എന്തു വന്നാലും ബസ് ജീവനക്കാരെ കുറ്റം പറയുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലും. ചിലപ്പോള്‍ മറ്റുള്ളവരുടെ തെറ്റായിരിക്കാം. എന്നാലും പഴി കേള്‍ക്കുന്നത് പാവം ബസ്സുകാരും. അപക്ടമുണ്ടായാലും ഇതുതന്നെയാണ് സ്ഥിതി. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ദേവിക രമേഷ് എന്ന യാത്രക്കാരി. ഇനി ദേവികയുടെ വാക്കുകളിലൂടെ…
“ആനവണ്ടിയെ ഒരു വികാരമായി കരുതുന്നവരാണ് നമ്മളൊക്കെ.എന്ത് അപകടമുണ്ടായാലും KSRTC യുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നടക്കുന്ന കുറെയാളുകളുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ ഇന്ന് എനിക്കുണ്ടായത് തികച്ചും അപ്രതീക്ഷിതമായ ഒരനുഭവമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ടയില്‍ നിന്നും 12.30ഓടെ ഗവിയ്ക്ക് പോകുന്ന ബസില്‍ വടശ്ശേരിക്കരയില്‍ ഇറങ്ങാനായി ഞങ്ങള്‍ കയറി.
എന്നോടൊപ്പം എന്റെ അമ്മയും 2 മാസം പ്രായമായ മകളും ഉണ്ടായിരുന്നു.കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സീറ്റ് തരപ്പെടുത്തി തരാനും അമ്മയും കുഞ്ഞും ഇരുന്നിട്ടു മാത്രം ബസ് വിടാനും ഉളള അവരുടെ ആത്മാര്‍ത്ഥത എന്നെ ഞെട്ടിച്ചു. എന്നാല്‍ മൈലപ്ര ടൗണ്‍ പിന്നിട്ടതും എതിരെ വന്ന ലോറിയെ ഓവര്‍ടേക്ക് ചെയ്ത് ഒരു ബൈക്ക് വന്നതും ഒരുമിച്ചായിരുന്നു.അമിതവേഗത്തില്‍ വന്ന ബൈക്ക് യാത്രികരെ രക്ഷിക്കാന്‍ KSRTC ഡൈവര്‍ ബസ് ബ്രേക്കിട്ടു..ആദ്യ സീറ്റീല്‍ എന്റെ അമ്മയുടെ മടിയില്‍ ഇരുന്ന മോളുടെ തല ബസിന്റെ കമ്പിയില്‍ തട്ടി.

അപ്പോഴേക്കും കണ്ടക്ടറും മറ്റ് യാത്രക്കാരും ഓടിയെത്തി കുഞ്ഞിനെ എടുത്ത് നോക്കുകയും ബസ് ആശുപത്രിയിലേക്ക് വിടാം എന്ന് പറയുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന് കുഴപ്പമില്ലാത്തതിനാല്‍ ആ യാത്ര വേണ്ടി വന്നില്ല.അതേസമയം ഓവര്‍ ടേക്ക് ചെയ്ത് അപകടമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പൂര്ണബോധമുണ്ടായിട്ടു കൂടി അപ്പോഴും അപകടമുണ്ടാക്കിയ ബൈക്ക് യാത്രികര്‍ ബസിലുള്ളവരോട് കയര്‍ക്കുകയായിരുന്നു.
ഇനി അതൊരു അപകടമായാലും പഴി ആനവണ്ടിയ്ക്ക് ആയിരുന്നേനെ.രക്ഷപെടാന്‍ 1% പോലും ചാന്‍സ് ഇല്ലാതിരുന്ന ആ ബൈക്ക് യാത്രികര്‍ രക്ഷപെട്ടത് ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്.. അതുപോലെ തന്നെ മോള്‍ക്ക് എന്താപറ്റിയത് എന്നറിയാതെ ഭയന്നുപോയ ഞങ്ങളെ സമാധാനിപ്പിച്ചതും കുഞ്ഞിനു കുഴപ്പമൊന്നുമില്ല എന്നുറപ്പിച്ച ശേഷം മാത്രം യാത്ര തുടരാനുളള തീരുമാനവും ഞങ്ങള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല. അതുകൊണ്ടു തന്നെ ഒരുപാട് നന്ദിയുണ്ട് ഗവി ബസിലെ ഡ്രൈവറോട്,കണ്ടക്ടറോട്,ഞങ്ങളെ സമാധാനിപ്പിച്ച യാത്രക്കാരോട്…നന്ദി ഒരായിരം നന്ദി…”
വിവരണം – ദേവിക രമേഷ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog