ലേഖനം എഴുതിയത് – JULIUS MANUEL.
മനുഷ്യനേക്കാള്‍ കൂടുതല്‍ സ്ഥലം വന്യ മൃഗങ്ങള്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ലോകത്തിലെ ഏക രാജ്യമാണ് കെനിയ (Kenya).വലിപ്പത്തില്‍ 47 മത്തെ സ്ഥാനമാണ് ഈ രാജ്യത്തിന് ഉള്ളത് .ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍വതമായ മൌണ്ട് കെന്യ യില്‍നിന്നാണ് രാജ്യത്തിനു ആ പേര് ലഭിച്ചത് .ഹിമാവൃതമായ ചെരിവുകള്‍ ഇതിനുണ്ട് . ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വ്വതമായ Mount Kilimanjaro,കെനിയയുടെ ടാന്‍സാനിയന്‍ അതിര്‍ത്തി ഭാഗങ്ങളില്‍ നിന്നാല്‍ ദൃശ്യമാണ് !
സുഖ ശീതള കാലാവസ്തയുള്ള തലസ്ഥാനമായ നൈറോബിയില്‍ (Nairobi) നിന്നും വ്യത്യസ്തമാണ് , സാവന്ന പുല്‍മേടുകളും , വരണ്ട സമതലങ്ങളും നിറഞ്ഞ രാജ്യത്തിന്റെ വന മേഖല. ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കുകളില്‍ ഉള്‍പ്പെട്ട East and West Tsavo National Park, the Masai Mara, Lake Nakuru National Park, Aberdares National Park എന്നിവ കെനിയയില്‍ ആണ് ഉള്ളത് . 11.5 മില്യണ്‍ wildebeest, Zebra മൃഗങ്ങള്‍ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ മൃഗ ദേശാടനം (the great wildebeest migration) കെനിയയിൽക്കൂടിയാണ് കടന്നു പോകുന്നത് . 2,897 km ദൂരമുള്ള ഈ ദേശാടനം, ടാന്‍സാനിയായിലെ സരൻ ജെറ്റിയിൽ നിന്നും ആരംഭിച്ച് കെനിയയിലെ മസ്സായി മാരയിൽ ആണ് അവസാനിക്കുന്നത് !
കെന്യയിലെ ആകമാന കാര്യങ്ങള്‍ ഇങ്ങിനെ ആണെങ്കിലും നമ്മള് അറിയുവാന്‍ പോകുന്ന സംഭവ കഥ നടന്നത് 1898 ല്‍ Tsavo National Park ല്‍ വെച്ചാണ്. സാവോ നാഷണല്‍ പാര്‍ക്കിനെ സാവോ ഈസ്റ്റ് , സാവോ വെസ്റ്റ് എന്നിങ്ങനെ രാണ്ടായി തിരിച്ചിട്ടുണ്ട് . നടുവിലൂടെ കടന്നു പോകുന്ന A109 എന്ന റോഡും (Nairobi-Mombasa ) , കെനിയ -ഉഗാണ്ട റെയില്‍ല്‍ പാതയും ആണ് രണ്ടിനെയും വേർ തിരിച്ചത്. പാര്‍ക്കിന്റെ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് ഒഴുകുന്ന സാവോ നദിആണ് ഈ പേരിനു കാരണം . വരണ്ട പുല് മൈതാനങ്ങളും സാവന്ന കുട്ടികാടുകളും ആണ് സാവോ ഈസ്റ്റ് പാര്‍ക്കില്‍ നിറയെ . എന്നാല്‍ ജൈവ വൈവിധ്യം കൊണ്ട് സാവോ വെസ്റ്റ് ആണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് .
Panthera leo nubica എന്ന സാവോ മൃഗരാജന് കുറച്ച് പ്രത്യേകതകൾ ഉണ്ട് . ഒന്ന് ആണുങ്ങൾക്ക് സട (Mane) തീരെയില്ല !. താരതമ്യേന ശരീര വലിപ്പം കൂടുതൽ ഉണ്ട് .. തൊലിക്ക് നല്ല മിനുസമാണ് . പിന്നെ ഇവിടുത്തെ ആണ് സിംഹങ്ങൾ വേട്ടയിൽ സജീവമായി പങ്കെടുക്കും (സാധാരണ പെണ്ണുങ്ങളാണ് ഈ പണി ചെയ്യാറ് ). സാധാരണ ഒരു സിംഹ കൂട്ടത്തിൽ രണ്ടു മുതൽ എട്ട് ആണ് സിംഹങ്ങൾ കാണപ്പെടുമെങ്കിൽ ഇവിടെ ഒരു കൂട്ടത്തിൽ ഒരൊറ്റ ആണ് തരി മാത്രമേ കാണൂ ! സാവോ നദിക്കരയിലെ ഭൂ പ്രകൃതിയും കാലാവസ്ഥയും ആണ് ഇവിടുത്തെ സിംഹങ്ങൾക്ക് ഈ പ്രത്യേകതകൾ നല്‍കിയത് എന്നാണ് ശാസ്ത്ര മതം . Amboseli-Tsavo ജൈവ മണ്ഡലത്തിൽ ഇനി 675 സാവോ സിംഹങ്ങളേ അവശേഷിച്ചിട്ടുള്ളൂ !
1898 ലെ മാർച്ച് മാസത്തിൽ സാവോ നദിക്ക് കുറുകെ ഒരു തീ വണ്ടി പാലം പണിയുവാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നിടത്താണ് സംഭവം ആരംഭിക്കുന്നത് . Lt. Col. John Henry Patterson ആയിരുന്നു ടീം ലീഡർ . പണിക്കാർ കൂടുതലും ഇന്ത്യകാരും, നാട്ടുകാരായ ആഫ്രിക്കകാരും ആയിരുന്നു . പണി സ്ഥലത്തിന് ചുറ്റും കൂടാരം കെട്ടി ആയിരുന്നു അവർ രാത്രി കഴിച്ചു കൂട്ടിയിരുന്നത്. പക്ഷെ വിശന്നു വലഞ്ഞ കൂറ്റൻ സാവോ സിംഹങ്ങൾ രാത്രിയുടെ മറവിൽ പതുങ്ങി വരുന്നത് അവർ അറിഞ്ഞില്ല . ഏറ്റവും അവസാനത്തെ കൂടത്തിൽ നിന്നുള്ള നിലവിളി കേട്ടാണ് അവർ ഉണർന്നത് . ഓടിയെത്തുമ്പോഴേക്കും ഒരു ഹത ഭാഗ്യനെയും കൊണ്ട് ഒരു സിംഹം ഓടി മറയുന്നത് മാത്രമേ അവർക്ക് കാണുവാൻ കഴിഞ്ഞുള്ളു . പിന്നീടുള്ള ദിവസങ്ങൾ ഭീതി ജനകമായിരുന്നു . ഇന്ത്യക്കാരുടെ മാംസത്തിന്റെ രുചി പിടിച്ച സിംഹങ്ങൾ സംഹാര താണ്ഡവമാടി. സിംഹങ്ങളെ ഓടിക്കുവാൻ കൂടാരങ്ങൾക്ക് ചുറ്റും തീ കൂട്ടി …… പാട്ടയും ചെണ്ടയും കൊട്ടി ശബ്ദമുണ്ടാക്കി ….കമ്പുകൾ കൂട്ടിയിട്ട് ബോമ ഉണ്ടാക്കി …മുള്ളുകൾ കൊണ്ട് വേലികൾ നിർമ്മിച്ചു …. പക്ഷെ എല്ലാം നിഷ്ഫലം !
പിന്നീടുള്ള മാസങ്ങളിൽ ഏകദേശം 135 ഓളം ആളുകളെയാണ് സിംഹങ്ങൾ ഭക്ഷണമാക്കിയത് ! ജോലിക്കാർ കൂട്ടത്തോടെ പ്രാണനും കൊണ്ട് ഓടി രക്ഷപെടുവാൻ തുടങ്ങിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നു . അതോടെ പാറ്റെർസണ്‍ രംഗത്തിറങ്ങി . വിശധമായ നിരീക്ഷണത്തിൽ രണ്ടു ആണ് സിംഹങ്ങളാണ് പ്രതികൾ എന്ന് മനസ്സിലായി . അങ്ങിനെ ഒരു ദിവസം ഇതിൽ ഒരു സിംഹം സായിപ്പിന്റെ കണ്ണിൽ പെട്ടു . ആദ്യ വെടി അവന്റെ പുറം കാലിനാണ് കൊണ്ടത് . അതും കൊണ്ടവൻ പുൽ മേട്ടിലേക്ക് മറഞ്ഞു . പക്ഷെ രാത്രിയിൽ തിരികെ എത്തിയ ആ മൃഗം പാറ്റെർസണെ ആക്രമിക്കാൻ ഒരുമ്പെട്ടു . സായിപ്പിന്റെ അടുത്ത വെടി കൃത്യം അവന്റെ ചങ്ക് തന്നെ തുളച്ചു കയറി . അത് 1898 ഡിസംബർ ഒൻപതിന് ആയിരുന്നു .
പിറ്റെന്നു കാലത്തെ ടെന്റിനു കുറച്ചു ദൂരെയായി ഒന്നാം സിംഹത്തിന്റെ ജഡം കാണപ്പെട്ടു. ഒൻപതടി നീളമുണ്ടായിരുന്ന അവനെ എട്ടു പേർ ചുമന്നാണ് ക്യാമ്പിൽ എത്തിച്ചത് . ഇരുപത് ദിവസങ്ങൾക്കു ശേഷം രണ്ടാമനും അദേഹത്തിന്റെ തോക്കിനിരയായി . പക്ഷെ അവനെ വീഴ്ത്താൻ ഒൻപതു ബുള്ളറ്റുകൾ ചിലവാക്കേണ്ടി വന്നു .
അതോടെ മടങ്ങി പോയ ജോലിക്കാരൊക്കെ തിരികെ വരികെയും , പാലത്തിന്റെ നിർമ്മാണം 1899 ഫെബ്രുവരിയിൽ തീർക്കുകയും ചെയ്തു . വെടിവെച്ചു വീഴ്ത്തിയ സിംഹങ്ങളുടെ തൊലി ശ്രദ്ധാപൂർവ്വം ഉരിഞ്ഞെടുത്ത പാറ്റെർസണ്‍, അവ തന്റെ വീട്ടിലെ കാർപ്പെറ്റ് ആയി 25 കൊല്ലം ഉപയോഗിക്കുകയും ചെയ്തു . പിന്നീട് 1924 ൽ 5000 ഡോളറിനു Chicago Field Museum ന് വിൽക്കുകയുണ്ടായി . അവിടെ അവർ അത് ഭംഗിയായി സ്റ്റഫ് ചെയ്ത് വെച്ചിരിക്കുന്നത് ഇപ്പോൾ ചെന്നാലും കാണുവാൻ സാധിക്കും .
തന്റെ ആഫ്രിക്കൻ അനുഭവങ്ങൾ ഒരു പുസ്തകമാക്കി 1907 ൽ The #Man-Eaters of Tsavo എന്ന പേരിൽ പാറ്റെർസണ്‍ പ്രസിദ്ധീകരിക്കുക ഉണ്ടായി . ഇതിനെ തുടർന്ന് #Bwana Devil (1952) എന്ന ചിത്രവും പിന്നീട് 1996 ൽ The Ghost and the Darkness എന്ന ചിത്രവും 2007 ൽ Prey എന്ന സിനിമയും സാവോ സിംഹ കഥ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുണ്ട് .