കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസ്സിനു നേരെ അജ്ഞാതരുടെ കല്ലേറ്. കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന TL7 വാടക സ്കാനിയ ബസ്സിനു നേര്‍ക്കായിരുന്നു അക്രമികള്‍ കല്ലെറിഞ്ഞത്. ബെംഗലൂരു സേലം ഹൈവേയില്‍ ഇന്ന് (07-04-18) രാത്രിയോടെ തമിഴ്നാട്ടിലെ ധര്‍മ്മപുരി എത്തുന്നതിനു മുന്‍പായിരുന്നു സംഭവം. കാവേരി തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ ബന്ദ് ആചരിച്ചത്. ഇതിനെത്തുടര്‍ന്ന് കര്‍ണാടകയുടെ തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
പ്രശ്നം ഗുരുതരമായതോടെ ബസ്സിലുള്ള യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ബസ്സിലെ യാത്രക്കാരനായ മനോഹര്‍ ശരത് എന്നാ യുവാവ് കെഎസ്ആര്‍ടിസി ബ്ലോഗ് ഗ്രൂപ്പില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കെഎസ്ആര്‍ടിസി എന്നെഴുതിയിരിക്കുന്നത് കണ്ടിട്ട് കര്‍ണാടകയുടെ ബസ് ആയിരിക്കുമെന്നു തെറ്റിദ്ധരിച്ചായിരിക്കണം അക്രമികള്‍ ബസ്സിനു നേര്‍ക്ക് കല്ലെറിഞ്ഞത്. ഈ സംഭവത്തോടെ ബെംഗലൂരുവില്‍ നിന്നുള്ള മലയാളികളുടെ യാത്രകള്‍ ആശങ്കയിലായിരിക്കുകയാണ്. മൈസൂര്‍ വഴിയുള്ള ബസ്സുകളില്‍ ആണെങ്കില്‍ കര്‍ണാടകയിലെ കള്ളന്മാരുടെ വഴിയില്‍ ബസ് തടഞ്ഞുനിര്‍ത്തിയുള്ള കൊള്ളയും പിടിച്ചുപറിയും സഹിക്കണം. ആകെയുണ്ടായിരുന്ന സുരക്ഷിതമായ റൂട്ട് ആയിരുന്നു സേലം വഴിയുള്ളത്. അതാകട്ടെ ഇപ്പോള്‍ ഇങ്ങനെയും.
രണ്ടു പതിറ്റാണ്ടുകളായി ആന്ധ്രയൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടരുന്ന തര്‍ക്കത്തിന് വിരാമമിട്ടുകൊണ്ട് സുപ്രീം കോടതി വിധി കര്‍ണാടകത്തിന് അനുകൂലമാണെന്ന പരാതിയുമായി തമിഴ്നാട്ടില്‍ തുടങ്ങിയ പ്രക്ഷോഭം ഇതിനകം തന്നെ ദിശമാറിക്കഴിഞ്ഞു. ഡിഎംകെ, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കോടതി വിധിയെ ഒരു രാഷ്ട്രീയ സമരായുധമാക്കി മാറ്റിയതോടെ കാവേരി തര്‍ക്കം ഒരിക്കല്‍ കൂടി കേന്ദ്ര ഭരണകൂടത്തിന്ന് തലവേദനയായി.
2007 ലെ കാവേരി നദീജല ട്രിബ്യൂണലിന്റെ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. ഇതനുസരിച്ച് കര്‍ണാടകത്തിന് 14.75 ഘനയടി ജലം അധികമായി ലഭിക്കും. തമിഴ്നാടിനാവട്ടെ 15 ഘനയടി ജലം കുറയുകയും ചെയ്യും. ഇതാണ് പ്രക്ഷോഭങ്ങള്‍ക്ക് വഴിമരുന്നായത്. തങ്ങള്‍ക്കും അധിക വിഹിതം വേണമെന്ന കേരള പുതുച്ചേരി സര്‍ക്കാരുകളുടെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ 2007ലെ വിധിയനുസരിച്ച് തമിഴ്നാടിന് 419 ഘനയടി ജലത്തിനും കര്‍ണാടകത്തിന് 270 ഘനയടിക്കും കേരളത്തിന് 30 ഘനയടിക്കും അര്‍ഹതയുണ്ടായിരുന്നു. ഇതില്‍ തൃപ്തിവരാതെയാണ് മൂന്നു സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചത്.
ഇപ്പോള്‍ പ്രശ്ന പരിഹരണമായെങ്കിലും തങ്ങള്‍ക്കു സംഭവിച്ച നഷ്ടം നികത്തിക്കിട്ടാതെ പ്രക്ഷോഭത്തില്‍ നിന്നും പിറകോട്ടില്ലെന്ന തീരുമാനത്തിലാണ് തമിഴ് ജനത. കാവേരിക്ക് ദ്രവ്യങ്ങള്‍ സമര്‍പ്പിക്കുന്ന തമിഴ് ഉത്സവമായ ആടി പെരുക്കിനെ വരെ ഉള്‍ച്ചേര്‍ത്ത് വിഷയം വൈകാരിക പ്രാധാന്യമുള്ളതാക്കാനും അവര്‍ പരിശ്രമിക്കുന്നുണ്ട്.