞാനെന്റെ VHS സെറ്റ് എടുത്തു…ഒന്നോർത്തുനോക്കൂ…87 ദിവസം ആരോടും സംസാരിക്കാതെയുള്ള യാത്ര…VHS സെറ്റിലൂടെ മറ്റേ പായ് വഞ്ചിയിൽ നിന്ന് എനിക്ക് കേൾക്കാനായത് ഒരു സ്ത്രീയുടെ ശബ്ദമാണ്…അവരോടു ഞാൻ ഏതാണ്ട് പത്തു മിനിറ്റ് സംസാരിച്ചു….മൂന്ന് മാസത്തെ നിശബ്ദതയ്ക്കു ശേഷം നുണ പറയേണ്ടത് എങ്ങനെയെന്ന് ഞാൻ മറന്നുപോയി…മറ്റുള്ളവർ എന്നെക്കുറിച്ചു എന്തുപറയും എന്നുള്ള ആകാക്ഷയും എനിക്ക് ഇല്ലാതെയായി…
യാത്ര തുടർന്നുകൊണ്ടേയിരുന്നു…അറ്റ്ലാന്റിക് കടന്നു…ഗുഡ്ഹോപ് മുനമ്പ് ചുറ്റി…കപ്പലുകളുടെ ശവപ്പറമ്പ് എന്നാണ് ഗുഡ്ഹോപ് മുനമ്പ് അറിയപ്പെടുന്നത്….മഡഗാസ്കറിൽ ഒരു ചുഴലിക്കാറ്റിൽപ്പെട്ടു..യാത്ര പിന്നെയും തുടർന്നു, മൗറീഷ്യസിലേക്ക്..അതിലൂടെ കടന്നുപോകുമ്പോഴാണ് യാത്ര തുടങ്ങിയിട്ട് ആദ്യമായി ഒരു കപ്പൽ ഞാൻ കാണുന്നത്…അവിടെവച്ചു അവരുമായി രസകരമായ ഒരു സംഭാഷണം ഉണ്ടായി…ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് അവർക്കറിയണം..അവർ ചോദിച്ചു…നിങ്ങൾ വടക്കോട്ടാണല്ലോ പോകുന്നത്…എങ്ങോട്ടു പോകുന്നു…ഞാൻ പറഞ്ഞു…മുംബൈ…ഓ…അപ്പൊ എവിടെന്നാണ് വരുന്നത്…? ഞാൻ പറഞ്ഞു, മുംബൈ…അയാൾ പറഞ്ഞു…അല്ല നിങ്ങൾ എവിടെന്നു വരുന്നു എന്നാണ് ഞാൻ ചോദിച്ചത്…ഞാൻ പറഞ്ഞു…മുംബൈ…ശരി…നിങ്ങൾ മുംബൈയിൽ നിന്ന് വരുന്നു…എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്…? ഞാൻ പറഞ്ഞു..മുംബൈ…ഇതുകേട്ടിട്ടു അയാൾക്ക് വട്ടായെന്നു തോന്നുന്നു…പിന്നെ അയാളോട് ഞാൻ കഥ മുഴുവൻ പറഞ്ഞു…120 ദിവസങ്ങളായി ഏകനായി ഞാൻ ഈ യാത്ര തുടങ്ങിയിട്ട്…ആരെയും കാണാനോ, കേൾക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല…എഴുപതു നോട്ടിക്കൽ മൈൽ വേഗതയുള്ള കാറ്റിലൂടെയും, പത്തു മീറ്റർ ഉയരമുള്ള തിരമാലകൾക്കിടയിലൂടെയുമാണ് ഞാൻ കടന്നുവന്നത്…ഇതെല്ലം കേട്ടുകഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു…ഏകനായിരുന്നെങ്കിൽ ഞാനും ഇതുപോലൊരു യാത്ര നടത്തിയേനെ…!!!
ന്യൂസിലൻഡ് കടന്നുപോകുമ്പോൾ മാദേയിയിലെ വെള്ളശുദ്ധീകരണ സംവിധാനം കേടായി…തുടർന്ന്, 50 ദിവസത്തോളം എനിക്ക് കുളിക്കാൻ പറ്റിയില്ല. കേപ്പ് ഹോൺ നാവികരുടെ എവറസ്റ്റ് എന്നാണ് അറിയപ്പെടുന്നത്……നൂറ് അടിവരെ ഉയരുന്ന തിരമാലകളാണ് ഇവിടെ ഉണ്ടാവുക…അറുപതു നോട്ടിക്കൽ മൈൽ വരെ വേഗതയുള്ള കാറ്റും ഉണ്ടാകാം…എന്നാൽ, ഞാൻ കടന്നുപോകുമ്പോഴുള്ള കാറ്റ് 70 നോട്ടിക്കൽ മൈൽ വേഗത്തിലായിരുന്നു…നീലം ചുഴലിക്കാറ്റിന്റെ രണ്ടു മടങ്ങ് വേഗം….നൂറടി വരെ തിരകൾ ഉയർന്നു…മാദേയി മൂന്ന് നാലു വട്ടം നിയന്ത്രണം വിട്ടു…പായകളിലൊന്ന് കീറി…കാറ്റു പിടിച്ചു പായ്മരം വല്ലാതെ ഉലഞ്ഞു…നിവൃത്തിയില്ലാതെ ഞാൻ പായ അഴിച്ചുവിട്ടു..ഒരു കൂറ്റൻ പതാകപോലെ പറന്ന് ഒടുവിൽ അത് കീറിപ്പോയി..പക്ഷെ, പായ്മരത്തിന് ഒരു കുഴപ്പവും വന്നില്ല…കീറിപ്പോയ പായ മാറ്റി പുതിയ പായ കെട്ടാൻ 13 ദിവസങ്ങൾ വേണ്ടിവന്നു…പായ ശരിയാക്കി ഇനി കുഴപ്പമില്ലാതെ പോകാമല്ലോ എന്ന് കരുതുമ്പോഴാണ്, വളരെ ഗുരുതരമായ ഒരു പ്രശ്നം ഞാൻ കണ്ടെത്തിയത്…
600 ലിറ്റർ വെള്ളമാണ് യാത്ര തുടങ്ങുമ്പോൾ ടാങ്കില്‍ ഉണ്ടായിരുന്നത്…അതിൽ നിന്ന് ദിവസം ഒന്നോ രണ്ടോ ലിറ്റർ വെള്ളം മാത്രമേ എടുത്തിരുന്നുള്ളൂ….വെള്ളം നിറച്ച ടാങ്കിലേക്ക് ഡീസൽ ചോർന്നിരിക്കുന്നു…വെള്ളം മുഴുവൻ ഉപയോഗശൂന്യമായി..വെള്ളം ശുദ്ധീരിക്കുന്ന സംവിധാനം നേരത്തെ കേടായി…ഇപ്പോൾ ഉള്ള വെള്ളത്തിൽ ഡീസലും കലർന്നു…പിന്നെ മാദേയിയിൽ ഉണ്ടായിരുന്ന കുപ്പിവെള്ളമായിരുന്നു ഏക ആശ്രയം…ചില കുപ്പികളിലും ഡീസൽ കലർന്നിട്ടുണ്ട്…യാത്ര ഇനിയും 15 ദിവസം കൂടി ബാക്കിയുണ്ട്….നല്ല വെള്ളം ആകെയുള്ളത് 15 കുപ്പികൾ മാത്രം…പിന്നെ ഏക ആശ്രയം കടൽവെള്ളമാണ്…എല്ലാത്തിനും പിന്നെ കടൽവെള്ളം ഉപയോഗിക്കാൻ തുടങ്ങി…അരി കഴുകാനും, പല്ലു തേയ്ക്കാനും, പരിപ്പ് വേവിക്കാനുമെല്ലാം കടൽ വെള്ളം തന്നെ ആശ്രയം…പതിനഞ്ചു ലിറ്റർ നല്ല വെള്ളത്തിൽ നിന്ന് ഒരു ലിറ്റർ വീതമാണ് ഒരു ദിവസം ഞാൻ ഉപയോഗിച്ചത്…ഭാഗ്യത്തിന് ഇടയ്ക്കൊരു നല്ല മഴ പെയ്തു…അതിൽനിന്ന് എനിക്ക് 15 ലിറ്റർ വെള്ളം കിട്ടി…മാർച്ച് 31-നു മുംബൈയിൽ തിരിച്ചെത്തുമ്പോൾ എന്റെ പക്കൽ രണ്ടു ലിറ്റർ നല്ല വെള്ളം ബാക്കിയുണ്ടായിരുന്നു…
കടലിലെ പ്രതിസന്ധികളെക്കാൾ ഭയാനകം, ആരെയും കാണാതെ, ഉരിയാടാതെ ഇത്ര ദിവസം കഴിയുക എന്നതാണ്…ഇതിനുമുമ്പ് ഈ യാത്രയ്ക്ക് ശ്രമിച്ച ചിലരെ യാത്ര പൂർത്തിയാക്കിയപ്പോൾ നേരെ മാനസീകരോഗാശുപത്രിയിലേക്കാണ് കൊണ്ടുപോയത്…എന്നാൽ, ഞാൻ പറയട്ടെ, ഈ യാത്രയിൽ ഒരിക്കലും മാനസീക സംഘർഷങ്ങൾ എന്നെ അലട്ടിയില്ല…ദിവസങ്ങൾ ഉറങ്ങാതെ, നാലുപേർ ചെയ്യുന്ന ജോലിയെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്ന ദിവസങ്ങളുണ്ട്…പക്ഷെ, ഞാൻ എന്നെത്തന്നെ മനസ്സിലാക്കിയ കാലം മുതൽ സ്വതന്ത്രനായി ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. ഏകാന്തതയെ ഇഷ്ടപ്പെടാത്തവന് സ്വാതന്ത്യം ആഘോഷിക്കാനാവില്ലെന്ന് എനിക്കറിയാമായിരുന്നു…
151 ദിനരാത്രങ്ങൾ…അക്ഷാംശ, രേഖാംശങ്ങളെ മറികടന്നുകൊണ്ട് ഒറ്റയ്ക്കൊരു സാഹസീക യാത്ര….യാതൊരു കീർത്തിമുദ്രയ്ക്കും വേണ്ടിയുള്ള യാത്രയായിരുന്നില്ല അത്…ലോകത്തിന് ചില അമൂല്യങ്ങളായ പാഠങ്ങൾ നൽകാൻ വേണ്ടിയുള്ള യാത്രയായിരുന്നു…സംപൃപ്തിയോടെ ഈ ലോകത്തു ജീവിക്കാൻ ഇന്നുകാണുന്ന ഈ ധാരാളിത്തമൊന്നും വേണ്ട…..എല്ലാവർക്കും സന്തോഷകരമായി ജീവിക്കാൻ ആവശ്യമുള്ളത് ഭൂമി നൽകുന്നുണ്ട്…മനുഷ്യന് അതിജീവിക്കാൻ കഴിയാത്ത ഒരു പ്രതിബന്ധവും ഈ ഭൂമിയിൽ അവനു നല്കപ്പെടുന്നില്ല…എന്തിനെയും അതിജീവിക്കാൻ, ഏതു നേട്ടവും കൈപ്പിടിയിലാക്കാൻ കഴിവുള്ളവനായാണ് അവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്..
2013 മാർച്ച് 31-നു ഒരു ഈസ്റ്റർ ഞായറാഴ്ചയാണ് ഞാൻ മുംബൈയിൽ തിരിച്ചെത്തുന്നത്…പക്ഷെ, രാഷ്ട്രപതി, പ്രണബ് മുഖർജി കൂടി പങ്കെടുത്ത ഔദ്യോഗീകമായ സ്വീകരണം സംഘടിപ്പിച്ചിരുന്നത് ഏപ്രിൽ 6-നായിരുന്നു..”ഒരിടത്തും നിറുത്താതെ, പരസഹായമില്ലാതെ ലോകം ചുറ്റി വന്നു, സർ” എന്ന് രാഷ്രപതിയോടു പറഞ്ഞപ്പോൾ, എന്നെ തിരിച്ചു സല്യൂട്ട് ചെയ്തിട്ട് അദ്ദേഹം പറഞ്ഞു, “120 കോടി ജനങ്ങളുടെ പേരിൽ ഞാൻ നിങ്ങളെ കരയിലേക്ക് സ്വാഗതം ചെയ്യുന്നു.”
ഏകനായി, ഒരിടത്തും നിറുത്താതെ, ആരുടേയും സഹായം സ്വീകരിക്കാതെ കൊച്ചു പായ്ക്കപ്പലിൽ ഏഴു കടലും കടന്നു ഭൂഗോളം ചുറ്റിവന്ന ആദ്യ ഭാരതീയൻ…ലോകചരിത്രത്തിൽ വെറും 79 പേർക്കു മാത്രമേ അത്യപൂർവ്വമായ ഈ ദൗത്യം നിറവേറ്റാനായിട്ടുള്ളൂ എന്നറിയുമ്പോഴാണ് അഭിലാഷ് ടോമി എന്ന മലയാളി നമ്മുടെയെല്ലാം സിരകളിൽ പകരം വയ്ക്കാനാകാത്ത സാഹസികതയുടെ, അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ വലിയ പ്രതീകമായി മാറുന്നത്…യുദ്ധവേളയല്ലാത്ത അവസരങ്ങളില്‍ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സൈനികര്‍ക്ക് നല്കുന്ന ബഹുമതിയായി അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര ബഹുമതി ലഭിക്കുകയുണ്ടായി.