ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു ജോലി ചെയ്യുന്നവരായതിനാൽ വളരെ അനുഭവ സമ്പത്തുള്ളവർ ആയിരിക്കും നമ്മുടെ കെഎസ്ആർടിസി കണ്ടക്ടർമാർ. ചിലർ വെറുമൊരു ജോലി മാത്രമായി ഇതിനെ കാണുമ്പോൾ മറ്റു ചിലർ ഒരു സേവനം കൂടിയായി ഈ ജോലിയെ കാണുന്നു. അത്തരത്തിൽ ഒരാളാണ് എടത്വ KSRTC ഡിപ്പോയിലെ കണ്ടക്ടർ ഷെഫീക്ക് ഇബ്രാഹിം. ബസ്സിൽ ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം ലഹരിയ്ക്ക് എതിരെയുള്ള ഒരു യാത്രകൂടിയാണ് ഷെഫീക്കിന് ഈ ജോലി. ഷെഫീക്കിന്റെ അനുഭവങ്ങളിൽ നിന്നും തയ്യാറാക്കി അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു.
ഒരു കണ്ടക്ടര്‍ കെ.എസ്സ്.ആര്.ടി.സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നാണ് അഭിപ്രായം. പൊതുജനങ്ങളുമായി ഇത്രയധികം നേരിട്ട് ഇടപെടല്‍ നടത്തുന്ന മറ്റൊരു സേവന മേഖലയില്ല. എടത്വ ഡിപ്പോയിലെ കണ്ടക്ടര്‍ നിലയില്‍ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങളിലും, സേവ് കെ.എസ്സ്.ആര്.ടി.സി ക്യാംപെയ്നുകളിലും പങ്കെടുത്തിരുന്നു. സ്കൂള്‍-കോളേജ്- എന്‍.എസ്സ്.എസ്സ് വോളന്റിയേഴ്സ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി “ലഹരിക്കെതിരെ ഒരു യാത്ര” എന്ന പേരില്‍ നമ്മളുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന വിവിധ തരത്തിലുളള ലഹരികളെക്കുറിച്ച് ബോധവത്ക്കരണം നടത്തി വരുന്നു.
ഇപ്പോഴും തുടരുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മദ്യം നിറച്ച കുപ്പിയുമായി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രികര്‍ക്ക് പുറത്തേക്കുളള വഴിയാണ് കാണിച്ചു നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ ഒരു അപകടം ഉണ്ടായാല്‍ തിങ്ങി നിറഞ്ഞ ബസ്സിലെ ഓരോ യാത്രികന്റെയും ജീവന് അപകടത്തിലാക്കുവാന്‍ സ്പിരിറ്റ് കലര്‍ന്ന ഒരു കുപ്പി മദ്യം ധാരാളം. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ചെറിയൊരു തീപ്പൊരി പോലും വലിയ ഒരു സ്ഫോടനാത്മകമായ അവസ്ഥക്ക് വഴിതെളിക്കാം. ബസ്സ് യാത്രികരായ അത്രയും ജീവനുകള്‍ക്ക് മദ്യപന്റെ അല്പ സമയത്തെ സുഖത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം എന്ന ബോധമുള്ളതു കൊണ്ടാണ് സാമൂഹിപ്രതിബദ്ധതയുളള ഒരു കണ്ടക്ടര്‍ എന്ന നിലയില്‍ ഇപ്പോഴും ഈ പ്രവൃത്തി തുടര്‍ന്നു വരുന്നത്.
ഒരിക്കൽ എരമല്ലൂര്‍ അടുത്ത് ചമ്മനാട് ഉണ്ടായ ദുരന്തം – ചകിരി ലോറിയും KSRTC ബസ്സുമായി കൂട്ടിയിടിച്ചപ്പോള്‍ ചകിരി ലോറിയുടെ ഡാഷ് ബോര്‍ഡില്‍ ലോറി ഡ്രൈവര്‍ വെച്ചിരുന്ന ഒരു കുപ്പി മദ്യത്തിന്റെ സാന്നിദ്ധ്യമാണ് ബസ്സിലെ എത്രയോ ജീവനുകള്‍ കത്തി കരിയുവാന്‍ കാരണമായത്. അമ്പലപ്പുഴ ഗവണ്മെന്റ് കോളേജ് എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസറും, അസിസ്റ്റന്റ് പ്രൊഫസറുമായി സേവനം അനുഷ്ഠിച്ചിരുന്ന നിലവില്‍ മഹാരാജാസ് കോളേജിലെ അധ്യാപകനായ ശ്രീ. എം. എച്ച് രമേശ് കുമാര്‍ സര് നല്കി വരുന്ന പിന്തുണ വളരെ വലുതാണ്.
കെ.എസ്സ്.ആര്.ടി.സി എന്ന എന്റെ ജീവന് തുല്യമായി സ്നേഹിക്കുന്ന പ്രസ്ഥാനം പ്രത്യേകിച്ച് എടത്വ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന രമേശ് കുമാര്‍ സാറും, മറ്റു സഹപ്രവര്‍ത്തകരും, കോര്‍പ്പറേഷനും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്കി വരുന്നു. എക്സൈസ് വകുപ്പും,പോലീസ് സേനയുമായും ചേര്‍ന്ന് ലഹരിക്കെതിരെ വിവിധ പ്രോഗ്രാമുകള്‍ നടത്തി വരുന്നു.പോലീസ് സേനയുടെ ഉണര്‍വ്വ് എന്ന പേരിലുളള ലഹരിക്കെതിരെയുളള നാടകം വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികളിലെത്തിക്കുവാന്‍ കഴിഞ്ഞതും ഒരു പുതിയ അനുഭവമായിരുന്നു. നാടകത്തിലെ പോലീസ് സുഹൃത്തുക്കള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നു.
കെ.എസ്സ്.ആര്.ടി.സി കണ്ടക്ടര്‍ എന്ന നിലയില്‍ എന്റെ ഓരോ യാത്രയും ലഹരിക്കെതിരെയുളള യാത്രയായാണ് കരുതുന്നത്.ഭാര്യ റഹിയാനത്തും, മകള്‍ ഫാത്തിമ നസ്രിനും ലഹരിക്കെതിരെയുളള യാത്രയില്‍ ശക്തമായ പിന്തുണ നല്കി വരുന്നു. പൊതു വിദ്യാലയമായ നീര്‍ക്കുന്നം എസ്സ്.ഡി.വി.ജി.യു.പി സ്കൂളിലെ അഞ്ചാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ മകളും സ്കൂളിലെ തണല്‍ ലഹരിവിരുദ്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്നു.സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് എന്ധ നിലയിലും,ലഹരി വിരുദ്ധ പ്രവര്ത്തകന് എന്ന നിലയിലുു തണലിന് എല്ലാവിധ പിന്തുണയും നല്കി വരുന്നു.
ആലപ്പുഴ ജില്ലാഭരണകൂടം കെ.എസ്സ്.ആര്.ടി.സിയെ ഉള്‍പ്പെടുത്തി നടത്തിയിട്ടുളള വിവിധ മോക്ക് ഡ്രില്ലുകളിലെ അനുഭവങ്ങള്‍ ചെന്നൈ വെളളപ്പൊക്കവുമായി ബന്ധപ്പെട്ട് ഒരു ബസ്സ് അയക്കുവാനും, ബസ്സില്‍ ശുദ്ധജലവും,ബ്രെഡ്,ബിസ്ക്കറ്റ് മുതലായ ഭക്ഷണസാധനങ്ങളും തുണിയും മറ്റും അധികൃതരുടെ അനുവാദത്തോടെ ബസ്സ് യാത്ര ചെയ്ത ഓരോ ഡിപ്പോകളില്‍ നിന്നും ആനവണ്ടി ഫാന്സിന്റെയും, ജീവനക്കാരുടെയും സഹകരണത്തോടെ ചെന്നൈലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞു. ആലപ്പുഴ കെ.എസ്സ്.ആര്.ടി.സി ഫാന്‍ ആയ ജയകൃഷ്ണനും , സുഹൃത്തുക്കളും അന്ന് ഒരുമിച്ച് ചെന്നൈക്ക് യാത്ര ചെയ്ത് വന്ന് റെസ്ക്യൂവില്‍ പങ്കാളിയാവുകയും ചെയ്തു. ആ അനുവങ്ങള്‍ ഈ കഴിഞ്ഞ പ്രളയത്തില്‍ നാടിന് കൈതാങ്ങാവുവാന് സഹായകരമായി.
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് സന്ദര്‍ശിച്ചപ്പോള്‍ പ്രദേശവാസികള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിപ്പോള്‍ എടത്വ ഡിപ്പോയിലെ ജീവനക്കാരുടെയും ,എടത്വയിലെയും,എന്റെ നാട്ടിലെ നീര്‍ക്കുന്നത്തെ നല്ലവരായ ചെറുപ്പക്കാരുടെയും സഹകരണത്തോടെ 6000 ലിറ്റര്‍ ശുദ്ധജലം ഭക്തജനങ്ങള്‍ക്ക് എത്തിക്കുവാന്‍ കഴിഞ്ഞു. കെ.എസ്സ്.ആര്.ടി.സിയുടെ ഓരോ ചലനവും നല്ല മാറ്റങ്ങളും പ്രളയകാലത്ത് കണ്ട്രോള് റും പോലെ പ്രവര്‍ത്തിച്ച യുവാക്കളുടെ ഫേസ്ബുക്ക്, വാട്ട്സ് ആപ് പോലെയുളള സോഷ്യല്‍ മാധ്യമങ്ങളുടെ സഹകരണത്തോടെ വിവിധ ഫാന്‍സ് ഗ്രൂപ്പുകളിലും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും എത്തിക്കുവാന്‍ ശ്രമിച്ചു വരുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ആവശ്യകതയുളള വിഷയം ‘വൈറല്‍’ ആക്കുവാന് കഴിയുമെന്ന ആത്മവിശ്വാസം കെ.എസ്സ്.ആര്.ടി.സിയുടെ സോഷ്യല്‍ മീഡിയ സെല്‍ അംഗം കൂടിയായ എനിക്ക് കഴിയുമെന്ന് കരുതുന്നു.എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്( ഇന്‍ ചാര്‍ജ്ജ് ) ആയിരുന്ന നിലവില്‍ സൗത്ത് സോണ്‍ ചാര്‍ജ്ജ് ഓഫീസര്‍ ശ്രീ.അനില്‍ കുമാര്‍ സാറിന്റെ പിന്തുണയും ഈ വര്‍ഷം ശബരിമലയിലെ നിലക്കലില്‍ സേവനം നല്കുവാനും, KSRTC ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുളളതായും മനസ്സിലാക്കുന്നു.
വിവിധ ഗ്രൂപ്പുകളില്‍ നിന്നും,യാത്രികരില്‍ നിന്നും നേരിട്ടും ലഭിക്കുന്ന പരാതികള്‍ പരമാവധി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും, റിസല്ട്ടുണ്ടാക്കുവാനും ശ്രമിക്കാറുണ്ട്. കെ.എസ്സ്.ആര്.ടി.സി പി.എസ്സ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തി വന്നത് വളരെയധികം വിജയകരമായിരുന്നു. വിവിധ ജില്ലകളിലെ പരീക്ഷകള്‍ക്ക് ആയി പ്രത്യേകം പ്രത്യേകം സര്‍വ്വീസുകള്‍ ക്രമീകരിച്ചു.ഒരു ദിനം ഒരു കോടി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തില്‍ സേവ് KSRTC ക്യാംപെയ്നും, കെ.എസ്സ്.ആര്.ടി.സി പി.എസ്സ്.സി ഹെല്പ് ലൈനുമൊക്കെ വളരെ അത്യന്താപേക്ഷിതമാണ്.
കേരളത്തിലെ മുഴുവന്‍ യാത്രികര്‍ക്കും KSRTC HelpLine എന്ന നിലയില്‍ എന്ന നിലയിലേക്ക് നിലവില്‍ നല്കി വരുന്ന PSC Help Line സേവനം വ്യാപിക്കണമെന്നും ആഗ്രഹിക്കുന്നു.നിലവില്‍ ഒരു ജീവനക്കാരന് എന്ന നിലയില്‍ സേവനമായാണ് PSC Help Line ഉള്‍പ്പെടെ ചെയ്യുന്നത്. 9846475874 എന്ന whatsapp നമ്പറിലൂടെയാണ് സേവനം നല്കി വരുന്നത്. പി.എസ്സ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥിക്ക് പോകേണ്ട പരീക്ഷാകേന്ദ്രത്തിലേക്ക് എത്തുവാനും, തിരികെ വരുവാനുമുളള ബസ്സ് സമയവും മറ്റു സഹായങ്ങളുമാണ് നല്കി വരുന്നത്.
ജീവനക്കാരന് എന്ന നിലയില്‍ എന്തിനും തയ്യാറാണ്.പക്ഷേ, ഒരേ ഒരു അഭ്യര്‍ത്ഥന മാത്രം മറ്റുളള ജീവനക്കാരെ പോലെ അവകാശപ്പെട്ടതെല്ലാം ഞങ്ങള്‍ക്കും ലഭിക്കണം. അതിനായി ഇനിയും ഈ ‘ആനവണ്ടി’ എന്ന സ്നേഹവണ്ടിയുമായി മുന്നോട്ട് പോകുവാന്‍ തയ്യാറാണ്. തൊഴിലാളികളും, മാനേജ്മെന്റും, യൂണിയനുകളുമായുളള എല്ലാ പ്രശ്നങ്ങളും രമ്യമായി പറഞ്ഞു തീര്‍ത്ത് ഒരു ‘റീസ്റ്റാര്‍ട്ട്’ ആനവണ്ടിക്ക് ആവശ്യമല്ലേ?
വിവരണം – ഷെഫീക്ക് ഇബ്രാഹീം, കണ്ടക്ടര്‍, കെ.എസ്സ്.ആര്.ടി.സി ,എടത്വ ഡിപ്പോ.