ഒരിടത്ത് ഒരിടത്ത് ഒരു തറവാടുണ്ടായിരുന്നു. എന്ന് പറയുമ്പോൾ ഇപ്പോഴും ഉണ്ട്. മേലേപ്പുര തറവാട്. വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു. “ഞാൻ വരും, തൂണ് പിളർന്നും വരും ത്രിസന്ധ്യയിൽ ഉമ്മറ പടിയിൽ ഇട്ട് നെഞ്ച് കീറി കുടൽ മാല പുറത്ത് ഇടാൻ സംഹാരത്തിൻ്റെ അവതാരമായി ഞാൻ വരും” എന്ന നരസിംഹത്തിലെ മോഹൻലാലിൻ്റെയും,
“പൊന്നാമ്പ് തെളിയാത്ത പാറമണ്ണിൽ പൊന്ന് വിളയിച്ചും നിലമ്പൂരിലെയും ഗൂഡലൂരിലെയും കാടുകളിൽ കൂപ്പു പണിക്ക് പോയും കൂപ്പ് ലേലം വിളിച്ചും കൊണ്ടും കൊടുത്തും വളർന്ന മാധവനുണ്ണി ഒഴുകിയ വിയർപ്പിന് ചുവപ്പ് നിറമായിരുന്നു ചോരേടെ ചുവപ്പ്” എന്ന വല്ല്യേട്ടനിലെ മമ്മൂട്ടിയുടെ ഡയലോഗും ഈ തറവാടിൻ്റെ മുറ്റത്ത് തന്നെയാണ് ചിത്രീകരിച്ചത്.
സിനിമാ ചിത്രീകരണത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന ചുരുക്കം ചില തറവാടു വീടുകളിൽ ഒന്നാണ് ഈ മേലേപ്പുര തറവാട്. അഗ്നിദേവൻ എന്ന സിനിമയിലെ നായക കഥാപാത്രത്തിൻ്റെ എഴുത്തുപുരവീടായി തിരശീലയിൽ കണ്ട അതേ വീട്. വെള്ളിത്തിരയിൽ ഒരു കാലഘട്ടത്തിലെ നാട്ടുപ്രമാണിയുടെയും കുലീനരായ പ്രതിനായകൻമാരുടെയും തറവാടുവീട് നരസിംഹത്തിലെ മണപ്പള്ളി പവിത്രൻ്റയും, വല്യേട്ടനിലെ പട്ടേരി ശിവരാമൻ്റെയും, ചന്ദ്രോത്സവത്തിലെ രാമനുണ്ണിയുടെയും തുടങ്ങി പൗരുഷ സാമ്രാട്ടായ സാക്ഷാൽ മംഗലശ്ശേരി നീലകണ്ഠൻ്റെ അമ്മാത്ത് വീട് എന്ന നിലയിലും പ്രൗഡിയാർജിച്ച അതേ തറവാടുവീട്.
നൂറ്റാണ്ടുകൾക്ക് മുൻപ് മലബാർ ഭരിച്ചിരുന്ന സാമൂതിരിയുടെ പക്കൽ നിന്നും തണ്ടയാൻ സ്ഥാനം ലഭിച്ചതാണ് ഈ തറവാട്ടുകാർ അതിനാൽ തന്നെ സാമൂതിരി കല്പിച്ചു നല്കിയ കളരിയും, വൈദ്യപാരമ്പര്യങ്ങളും പൈതൃകമായി നില നിന്നുപോന്നിരുന്നതാണ് ഈ തറവാട്. ഇന്നത്തെ മദ്ധ്യകേരളത്തിൽ തൃശൂരിൻ്റെ പടിഞ്ഞാറൻ മേഖലയായ ചാവക്കാടിൻ്റെ മണ്ണിൽ പാരമ്പര്യവും പൈതൃകങ്ങളും കൊണ്ട് ശിരസ്സുയർത്തി നില്ക്കുന്നു ഇന്നും ഈ തറവാട്.
150 വർഷം പഴക്കവും നാല് ഏക്കറോളം സ്ഥലവും അടങ്ങിയ സ്ഥലത്താണ് തറവാട് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റി എന്നിങ്ങനെ നാല് സൗധങ്ങളുമുണ്ട്. വെട്ടുകല്ലും, വെണ്ണക്കല്ലും, മേൽത്തരം ഇനം മരങ്ങളും ഉപയോഗിച്ചാണ് ഇതിൻ്റെ നിർമ്മാണം. നാലുകെട്ടിൻ്റ വിശാലമായ പൂമുഖവും, നടുമുറ്റവും, പത്തായപ്പുരയും, കുളവും, പടിപ്പുരയും മലയാള സിനിമയ്ക്ക ഏറെ പരിച്ചിതമാണ്.
തറവാടിൻ്റെ മുൻ അവകാശിയായിരുന്ന മേലപ്പുര വിശ്വനാഥൻ ഉന്നത വിദ്യഭ്യാസം നേടിയ ചാവക്കാട്ടെ പ്രമുഖരിൽ പ്രമുഖനും ആയിരുന്നു. ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയ തമിഴ് താരങ്ങളും, വിൻസൻ്റ്, സോമൻ, സുഖുമാരൻ,സത്താർ തുടങ്ങിയ മലയാളതാരങ്ങളും മലയാളത്തിൻ്റെ പ്രമുഖ സംവിധായകരായിരുന്ന രാമു കാര്യാട്ട്, ഭരതൻ, ഐ.വി ശശി എന്നിവർ സുഹൃത്തുക്കളും ഒരു കാലത്ത് ഇവിടത്തെ സന്ദർശകരുമായിരുന്നു.
നിരവധി ഭൂസ്വത്തുക്കളും, വിദ്യഭ്യാസ സ്ഥാപനവും, കെട്ടിട്ടസമുച്ചയങ്ങളും, ലോഡ്ജുകളും, കയർ ഫാക്ടറിയും, ബസ് സർവ്വീസുകളും (മേലേപ്പുര മോട്ടേഴ്സ്) കൊണ്ട് പ്രതാപശാലിയായിരുന്ന ഇദ്ധേഹം ഒരു വലിയ ദാനധർമ്മിക്കൂടിയായിരുന്നു. ആ നാട്ടിലെ അശരണരുടെ അത്താണിയായിരുന്നു ഈ തറവാട്. ഏക മകനും നിലവിലെ തറവാടിൻ്റെ അവകാശിയുമായ രഞ്ജിത് അറിയപ്പെടുന്ന ഒരു ഡോക്ടറും കൂടിയാണ്.മേലേപ്പുര വിശ്വനാഥൻ കാരണവരുടെ കാലത്താണ് ഇവിടെ കൂടുതൽ സിനിമകൾ ചിത്രീകരണങ്ങൾ നടത്തിയിട്ടുള്ളത്. മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മന കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം മേലേപ്പുര തറവാടിനായതിൽ ചാവക്കാട്ടുക്കാർക്ക് അഭിമാനിക്കാം.
ഗുരുവായൂർ കേശവൻ, സെൻ്റ് തോമസ്, ആറാട്ട്, അപരാധി, 1921, മഹായാനം, ദേവാസുരം, അഗ്നിദേവൻ, പല്ലാവൂർ ദേവനാരയണൻ, സത്യഭാമയക്ക് ഒരു പ്രേമലേഖനം, പാർവ്വതി പരിണയം, മാനസം, പുത്തൂരം പുത്രി ഉണ്ണിയാർച്ച, നരസിംഹം, വല്യേട്ടൻ, ഡാർലിംങ്ങ് ഡാർലിംങ്ങ്, ചന്ദ്രാത്സവം, സ്നേഹിതൻ, വാമനപുരം ബസ്സ്റൂട്ട്, ഊമപ്പെണിന് ഉരിയാടപയ്യൻ, ചങ്ങാതിപൂച്ച, കഥ, സൂര്യകിരീടം, ആയിരത്തിൽ ഒരുവൻ തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളും, കുറച്ച് ഹൃസ്വചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
എങ്കിലും മേലേപ്പുര തറവാടിന് എന്തുകൊണ്ടോ അർഹമായ പരിഗണനയും പ്രശസ്തിയും സിനിമാ മേഖലയിൽ ഉണ്ടായിട്ടില്ല എന്നത് ഒരു വാസ്തവമാണ്. ഇവിടെ ചിത്രീകരണം നടക്കുന്ന സമയങ്ങളിൽ സിനിമയുടെ അണിയറ പ്രവർത്തകർ പത്രങ്ങളിലും, മാസികകളിലും സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത് “ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു” എന്നാണ് ഒരു പകഷെ പ്രസിദ്ധമായ ഗുരുവായൂർ എന്ന നാമമായിരിക്കാം സിനിമാ ലോകത്തിന് ഏറെ ഇഷ്ടം.
മലയാള ചലച്ചിത്ര ലോകത്തിൻ്റെ ഇന്നത്തെ പ്രയാണത്തിൽ പുനർജനിക്കാൻ പ്രായസമുള്ള പ്രതേകിച്ച് ഇന്നത്തെ ന്യൂജെനറേഷൻ യുഗത്തിൽ പഴയ ജന്മി കഥകളും, മാടമ്പി കഥകളും, പ്രതാപികളായ പ്രതിനായക കഥാപാത്രങ്ങൾ വെറും പഴങ്കഥകൾ ആയി പോയി എങ്കിലും മികച്ച സിനിമകളെയും കലാസൃഷ്ടികളെയും കാത്ത് മേലേപ്പുര തറവാടിൻ്റ പടിപ്പുര വാതിൽ തുറന്ന് തന്നെ കിടപ്പുണ്ടാകും…
എഴുത്ത് – സനിൽ വിൻസൻ്റ്.