ആലപ്പുഴയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട കെഎസ്ആർടിസി സ്കാനിയ ബസിൽ തുടർ ഡ്രൈവിങ്ങിന് ആളില്ലാതെവന്നപ്പോൾ യാത്രക്കാരെ പാതിവഴിയിലിറക്കി. തിരുവനന്തപുരത്തുനിന്നു കൊല്ലൂർ, മണിപ്പാൽ എന്നിവിടങ്ങളിലേക്കു പുതിയ രണ്ടു സ്കാനിയ സർവീസ് ആരംഭിച്ച ദിവസംതന്നെയാണ് ആലപ്പുഴയിൽനിന്നു തിരിച്ച 34 യാത്രക്കാർക്കു പണികിട്ടിയത്.

പുതിയ സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ആ ബസുകളിൽ ഡ്യൂട്ടി മാറുന്നതിനു ബത്തേരിയിൽനിന്നു രണ്ടുപേരെ കണ്ണൂരിലേക്കു വിളിച്ചതാണ് ബെംഗളൂരു സർവീസ് പാതിവഴിയിൽ മുടങ്ങാൻ കാരണമായത്. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട സർവീസുകളിൽ രണ്ടു ഡ്രൈവർമാരുണ്ടായിരുന്നതിനാൽ ബത്തേരിയിൽനിന്നു കണ്ണൂരിലെത്തിയവർക്കു പണിയുമുണ്ടായില്ല.
സ്കാനിയ കമ്പനിയുടെ പരിശീലനം ലഭിച്ച ഡ്രൈവർമാരെ മാത്രമാണ് ഈ ബസുകളിൽ വിടുന്നത്. താൽക്കാലികമായി കണ്ണൂരിലേക്കു വിളിപ്പിച്ചവരെ ബത്തേരിയിൽനിന്നു കണ്ണൂരിലേക്കു മാറ്റിയ ഉത്തരവും ഇന്നലെ എത്തി. ബത്തേരിയിൽ സ്കാനിയ പരിശീലനം ലഭിച്ചത് ആറുപേർക്കാണ്. രണ്ടുപേർ വേറെ റൂട്ടിൽ ഡ്യൂട്ടിയിലും ഒരാൾ അവധിയിലുമായിരുന്നു. വേറൊരാൾ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോവുകയും ചെയ്തു. ഡ്യൂട്ടി ഷെഡ്യൂളിലുണ്ടായിരുന്നവരെ കണ്ണൂരിലേക്കു വിട്ടതാണു പ്രശ്നമായത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ആലപ്പുഴയിൽനിന്നു പുറപ്പെട്ട ആർപി 664 ബസ് പുലർച്ചെ രണ്ടോടെയാണു ബത്തേരി ഡിപ്പോയിലെത്തിയത്. സർവീസ് മുടങ്ങിയപ്പോൾ യാത്രക്കാരുടെ ടിക്കറ്റ് തുക മടക്കിനൽകി. തുടർയാത്രയ്ക്കു ബത്തേരിയിൽനിന്നു സൂപ്പർഫാസ്റ്റും ഏർപ്പെടുത്തി. സ്കാനിയ ഇന്നലെ രാത്രി ബത്തേരിയിൽനിന്ന് ആലപ്പുഴയിലേക്കു മടങ്ങി. അധികൃതരുടെ പിടിപ്പുകേടാണ് ബസ് വഴിയിൽ നിർത്തിയിടാൻ കാരണമായതെന്നു ജീവനക്കാർ പറയുന്നു. സംസ്ഥാനത്ത് 18 സ്കാനിയ ബസുകളാണു സർവീസ് നടത്തുന്നത്. ഈ ബസുകളിലെ ജീവനക്കാർക്കു ജോലിഭാരം വർധിച്ചുവെന്ന പരാതി പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നു.
ഈ കാര്യം കെഎസ്ആര്ടിസി എംഡിയ്ക്ക് വാട്സ്ആപ്പ് സന്ദേശമയച്ചവരെ അദ്ദേഹം ബ്ലോക്ക് ചെയ്തു എന്നതും ശ്രദ്ദേയമാണ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog