യാത്രാവിവരണം – സബീന സുബൈർ.
യാത്ര ഒരു ഹരമാണ്.. ഓരോ യാത്രകളും നൽകുന്ന അനുഭവങ്ങൾ അതിലേറേ മനോഹരങ്ങളും. രണ്ടു ദിവസം അവധി കിട്ടിയാൽ ചെറിയ യാത്രകൾ പോകാറുണ്ട്.സ്ഥിരമായ ചുറ്റുപാടുകളിൽ നിന്നും ഒരു യാത്ര പോയി തിരിച്ചു വരുമ്പോൾ മനസും ശരീരവും ഒന്ന് റീ ഫ്രഷ് ആകും. സാറിന്റെയും ( hus നെ അങ്ങിനെ ആണ് വിളിക്കുന്നത് ) മോന്റെയും അവധി കണക്കാക്കിയാണ് യാത്രകൾ നിശ്ചയിക്കുന്നത്.. ഞങ്ങൾ മൂന്നു പേരും കൂടിയുള്ള യാത്രകളാണ് അധികവും.. അതാണ് ഇഷ്ട്ടവും…
കഴിഞ്ഞ പൂജാ അവധിക്കാണ് സാറിന്റെ ഓഫീസിൽ നിന്നും ചെന്നൈ പോണ്ടിച്ചേരി ടൂർ പ്ലാൻ ചെയ്യുന്നത്. പതിനഞ്ചോളം ഫാമിലി ഉണ്ട്. ആദ്യം അവർക്കൊപ്പം പോകാൻ തയ്യാറായെങ്കിലും വലിയൊരു കൂട്ടത്തോടൊപ്പം പോകാൻ മനസ് മടിച്ചു.. പിന്നീട് ഉള്ള തീരുമാനം വളരെ പെട്ടെന്നായിരുന്നു. ഞങ്ങൾ സ്വന്തം വാഹനത്തിൽ പോകാൻ തീരുമാനിച്ചു. തയ്യാറെടുപ്പുകൾ വേഗം പൂർത്തിയാക്കി… യാത്രകളിൽ ഭക്ഷണം ഞങ്ങൾ കൈയ്യിൽ കരുതാറുണ്ട്.. തമിഴ്നാട്ടിലൂടെയുള്ള യാത്ര ആയത് കൊണ്ട് മൂന്നാലു ദിവസത്തേയ്ക്കുള്ള ഭക്ഷണം കരുതിയിരുന്നു. പ്രഭാത ഭക്ഷണത്തിന് ചപ്പാത്തിയും .. ബീഫ് ഉലർത്തിയതും.. ഉച്ചക്കുള്ള ഭക്ഷണത്തിന് ആവശ്യമായ, മൂന്നാല് ദിവസത്തേക്ക് കേടാക്കാത്ത കറികളും ഒക്കെ ഉണ്ടാക്കി തെർമൽ ബോക്സിൽ പാക് ചെയ്തു. തെർമൽ കുക്കറും ഇൻഡഷൻ കുക്കറും എടുത്ത് വെച്ചു. ആവശ്യത്തിന് വെള്ളം (40 ലിറ്റർ) ബാഗുകൾ ഒക്കെ ഡിക്കിയിൽ സെറ്റ് ചെയ്തു.

സെപ്റ്റംബർ 28-ാം തിയതി രാവിലെ 3 മണിക്ക് വീടുപൂട്ടി ഇറങ്ങി. കമ്പം തേനി വഴിയാണ് യാത്ര.. ആ സമയത്ത് കുളമാവ് വഴി യാത്ര അപകടമാണ്. റോഡിൽ കാട്ടാന ഉണ്ടാകും. അതു കൊണ്ട് അതിലും റിസ്ക്ക് പിടിച്ച തീരെ പരിചയമില്ലാത്ത വണ്ണപ്പുറം റൂട്ടിലൂടെ കട്ടപ്പനയിൽ എത്താമെന്ന് കരുതി ഇറങ്ങി.. ചന്നം പിന്നം മഴ പെയ്യുന്നുണ്ട്… നല്ല തണുപ്പും.മോൻ ഒരു പില്ലോയും പുതപ്പും ആയി സുഖമായി ബാക് സീറ്റിൽ ഉറക്കം പിടിച്ചു.
കുത്തനെയുള്ള കയറ്റങ്ങളും വളവുകളുമാണ്.. ശക്തിയായി മഴയും തുടങ്ങി. മുന്നിലെ കാഴ്ച്ചകൾ അവ്യക്തമാണ്. 6 മണി ആയപ്പോൾ ചെറുതോണിയിൽ എത്തി. അപ്പോഴേയ്ക്കും മഴയ്ക്കും ശമനമായി. 5 മിനിറ്റ് വണ്ടി ഒതുക്കി ഒരു കട്ടൻ കാപ്പി കഴിച്ച് യാത്ര തുടർന്നു. പിന്നിടുള്ള യാത്ര സുഖകരമായിരുന്നു. കമ്പം എത്തിയപ്പോൾ തന്നെ കാലാവസ്ഥയുടെ മാറ്റം അറിഞ്ഞു തുടങ്ങി. കമ്പം ചുരം ഇറങ്ങുമ്പോൾ കാണാം.. ദൂരെ ആകാശത്തേക്ക് ഉയരുന്ന പുക ചുരുൾ.. റോഡ് സൈഡിൽ ഇട്ട് ചകിരി ചോറ് കത്തിക്കുന്നതാണ്.. അതിങ്ങനെ നീറി നീറി പുകഞ്ഞുകൊണ്ടിരിക്കും.. ചുരം ഇറങ്ങിയാൽ പിന്നെ സമതലങ്ങളിലൂടെയുള്ള യാത്രയാണ്.. റോഡിനിരുവശവും വളർന്നു നിൽക്കുന്ന പുളിമരങ്ങൾ. കൃഷിയിടങ്ങൾ കൂട്ടമായി മേയുന്ന ആട്ടിൻ പറ്റങ്ങൾ ഒക്കെയും മനോഹര കാഴ്ചകളാണ്..
രാവിലെയുള്ള യാത്ര ആയതു കൊണ്ട് റോഡിൽ നിറയെ കൃഷിയിടങ്ങളിലേയ്ക്ക് തൊഴിലാളികളെയും കൊണ്ടു പോകുന്ന ട്രക്കുകളാണ്.. തേനി കഴിഞ്ഞപ്പോഴേയ്ക്കും വിശപ്പിന്റെ വിളി വന്നു.. ഒരു പമ്പിന്റെ സൈഡിൽ വണ്ടി നിർത്തി കയ്യിൽ കരുതിയിരുന്ന ബ്രേക്ക്ഫാസ്റ്റ് കഴിച്ചു വീണ്ടും യാത്ര തുടർന്നു.. അനന്തമായി നീളുന്ന റോഡുകൾ.. പറയാതെ വയ്യ.. തമിഴ്നാട്ടിലെ റോഡിലൂടെയുള്ള യാത്ര നല്ലൊരു അനുഭവമാണ്. ടോൾ നൽകിയാലും നഷ്ട്ടമില്ല. അത്രയും കംഫർട്ടായ ഡ്രൈവും യാത്രയുടെ സുഖവും നമ്മുക്ക് സമ്മാനിക്കുന്നുണ്ട്.

യാത്രയിൽ വഴികാട്ടി ആയത് ഗൂഗിളാണ്.രാത്രി ഒൻപത് ആയപ്പോൾ ചെന്നൈ എത്തി.ഓൺലൈൻ വഴി റൂം ബുക്ക് ചെയ്തിരുന്നു.. അത് കണ്ടു പിടിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം.. നീണ്ട യാത്രയുടെ ക്ഷീണം ഞങ്ങൾ മൂന്നു പേരിലും പ്രകടമായിരുന്നു. ഹോട്ടൽ തപ്പി പിടിച്ച് ചെന്നപ്പോൾ ആ ലോക്കേഷൻ അത്ര സുഖകരമായി തോന്നിയില്ല.. മറീന ബീച്ചിനടുത്ത് മറ്റൊരു ഹോട്ടലിൽ റൂമെടുത്തു.. ലഗേജ് റൂമിലെത്തിച്ച് കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ബെഡിലെത്തിയതേ ഓർമ്മയുള്ളൂ..
രാവിലെ അഞ്ച് മണിക്ക് സാറ് എന്നെയും മോനെയും വിളിച്ച് എഴുന്നേൾപ്പിച്ചു. ഇൻഡഷൻ കുക്കർ ഓൺ ചെയ്ത് ഉച്ചയ്ക്കുള്ള ഭക്ഷണം റെഡിയാക്കി.( അരി തിളപ്പിച്ച് കുക്കറിൽ വെച്ചു ) എല്ലാവരും റെഡി ആയി ബ്രേക്ക്ഫാസ്റ്റും കഴിച്ച് എട്ട് മണി ആയപ്പോൾ റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങി. മറീന ബീച്ചിലേയ്ക്ക് അഞ്ച് മിനിറ്റ് ദൂരമേ ഉള്ളൂ.. രാവിലെ ആയതു കൊണ്ട് ബീച്ച് വിജനമാണ്.. ചെന്നൈ യിലുള്ള മറ്റു സ്ഥലങ്ങൾ കണ്ടിട്ട് വൈകുന്നേരം വരാമെന്ന് തീരുമാനിച്ച് അവിടെന്ന് ഇറങ്ങി.
തമിഴ്നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ മെട്രോ നഗരവുമാണ് ചെന്നൈ.. ഫ്ലൈ ഓവറുകളുടെ നഗരം. 1996 വരെ മദ്രാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയുടെ പ്രവേശന കവാടം കൂടിയാണ് ചെന്നൈ. അവിടെ നിന്നും 25 കിലോമീറ്റർ ദൂരെയുള്ള ദക്ഷിണ ചിത്രയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. കാഞ്ചിപുരം ജില്ലയിലെ മുട്ടുക്കാട് എന്ന സ്ഥലത്താണ് ദക്ഷിണ ചിത്ര സ്ഥിതി ചെയ്യുന്നത്.. ഹെറിറ്റേജ് വില്ലേജ്… 1996 ആണ് നിലവിൽ വന്നത്. ദക്ഷിണ ചിത്ര രൂപകല്പന ചെയ്തിരിക്കുന്നത് വിശ്വ പ്രസിദ്ധനായ ലാറി ബേക്കറും ബെന്നി കുര്യനും ചേർന്നാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും വീടുകൾ അവിടെ പുനർജനിച്ചിരിക്കുന്നു. കേരളത്തിന്റെ പഴമ ഒട്ടും ചോർന്നു പോകാതെ പഴയ കാലത്തെ വീടുകൾ അവിടേയ്ക്ക് പറിച്ചു നട്ടിരിക്കുന്നു. പത്ത് ഏക്കറിലായി അതിങ്ങനെ വ്യാപിച്ചു കിടക്കുന്നു. എല്ലാം നടന്ന് കാണണമെങ്കിൽ ഒരു ദിവസം മതിയാക്കില്ല..

ഈ പൈതൃകഗ്രമത്തിൽ ഏറേ ആകർഷിച്ചത് കേരളമാണ്. പടിപ്പുര കടന്ന് ചെല്ലുന്നത് സിറിയൻ ക്രിസ്ത്യൻ വീടിന്റെ പൂമുഖത്തേയ്ക്കാണ്. ക്രിസ്ത്യൻ വീടുകളെ അനുസ്മരിപ്പിക്കുന്ന വീട്ടുപകരണങ്ങളും ധാന്യപുരകളും നീളൻ വരാന്തകളും ഒക്കെ അതു പോലെ പകർത്തിവെച്ചിരിക്കുന്നു. മുറ്റത്ത് തുളസി തറയും പശു തൊഴുത്തും കാർഷിക സംസ്കൃതി വിളിച്ചോതുന്ന തിരുവനന്തുപരത്തെ വീടുകളും ഇവിടെ കാണാം. കൂത്താട്ടുകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത വീടുകളും അവിടെ കാണാൻ കഴിഞ്ഞു. കാലത്തിന്റെ മഞ്ഞുപടങ്ങൾക്കപ്പുറത്തേയ്ക്ക് മറഞ്ഞു പോയ സംസ്ക്കാരത്തിന്റെ ഒരു ചീന്ത് ദക്ഷിണ ചിത്രയിൽ പുനരാവിഷ്ക്കരിച്ചിരിക്കുന്നു.
വെള്ളിയാഴ്ച്ച ആയത് കൊണ്ട് പള്ളിയിൽ പോകണം. ഒരു മണിയോടെ ദക്ഷിണ ചിത്രയോട് വിട പറയുമ്പോൾ പഴയ കാല ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ഒരു പ്രതീതിയായിരുന്നു. അവിടെ നിന്ന് ഇറങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഒരു പള്ളി കണ്ടു. കാറ് റോഡ് സൈഡിൽ ഒതുക്കി മോനും സാറും ജു:മ യ്ക്ക് പള്ളിയിൽ കയറി. എന്നെ കാറിനുള്ളിൽ പൂട്ടിയിട്ടിട്ടാണ് അവർ പോയത്. നിസ്ക്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേയ്ക്കും വിശപ്പു തുടങ്ങിയിരുന്നു. ഒരു തണൽമരത്തിന്റെ ചുവട്ടിൽ വണ്ടി ഒതുക്കി കയ്യിലുണ്ടായിരുന്ന ലഞ്ച് കഴിച്ചു.അപ്പോഴേക്കും സമയം രണ്ടര കഴിഞ്ഞിരുന്നു.ചെറിയൊരു ഷോപ്പിംഗിനായി phoenix മാളിൽ കയറി. കുറച്ച് സമയം അതിനുള്ളിൽ കറങ്ങി നടന്ന് മോൻ എന്തെക്കെയോ വാങ്ങി നാല് മണി ആയപ്പോൾ മറീന ബീച്ചിൽ എത്തി.. ആ സമയം ബീച്ച് സജീവമായി തുടങ്ങിയിരുന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. എത്ര കണ്ടാലും മതിയാകാത്ത ഒന്നാണ് കടൽ.അടുത്ത യാത്ര പോണ്ടിച്ചേരിയിലേയ്ക്കാണ്. ഓരോ ഐസ് ക്രീമും കഴിച്ച് ബീച്ചിനോട് വിട പറഞ്ഞു അടുത്ത ലക്ഷ്യത്തിലേയ്ക്ക്.

ചെന്നൈയോട് ബൈ പറഞ്ഞ് അവിടെ നിന്നും പുറപ്പെടുമ്പോൾ തന്നെ അറിയാമായിരുന്നു പോണ്ടിച്ചേരിയിൽ എത്തുമ്പോൾ രാത്രി ഏറേ വൈകുമെന്ന്. അവിടെ നിന്നും 156 കിലോമീറ്റർ ഉണ്ടെന്ന് ഗൂഗിൾ പറഞ്ഞു തന്നു. ഈസ്റ്റ് കോസ്റ്റ്റ്റ് റോഡിലൂടെയാണ് യാത്ര.അസമയത്തെ യാത്രയായതുകൊണ്ട് ബംഗാൾ ഉൽക്കടലിന്റെ തീരത്തുകൂടിയുള്ള യാത്രയുടെ മനോഹരമായ കാഴ്ച്ചകളും നഷ്ട്ടമായി. മഹാബലിപുരം കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതുവഴി കടന്നു പോകുപ്പോൾ വൈകിയിരുന്നു. ഓടി മറയുന്ന സ്ട്രീറ്റ് ലൈറ്റുകളും ഓവർ ടേക് ചെയ്യുന്ന വാഹനങ്ങളും മാത്രമായി കഴ്ച്ചകൾ. പകൽ മുഴുവൻ ഉള്ള ചൂടും നടപ്പും ഒക്കെ ആയി നല്ല ക്ഷീണമുണ്ടായിരുന്നു. ബാക് സീറ്റിൽ ചുരുണ്ട് കൂടി മെല്ലേ ഉറക്കത്തിലേക്ക് വഴുതി പോയി ഞാൻ.
രാത്രി പത്ത് മണി ആയപ്പോൾ പോണ്ടിച്ചേരിയിൽ എത്തി. ടൗണിൽ തന്നെ ആയിരുന്നു ഹോട്ടൽ.. കണ്ട് പിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. ലഗേജ് ഒക്കെ റൂമിലെത്തിച്ച് ഞാനും സാറും കൂടി നടക്കാനിറങ്ങി. കുറച്ചു ദൂരം നടന്നു. മോൻ റൂമിൽ തനിച്ചാണല്ലോ എന്ന ചിന്തയിൽ ഞങ്ങൾ മടങ്ങി. കുളിയും കഴിഞ്ഞ് ഭക്ഷണം കഴിച്ച് ബെഡിലേയ്ക്ക്….
രാവിലെ അഞ്ച് മണിക്ക് ഉണർന്നു. ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം റെഡിയാക്കി കുക്കറിൽ വെച്ചു.. 7.30 ആയപ്പോൾ റെഡിയായി റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങി. ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാത്ത നാല് പ്രദേശങ്ങളിലായിട്ടാണ് പോണ്ടിചേരിയുടെ കിടപ്പ്. ഇപ്പോൾ പുതുച്ചേരി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നാണ് പുതുച്ചേരി.മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്നു. കേരളത്തിൽ മാഹി.. തമിഴ്നാട്ടിലെ പുതുച്ചേരി ആന്ധ്രപ്രദേശിലെ യാനം എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശം കുറേ കാലം ഫ്രഞ്ച്കാരുടെ അധീനതയിലായിരുന്നു. ഫ്രഞ്ച് സംസ്ക്കാരവും പാരമ്പര്യവും ഇന്നും നിലനിർത്തുന്ന നഗരമാണ് പോണ്ടിച്ചേരി. കോളോണിയൽ വാസ്തുവിദ്യയിലാണ് ഇവിടുത്തെ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ പല തെരുവുകൾക്കും ഫ്രഞ്ച് പേരാണ് നൽകിയിരിക്കുന്നത്.

ഒരു പകൽ മാത്രമേ ഇവിടെ ഉള്ളൂ. അതു കൊണ്ട് പോണ്ടിച്ചേരിയിൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്തു. നഗരമദ്ധ്യത്തിൽ തന്നെയുള്ള ഭാരതി പാർക്കിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അതിനടുത്ത് തന്നെ മ്യൂസിയവും ഒരു പുരാതനമായ പള്ളിയും ഉണ്ട്. പാർക്കിന്റെ പ്രവേശന കവാടം കടന്നു ചെല്ലുമ്പോൾ തന്നെ ‘ഒരു മണ്ഡപം കാണാം. ആ സമയത്തും പാർക്കിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. നടക്കാൻ വരുന്നവരും നവവധൂവരൻമാരുടെ ഔട്ട് ഡോർ ഷൂട്ടിംഗുമൊക്കെയായി നല്ല തിരക്ക്. പാർക്കിന് എതിർ വശത്തായി ഗവർണറു ടെ ഭവനം കാണാം. ഗേറ്റിൽ സെക്യൂരിറ്റികൾ ഉണ്ടായിരുന്നെങ്കിലും അവരെ ഒഴിവാക്കി ഒരു ഫോട്ടോ ഫോണിൽ പകർത്തി.
തൊട്ടടുത്തുള്ള മ്യൂസിയത്തിലേയ്ക്കായിരുന്നു അടുത്ത കാഴ്ച്ചകൾക്കായി പോയത്. നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ. അവിടെ കണ്ട മറ്റൊരു പ്രത്യേകത കൂടുതൽ ആളുകളും സൈക്കിളിൽ സഞ്ചരിക്കുന്നതാണ്.
അതിപ്രാചീന കാലത്തെ അപൂർവ്വ പുരാവസ്തുക്കളുടെ ശേഖരമാണ് ഈ മ്യൂസിയം. നിരവധി ശിൽപങ്ങളും ചോള, പല്ലവ രാജവാഴ്ച്ച കാലത്തെ ശേഷിപ്പുകളും കല്ലിലും ചെമ്പിലും തീർത്ത ശിൽപങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്നു.
ചരിത്രത്തിലൂടെ ഒരു നടത്തം. സമയ കുറവ് കൊണ്ട് ഓടിനടന്ന് എല്ലാം കണ്ടു. അവിടെ നിന്നും 1700 കളിൽ നിർമ്മിക്കപ്പെട്ട ചരിത്ര പ്രാധാന്യമായ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ചർച്ചിലേയക്കായിരുന്നു അടുത്ത യാത്ര.ഈ ദേവാലയത്തിന്റെ നിർമ്മാണം ഗോഥിക് ശൈലിയിലാണ്. ഗ്ലാസിൽ നിർമ്മിച്ചിരിക്കുന്ന ചിത്രപണികളാണ് ഈ പള്ളിയുടെ മറ്റൊരു പ്രത്യേകത. ക്രിസ്തുവിന്റെ ജീവചരിത്രം മുഴുവൻ ഗ്ലാസ് പെയിന്റിൽ ആലേഖനം ചെയ്തിരിക്കുന്നു. എല്ലാ ദൈവങ്ങളും ഒന്നാന്നെന്ന് കരുതുന്നത് കൊണ്ട് പള്ളിയിൽ കയറി ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു. കുറച്ച് ചിത്രങ്ങൾ ക്യാമറയിൽ പകർത്തി അവിടെ നിന്നും ബോട്ടാണിക്കൽ ഗാർഡനിലേയ്ക്ക്. 22 ഏക്കറിലായി വൻമരങ്ങളും ഔഷധചെടികളുമൊക്കെയായി ചെറിയൊരു വനം പോലെ പടർന്ന് പന്തലിച്ചു നിൽക്കുന്നു.. അതിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ മനസിനും ശരീരത്തിനും കുളിർമ നൽകും. കുട്ടികൾക്കായി ചെറിയൊരു പാർക്കും തീവണ്ടി സർവ്വീസും ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ജലധാര അക്വേറിയം എന്നിവയും അതിനുള്ളിൽ കാണാൻ കഴിയും.

അവിടെ നിന്നും പാരഡൈസ് ബീച്ച് ലക്ഷ്യമാക്കി നീങ്ങി. പോണ്ടിച്ചേരിയിൽ എത്തുന്നവർ ഈ ബീച്ച് സന്ദർശിക്കാതെ മടങ്ങാറില്ല. പൂജാ ഹോളിഡേസ് ആയതു കൊണ്ട് നല്ല തിരക്കായിരുന്നു. ഒരിഞ്ചു സ്ഥലമില്ലാതെ അടിക്കി വെച്ചതു പോലെ വാഹനങ്ങൾ. തലങ്ങും വിലങ്ങും വരുന്നവരുടെയും പോകുന്നവരുടെയും തിരക്ക്. ഒരു വിധത്തിൽ കിട്ടിയ ഇത്തിരി സ്ഥലത്ത് വണ്ടി പാർക്കു ചെയ്തു ഇറങ്ങി. ഉച്ച സമയം..തീ പോലെ പെയ്യുന്ന വെയിൽ. തിരക്ക് കൂടുന്നത് കണ്ട് വണ്ടിയുമായി പുറത്ത് കടക്കാൻ കഴിയില്ലന്ന പേടി കൊണ്ട് ഒരു പാട് സമയം അവിടെ ചിലവഴിക്കാതെ മടങ്ങി. ഗൂഗിളിൽ തപ്പിയപ്പോൾ അടുത്ത് ഒരു ഓൾഡ് പോർട്ട് ഉണ്ടെന്ന് കണ്ട് അവിടെയ്ക്ക് പോകാൻ തീരുമാനിച്ചു.. മെയിൻ റോഡിൽ നിന്ന് ഇറങ്ങി ഏതോ ഊടുവഴിയിലൂടെ ജനവാസമില്ലാത്ത കുറ്റിക്കാടുകൾ നിറഞ്ഞ വിജനമായ ഒരു സ്ഥലത്തെത്തി… ഗൂഗിളമ്മാവൻ ചതിച്ചതാണെന്ന് മനസിലായി.. എന്റെ മനസ് ഭയം കൊണ്ട് നിറഞ്ഞു. ആയുധ ധാരികൾ ചാടി വീഴുന്നതും ഞങ്ങളെ ആക്രമിക്കുന്നതും ഒരു ചിത്രം പോലെ മനസിൽ മിന്നി മറഞ്ഞു… എന്റെ പേടി മറ്റുള്ളവരിലേയ്ക്കും പകർന്നതു കൊണ്ട് പെട്ടെന്നു തന്നെ അവിടെന്നു തിരികെ പോന്നു.
അവിടെന്നും നേരേ പോയത് Dr. Abdulkalam science Center. പ്ലാനിറ്റോറിയത്തിലേക്കാണ്. മൂന്ന് മണിയ്ക്കാണ് അടുത്ത ഷോ. അപ്പോഴേയ്ക്കും ലഞ്ച് കഴിക്കാമെന്ന് കരുതി ഒരു തണൽ മരത്തിനു ചുവട്ടിൽ നിർത്തി. പുളിശേരിയും മീൻ അച്ചാറും ഫ്രൈയും ചമ്മന്തിപ്പൊടിയും പപ്പടവും കൂട്ടി കുശാലായി കഴിച്ചു. ശാസ്ത്രത്തിന്റെ ഒരു അത്ഭുത ലോകത്തേയ്ക്കാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യയിലെ ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങളും വിവരണങ്ങളും ഉൽപ്പെടുത്തിയ ചെറിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്ലാനിറ്റോറിയത്തിലെ ഏസിയുടെ കുളിർമ്മയും സീറ്റിന്റെ കംഫർട്ടബിളും കണ്ണിൽ ഉറക്കത്തിന്റെ ഊഞ്ഞാലുകെട്ടി. ഷോ തുടങ്ങി…. ആകാശ കാഴ്ച്ചയുടെ വിസ്മയങ്ങളിലേയ്ക്ക് ആണ് കൺതുറന്നത്. ഗ്രഹങ്ങളെ കുറിച്ചും ഉൾപത്തിയെ കുറിച്ചുമൊക്കെ കൂടുതൽ അറിവുകൾ പകർന്നു കിട്ടി.
ഇനി പോണ്ടിച്ചേരിയിൽ കാണാൻ രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങൾ കൂടി ഉണ്ട്. അരവിന്ദോ ആശ്രമവും പ്രോമനോഡ് ബീച്ചും ( റോക്ക് ബീച്ച് ). ആദ്യം അരവിന്ദോ ആശ്രമത്തിലേക്കാണ് പോയത്. അവിടെയും തിരക്കിന് കുറവില്ല. ചെരുപ്പ് സൂക്ഷിപ്പുകാരെ ഏൾപ്പിച്ച് നിരയിൽ സ്ഥാനം പിടിച്ചു. അരവിന്ദോ സ്വാതന്ത്ര്യ സമര സേനാനി, യോഗി, കവി, തത്വചിന്തകൻ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ക്യാമറയും ഫോണും ഒന്നും അനുവദിക്കില്ല. അരവിന്ദോ സ്വാമിയുടെ സമാധി സ്ഥലവും ലൈബ്രറിയുമാണ് അതിനുള്ളിൽ ഉള്ളത്. ആളുകൾ ഭക്തിയോടെ കല്ലറ വലം വെയ്ക്കുന്നതും അതിൽ തൊട്ട് മുത്തുന്നതും കണ്ടു.

പ്രോമോനോടു ബീച്ചിലേയ്ക്കുള്ള യാത്രയിൽ കിലോമീറ്ററുകൾക്കിപ്പുറം തന്നെ ബ്ലോക്ക് ആയി.വണ്ടി പാർക്ക് ചെയ്യാൻ തന്നെ നന്നേ ബുദ്ധിമുട്ടി. ഫ്രഞ്ച് പ്രൗഡി വിളിച്ചോതുന്ന തെരുവുവീഥിയിലൂടെ ബീച്ചിലേക്ക് നടന്നു. സൈക്കിളിൽ ഇത്തിരി സ്ഥലത്തു കൂട്ടി അഭ്യാസികളെ പോലെ കടന്നു പോകുന്നവരെ സാകൂതം വീക്ഷിച്ചു കൊണ്ടായിരുന്നു നടത്തം. മനോഹരമായ സായാഹ്നം ചിലവിടാൻ എത്തിയവരുടെ തിരക്കായിരുന്നു അവിടെയും. ദൂരെ കടലിലേയ്ക്കു നീണ്ടു കിടക്കുന്ന കടൽ പാലം കാണം.. കടൽ പാലത്തിലേയ്ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. എന്നാലും ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരെ പൊട്ടു പോലെ കാണാൻ കഴിയുന്നുണ്ട് .. യുദ്ധകാലത്തെ ചില ഓർമ്മപ്പെടുത്തലുകളുമായി നിലകൊണ്ട സ്മാരകങ്ങൾ അവിടെ കാണാൻ കഴിയും. ഫ്രഞ്ച് വാർ സ്മാരകം,, ഡ്യൂ ഫ്ലക്സ്പ്രതിമ, കാർഗിൽ യുദ്ധസമാരകം, ഗാന്ധി മണ്ഡപം, നെഹ്റുവിന്റെ പ്രതിമ, വിളക്ക് മാടം എന്നിവയും കാണാം. കുറച്ചു ദൂരം നടന്ന് ഒരു കല്ലിൽ അൽപ നേരം ഇരുന്നു. അസ്തമയത്തിന്റെ ചോപ്പ് ആകാശം നിറയെ പരക്കുന്നുണ്ടായിരുന്നു. ആരവല്ലിയിലേക്കുള്ള സന്ദർശന സമയം കഴിഞ്ഞതിനാൽ അവിടെയ്ക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു.
അവിടെ നിന്നും അടുത്ത യാത്ര തഞ്ചാവൂരിനാണ്. പോകും വഴി നാഗൂർ ദർഗ സന്ദർശിക്കണമെന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. ആ യാത്ര ഒരിക്കലും മറക്കാനാവാത്തതായി. പോണ്ടിച്ചേരിയോടു വിടപറയുമ്പോൾ ഒരു പകലിന്റെ ക്ഷീണം മാറ്റാനായി സൂര്യനും കടലിൽ മറഞ്ഞിരുന്നു….
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog