കെഎസ്ആര്‍ടിസി എംഡിയായി സ്ഥാനമേറ്റതു മുതലേ ടോമിന് തച്ചങ്കരി യൂണിയന് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതാണ്. ഇത്രയും നാള് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യാതെ വിലസി നടന്നിരുന്ന പല യൂണിയന് നേതാക്കള്‍ക്കും തച്ചങ്കരി വന്നതോടെ പണിയെടുക്കേണ്ടി വന്നു. അദർഡ്യൂട്ടിയുടെ പേരിൽ ജോലിചെയ്യാതിരുന്ന യൂണിയൻ നേതാക്കളെ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ തുടങ്ങിയ എതിർപ്പാണ് ഭരണ, പ്രതിപക്ഷ തൊഴിലാളി യൂണിയൻ കൂട്ടായ്മയിലേക്ക് എത്തിയിരിക്കുന്നത്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൂടിയാണ് എംഡി എന്ന യാഥാര്‍ത്ഥ്യം ഇവര്‍ക്ക് തച്ചങ്കരിയെ എതിര്‍ക്കുവാനുള്ള ധൈര്യം ഇല്ലാതാക്കുകയും ചെയ്തു. തച്ചങ്കരി കയറിയതോടെ കടക്കെണിയില്‍ മുങ്ങി നിന്നിരുന്ന കെഎസ്ആര്‍ടിസി പച്ചപിടിച്ചു വരികയായിരുന്നു. ടോമിന് തച്ചങ്കരി നടത്തുന്ന ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് സൂചനാ പണിമുടക്കിന് സംയുക്ത സമരസമിതിയുടെ ആഹ്വാനം. ഓഗസ്റ്റ് ആറിനാണ് 24 മണിക്കൂര്‍ പണിമുടക്കാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമേ ഇപ്പോഴിതാ പ്രമുഖ യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്താല്‍ ടോമിൻ തച്ചങ്കരിയെ പരസ്യമായി ആക്ഷേപിച്ച് പ്രമുഖ രാഷ്ട്രീയ നേതാവായ ആനത്തലവട്ടം ആനന്ദൻ രംഗത്ത് എത്തിയിരിക്കുകയാണ്. കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരപ്രഖ്യാപന യോഗത്തിൽ സംസാരിക്കുമ്പോഴാണ് തച്ചങ്കരിയെ ആനത്തലവട്ടം ആനന്ദൻ പരസ്യമായി അധിക്ഷേപിച്ചത്. തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും മാറ്റാൻ തങ്ങൾ സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും അയാൾ തനിക്ക് പറ്റില്ലെന്ന് പറഞ്ഞു സ്വയം ഇറങ്ങിപ്പോകട്ടെ എന്നും ആനത്തലവട്ടം പറഞ്ഞു. കേരളത്തിൽ ഒരുപാട് തൊഴിലാളി സമരങ്ങൾ മുതലാളിമാരെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് ഈ തച്ചങ്കരി ജനിച്ചിട്ടു പോലുമില്ല. കെഎസ്ആർടിസിയിൽ താൻ എല്ലാം ജോലിയും ചെയ്യുന്നുണ്ടെന്നാണ് അയാൾ പറയുന്നത്. ചെത്ത് തൊഴിലാളി ബോർഡിന്റെ ചെയർമാനായിരുന്നു തച്ചങ്കരിയെങ്കിൽ ഇയാൾ തെങ്ങിൽ കയറുമായിരുന്നോ എന്നും ആനത്തലവട്ടം ചോദിച്ചു.

എന്നാല്‍ തച്ചങ്കരിയ്ക്കെതിരായ ഈ പരാമര്‍ശം വിവാദമാകുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ജനങ്ങള്‍ തച്ചങ്കരിയ്ക്കൊപ്പം നില്‍ക്കുകയാണ്. ഫേസ്ബുക്കില്‍ തച്ചങ്കരിയെ സപ്പോര്‍ട്ട് ചെയ്യുന്ന പൊതുജനം എംഡിയെ അധിക്ഷേപിച്ച നേതാവിനും കൂട്ടര്‍ക്കെതിരെയും രോഷപ്രകടനം നടത്തുകയും ചെയ്യുന്നു. ഇതിനിടയില്‍ ടോമിൻ തച്ചങ്കരിയെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. എംഡിയുടെ പാളിച്ചകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെടുത്താനുള്ള പരിഷ്കാരങ്ങൾ നടത്തുന്നതു സർക്കാരിന്റെ അറിവോടെയാണെന്നു മന്ത്രി പറഞ്ഞു.
ഇതിനിടയില്‍ ടോമിന് തച്ചങ്കരിയെ പിന്തുണച്ച് സാമ്പത്തിക വിദഗ്ധന്‍ സുശീല്‍ഖന്ന രംഗത്തു വന്നു. കെ.എസ്.ആര്.ടി.സി ശരിയായ ദിശയിലാണന്നും തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും ഒന്നിച്ചുനില്‍ക്കണമെന്നും ആണ് കെ.എസ്.ആര്.ടി.സിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന അഭിപ്രായപ്പെട്ടത്. തച്ചങ്കരിയുടെ നിലപാടിനെതിരെ ഇടതുയൂണിയനുകളടക്കം സമരം പ്രഖ്യാപിച്ചിരിക്കെയാണ് ഖന്നയുടെ പ്രതികരണം. ഖന്ന സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലല്ല മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ ആക്ഷേപം. എന്നാല്‍ ഈ ആരോപണം സുശീല്‍ഖന്ന തള്ളിക്കളയുകയായിരുന്നു.
കടപ്പാട് – വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog