കോടിക്കണക്കിനു രൂപ ചെലവഴിച്ചു നിർമിച്ച സംസ്ഥാനത്തെ നാലു കെഎസ്ആർടിസി ബസ് ടെർമിനൽ സമുച്ചയങ്ങൾ ഫലപ്രദമായി ഉപയോഗിക്കാത്തതുമൂലമുള്ള പ്രതിമാസ വരുമാന നഷ്ടം 91,78,644 ലക്ഷം രൂപ. തിരുവനന്തപുരം, അങ്കമാലി, തിരുവല്ല, കോഴിക്കോട് എന്നീ സമുച്ചയങ്ങളിലായി മൂന്നു ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടമാണു വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത്.
കോഴിക്കോട്ടെ ടെർമിനൽ, സ്വകാര്യ സ്ഥാപനത്തിനു കൈമാറാനുള്ള നിയമക്കുരുക്കിലായതിനാൽ ഇതുവരെ വാടകയ്ക്കു നൽകാനായിട്ടില്ല. 200 കോടിയിലേറെ രൂപയാണു നാലു സമുച്ചയങ്ങളുടെ നിർമാണത്തിനായി കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) ചെലവഴിച്ചത്.
നിലവിൽ തമ്പാനൂർ, തിരുവല്ല, അങ്കമാലി ബസ് ടെർമിനലുകളിൽനിന്നു കെടിഡിഎഫ്സിക്കു വാടക ലഭിക്കുന്നുണ്ട്. കോഴിക്കോട് ടെർമിനലിൽനിന്നാകട്ടെ പാർക്കിങ് ഫീസിനത്തിൽനിന്നുള്ള തുക മാത്രമാണു ലഭിക്കുന്നത്. വാടകയിനത്തിൽ പ്രതിമാസം 50 ലക്ഷം രൂപ ഓരോ സമുച്ചയത്തിൽനിന്നും ലഭിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.
ബസ് ടെർമിനലിന്റെ പേര്, വാടകയ്ക്കു നൽകിയ ഭാഗത്തിന്റെ വിസ്തീർണം, ശതമാനം, ഒഴിഞ്ഞു കിടക്കുന്ന ഭാഗം, പ്രതിമാസ വരുമാന കുറവ്/ നഷ്ടം എന്ന ക്രമത്തിൽ :
തമ്പാനൂർ: 68,988 ചതുരശ്ര അടി, 71 ശതമാനം, 28334 ചതുരശ്ര അടി, 10,15,213 ലക്ഷം രൂപ
തിരുവല്ല: 20,469 ചതുരശ്ര അടി, 22 ശതമാനം, 73803 ചതുരശ്ര അടി, 18,22,520
അങ്കമാലി: 42,495 ചതുരശ്ര അടി, 41 ശതമാനം, 61360 ചതുരശ്ര അടി, 13,40,911
കോഴിക്കോട്: *2,18,716 ചതുരശ്ര അടി, 100 ശതമാനം, –––––––––––––––, 50,00,000 * കോടതി വിധിക്കു വിധേയമായി
കെടിഡിഎഫ്സി നിർമാണത്തിനായി ചെലവഴിച്ച തുക (കോടി രൂപയിൽ)
തമ്പാനൂർ: 80.97
തിരുവല്ല: 46.43
അങ്കമാലി: 37.59
കോഴിക്കോട്: 72.95
ആകെ: 237.94 കോടി രൂപ
കെട്ടിടസമുച്ചയങ്ങളിൽനിന്നു ലഭിക്കുന്ന പ്രതിമാസ വാടക (പേ ആൻഡ് പാർക്ക് / പേ ആൻഡ് യൂസ് ഉൾപ്പെടെ)
തമ്പാനൂർ: 14,11,155 ലക്ഷം രൂപ
തിരുവല്ല: 2,34,352
അങ്കമാലി: 18,09,387
കോഴിക്കോട്: 4,69,167 (പേ ആൻഡ് പാർക്ക് മാത്രം)
സർക്കാർ ഇടപെടലും തുണച്ചില്ല
ബസ് ടെർമിനലുകൾ ഉപയോഗിക്കാതെ കിടക്കുന്നതുമൂലമുള്ള വൻനഷ്ടം ഒഴിവാക്കാൻ വാടകനിരക്കു കുറയ്ക്കാനും സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ടെർമിനലുകളിലേക്കു മാറ്റാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഉയർന്ന നിരക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണു വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കാൻ താൽപര്യം കാണിക്കാത്തതെന്നാണു കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ടെർമിനലുകളിലെ വാടകനിരക്കു പകുതിയിലേറെ കുറച്ചു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുതിയ ടെൻഡർ ക്ഷണിച്ചത്. ഒന്നാം നിലയിൽ ചതുരശ്ര അടിക്കു പ്രതിമാസ വാടക 122 രൂപയിൽനിന്ന് 50 രൂപ വരെയായാണു കുറച്ചത്.
മുകൾനിലകളിൽ ഇതു 30 രൂപ വരെയായും കുറച്ചു. വൈദ്യുതി, വെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിടങ്ങളിൽ ഉറപ്പാക്കണമെന്നും സർക്കാർ കെടിഡിഎഫ്സിക്കു നിർദേശം നൽകിയിരുന്നു.
Source- http://www.manoramaonline.com/news/kerala/2017/10/21/09-tcr-ksrtc-loss.html