സഞ്ചാരികളെ.. യാതൊരു പരിചയവും ഇല്ലാത്ത ഒരു സ്ഥലം… വശമില്ലാത്ത ഭാഷ.. ഏതാണ്ട് കാലിയായ പോക്കറ്റ്.. കക്ഷം കീറിയ ഒരു ജാക്കറ്റും.. ഇത്രയും സംഭവങ്ങൾ മാത്രം കൈമുതലാക്കി ഒരിക്കൽ ഒരു യാത്ര പോയിരുന്നു… എന്റെ സുഹൃത്തുക്കളുടെ അറിവിൽ ഞാൻ നടത്തിയ ആദ്യ മണാലി യാത്ര ഞാൻ മുൻപൊരിക്കൽ എഴുതിയ “#മലാന_യാത്ര” ആണ്..
എന്നാൽ സത്യം അതല്ല.. അതിനും ഒരുപാട് മുൻപ്.. കാര്യമായി പോക്കറ്റിൽ ഒന്നും ഇല്ലാതിരുന്ന സമയത്ത് നൂറിന്റെ ഏതാനും മുഷിഞ്ഞ നോട്ടുകളുമായി ഒരു യാത്ര പോയിരുന്നു..
ഒരുപക്ഷേ ഈ കുറിപ്പ് വായിച്ചു കഴിയുമ്പോൾ ബുള്ളറ്റിൽ ഇന്ത്യ ചുറ്റുന്ന നിങ്ങൾക്ക് തോന്നാം ഇതൊന്നും ഒരു യാത്രയെ അല്ലാ എന്ന്.. എന്നാൽ എനിക്കിത് ഞാൻ എന്നും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന കുറച്ച് ഓർമ്മകളാണ്.. ഇന്നും പലനാടുകളിലൂടെ സഞ്ചാരം തുടരുമ്പോളും, ഒരുപാട് സൗകര്യങ്ങളിൽ പുതിയ സ്ഥലങ്ങൾ തേടി നടക്കുമ്പോളും ഈ യാത്ര എന്റെ കണ്ണ് നിറയ്ക്കും..
കാരണം എനിക്കിത് ഒരർത്ഥത്തിൽ പൂർത്തീകരിക്കാൻ പറ്റാതെ പോയ ഒരു യാത്രയാണ്…
ഡൽഹിയിൽ തീരെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന സമയം.. എങ്ങനെയോ ആ അത്താഴപ്പഷ്ണിക്കാരന്റെ ഉള്ളിൽ മണാലി എന്ന വശ്യ സുന്ദരി കയറിക്കൂടി.. മെല്ലെ മെല്ലെ മണാലിയെന്ന മഞ്ഞുകന്യക ഒരാവേശമായി അവനിൽ വേരുകൾ താഴ്ത്തി.. കിട്ടുന്ന ശമ്പളം വീട്ടുവാടകയ്ക്കും പലചരക്കുകടയിലും കൊടുത്തുകഴിഞ്ഞു ഒരു ബിരിയാണി കഴിക്കാൻ കൂട്ടുകാരനോട് കടം വാങ്ങിയിരുന്ന കാലം.. ഇന്നത്തെപ്പോലെ കൂണുപോലെ സഞ്ചാരികളോ യാത്രകളെ സഹായിക്കുന്ന കൂട്ടായ്മകളോ അന്നില്ല.. ആകെ കൈമുതലായുള്ളത് നേരത്തെ പറഞ്ഞത് പോലെ പലചരക്കുകടയിലെ പറ്റും തീർത്തു മിച്ചംപിടിച്ച ഏതാനും മുഷിഞ്ഞ നോട്ടുകൾ..
ഒരുമാസം നന്നായി അങ്ങ് പിശുക്കി.. രാവിലെയും വൈകുന്നേരവും റൂമിൽ നിന്നും ആശുപത്രിയിലേക്ക് എട്ട് കിലോമീറ്റർ നടന്നു തീർക്കുമ്പോൾ മണാലിയിലേക്കുള്ള എന്റെയും പോക്കറ്റിന്റെയും ദൂരം കുറഞ്ഞുവരുന്നത് ഞാൻ അറിഞ്ഞു.. അന്ന് കിട്ടിയ ആ ഒരു സന്തോഷം സത്യത്തിൽ എനിക്ക് പിന്നീടൊരിക്കലും അനുഭവിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ പിശുക്കിയും പട്ടിണികിടന്നും നടത്തം ഒരു പതിവാക്കിയും പഴയ മുഷിഞ്ഞ നോട്ടുകൾക്ക് ഏതാനും ചില പുതിയ നോട്ടുകളെ കൂട്ടുകാരായി കൊടുക്കാൻ എനിക്ക് സാധിച്ചു..
പിന്നീട് കണക്കുക്കൂട്ടലുകൾ ആയിരുന്നു.. അക്കങ്ങളുടെ കൂട്ടുപിടിച്ചു ഞാൻ ഡൽഹിയിൽ നിന്നും മണാലിക്കും തിരിച്ചു ഡെൽഹിക്കും ഒരുപാട് തവണ സഞ്ചരിച്ചു.. പക്ഷേ എന്റെ കണക്കുകൂട്ടലുകൾ പോക്കറ്റുമായി സൗഹൃദത്തിലാവാൻ ഞാൻ പിന്നെയും ഒരു മാസം കൂടെ കാത്തിരിക്കേണ്ടതായി വന്നു.. അവസാനം കാത്തിരുന്ന ആ ദിവസം വന്നെത്തി..
എ സി സ്ലീപ്പർ ബസിൽ പോവണം എന്നായിരുന്നു ആഗ്രഹം എങ്കിലും കയ്യിലുള്ള പൈസയ്ക്ക് തിരിച്ചും വരണമല്ലോ എന്നോർത്തപ്പോൾ ചണ്ഡിഗർഗിനുള്ള വെള്ളയും നീലയും പെയിന്റ് അടിച്ച ഓർഡിനറി ബസിലേക്ക് കാലുകൾ നീണ്ടു.. കാശ്മീരിഗേറ്റ് ബസ് സ്റ്റാൻഡിൽ നിന്നും എന്റെ സ്വപ്നങ്ങളുടെ തേര് ഹോൺ മുഴക്കി ഡൽഹി നിരത്തിന്റെ തിരക്കിലേക്ക് …
വൈകുന്നേരം ആയതിനാൽ നല്ല ട്രാഫിക് ആയിരുന്നു.. ഏതാണ്ട് ഒന്നര മണിക്കൂറോളം എടുത്തു ദില്ലിയുമായുള്ള ബന്ധം വേർപ്പെടുത്താൻ.. പിന്നീടങ്ങോട്ട് ഒരു പ്രയാണമായിരുന്നു.. ഹരിയാനയുടെ കാഴ്ചകളിലൂടെ, കുരുക്ഷേത്രയുടെ രക്തം മണക്കുന്ന ഓർമ്മകളിലൂടെ..
ഇടയ്ക്കെപ്പോളോ ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തി.. കൂടെയുണ്ടായിരുന്ന എല്ലാവരും പുറത്തിറങ്ങുന്നതുവരെ ഉറക്കം നടിച്ചുകിടന്ന ഞാൻ മെല്ലെ കണ്ണു തുറന്നു.. എല്ലാവരും ഇറങ്ങി എന്നുറപ്പായതും നേരത്തെ വാങ്ങിവെച്ച റോബസ്റ്റ വാഴപ്പഴവും കുപ്പിയിലെ വെള്ളവും കഴിച്ചു വിശപ്പടക്കി.. കാരണം എന്റെ കണക്കുകൂട്ടലിൽ ചണ്ഡിഗർഗിൽ ആണ് അടുത്ത ഭക്ഷണം..
സ്ഥലം എവിടെ എന്നറിയില്ല.. കാരണം കയ്യിൽ ഉള്ള ഫോണിന്റെ ബാറ്ററിയുടെ പ്രസവം ഏതാണ്ട് അടുത്തിരിക്കുന്നു.. ഇടയ്ക്കിടെ ഓൺ ചെയ്തു ആ പൂർണ്ണ ഗർഭിണിയെ ശല്ല്യം ചെയ്യാൻ തോന്നിയില്ല.. വീണ്ടും യാത്ര.. എല്ലാ ജനലുകളും അടച്ചിട്ടും ഡ്രൈവർ തുറന്നുവച്ചിരിക്കുന്ന ജനലിലൂടെ തണുത്ത കാറ്റ് മുഖത്തേക്ക് വീശിക്കൊണ്ടിരുന്നു..
ബസ് ചണ്ഡീഗഡ് അടുത്തിരിക്കുന്നു എന്ന് യാത്രക്കാരുടെ പെരുമാറ്റത്തിൽ നിന്നും മനസിലായി..
എല്ലാവരും അവരവരുടെ ബാഗുകൾ എടുത്തു ഇറങ്ങാൻ തയ്യാറാവുന്നു.. ഞാനും എന്റെ പ്രിത്യേകിച് ഒന്നുമില്ലാത്ത ബേഗ് ഒന്നൂടെ ചേർത്ത് പിടിച്ചു..
ചണ്ഡീഗഡ് സ്റ്റാൻഡ്.. അത്യാവശ്യം തണുപ്പുണ്ട്… ഇറങ്ങിയ ഉടനെ തന്നെ ഒരു ചായ കുടിച്ചു..
നേരത്തെ പഴം കഴിച്ചതോണ്ടാവും വലിയ വിശപ്പ് തോന്നിയില്ല.. ചായക്കാശും കൊടുത്തു മണാലിക്കുള്ള ബസ് തിരയാൻ തുടങ്ങി.. ഒരു വട്ടം ബസ്സ്റ്റാൻഡ് കറങ്ങി വന്നപ്പോളേക്കും ചുവന്ന അക്ഷരങ്ങളിൽ മണാലി എന്നെഴുതിയ ബോർഡ് കണ്ണിൽ പിടിച്ചിരുന്നു.. നിറയെ യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസ്.. അന്വേഷിച്ചപ്പോൾ അടുത്ത ബസ് ഉടനെയൊന്നും ഇല്ല എന്നറിഞ്ഞു..
“ഏക് മണാലി.. !!” അത്രയും തിരക്കുള്ള ബസിൽ കേറി ലാസ്റ്റ് സ്റ്റോപ്പ് പറഞ്ഞതിനാലാവാം കണ്ടക്ടർ എന്നെയൊന്നു ഇരുത്തി നോക്കി.. ടിക്കറ്റ് തന്നതിന് ശേഷം പറഞ്ഞു : “ആജാവോ മേരാ സാഥ്.. ” ആളുകളെ വകഞ്ഞുമാറ്റി അയാളുടെ പിന്നിലായി ഞാനും ബസിന്റെ മുന്നോട്ട് നടന്നു.. ഡ്രൈവർ ഇരിക്കുന്നതിന് പിറകിൽ നിന്നും ഒരു കുഷ്യൻ എടുത്തു എന്റെനേരെ നീട്ടി.. എന്നിട്ട് ഗിയർ ബോക്സ് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു അവിടെ ഇരുന്നോളാൻ.. എനിക്ക് അത് വലിയ ഒരു ആശ്വാസം ആയിരുന്നു..
ഞാനിരിക്കുന്ന ഗിയർബോക്സിനുള്ളിൽ യന്ത്രപ്പല്ലുകളുടെ സംഘനൃത്തം പുരോഗമിക്കുന്തോറും ബസിന്റെ വേഗതയും എന്റെ മൂട്ടിലെ ചൂടും വർധിച്ചു വന്നു.. ഓരോരുത്തരായി ഇരുന്നും നിന്നും ഉറക്കത്തിലേക്ക് വഴുതിവീണപ്പോൾ ഞാനും മെല്ലെ അവരിലൊരാളായി.. ചെവി കൊട്ടിയടഞ്ഞപ്പോളാണ് ഞെട്ടിയുണർന്നത്.. ബസ് കയറ്റം കയറുന്നു.. പക്ഷേ തീരെ സൗണ്ട് ഇല്ലാതെയാണ് ബസ് പോവുന്നത്.. വായിൽ ഉണ്ടായിരുന്ന തുപ്പൽ ഇത്തിരി ഇറക്കിയപ്പോളേക്കും ചെവി തുറന്നതിനോടൊപ്പം ബസിന്റെ ശബ്ദവും വർധിച്ചു. ഇടയ്ക്കെപ്പോളൊക്കേയൊ വണ്ടി നിർത്തി… ആ കൊടുംതണുപ്പത്ത് ചായ കുടിക്കാതെ വേറെ മാർഗം ഇല്ലാത്തതിനാൽ ഞാനും കുടിച്ചു ഒന്നു രണ്ടു ചായ..
വീണ്ടും എപ്പോളോ ഉറങ്ങി..ഇടയ്ക്ക് മൂട്ടിലെ ചൂട് അസഹനീയം ആയപ്പോളെല്ലാം ഒന്ന് പൊങ്ങിയിരിക്കേണ്ടി വന്നതൊഴിച്ചാൽ സുഖകരമായ നിദ്ര.. കണ്ണുതുറന്നപ്പോൾ നേരം വെളുത്തുവരുന്നു.. ഒന്ന് രണ്ടു സീറ്റ് കാലിയുണ്ട്.. മെല്ലെ അതിലേക്കു മാറിയിരുന്നു. ഇനി മണാലിയിലേക്ക് വലിയ ദൂരമില്ല.. മാണ്ടിയും ബുന്ദറും പിന്നിട്ട് ബസ് കുളു സ്റ്റാൻഡിൽ കയറി നിന്നു..
സമയം ഏതാണ്ട് രാവിലെ എട്ടുമണിയോടടുത്തിരിക്കുന്നു.. ചെറിയ ഒരു ബസ്സ്റ്റാൻഡ്.. ഒരു വശം നീണ്ടുകിടക്കുന്ന മാർക്കറ്റ് ആണ്.. രാവിലെ ആയതോണ്ട് കടകൾ എല്ലാം തുറന്നുവരുന്നതേ ഉള്ളൂ.. വീണ്ടും യാത്ര… കുളുവിൽ നിന്നും മണാലിയുടെ കാഴ്ചകളിലേക്ക്.. റോഡിനിരുവശവും സഞ്ചാരികളെ ആകർഷിക്കുന്ന റിവർ റാഫ്റ്റിങ് ബോർഡുകൾ.. കുട്ടകളുമായി പണിക്ക് പോവുന്ന ഗ്രാമീണർ.. ചെറിയ ചായക്കടകളിൽ ആവിപറക്കുന്ന ചായ ഊതിക്കുടിച്ചുകൊണ്ട് സൊറ പറഞ്ഞിരിക്കുന്ന വല്യപ്പൂപ്പന്മാർ.. കുറച്ച് നേരത്തെ ഓട്ടത്തിനു ശേഷം വണ്ടി മണാലിയിൽ…
മണാലി.. മഞ്ഞുപെയ്യുന്ന താഴ്വര.. ഒരുപാട് നാളത്തെ എന്റെ സ്വപ്നം.. മണാലി എന്ന സ്വപ്നത്തിനുവേണ്ടി എനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന മുപ്പതു രൂപയുടെ അച്ചപ്പം പോലും കഴിഞ്ഞ രണ്ടുമാസമായി വാങ്ങാറുണ്ടായിരുന്നില്ല.. അങ്ങനെ ഇല്ലായ്മയിൽനിന്നും മിച്ചം പിടിച്ചുവന്ന യാത്രയാണ്.. എന്താണ് കാണേണ്ടത്.. ? എങ്ങോട്ടാണ് പോവേണ്ടത്.. ? ഒന്നും അറിയില്ല… പക്ഷേ ഞാൻ ഇപ്പോൾ മണാലിയിൽ ആണ്..
മഞ്ഞു കാണണം… !! പക്ഷേ മഞ്ഞിനടുത്തേക്കുള്ള ദൂരത്തിനു അയാൾ പറഞ്ഞ വില എന്റെ സ്വപ്നങ്ങളുടെ കടയ്ക്കൽ കോടാലി വച്ചു.. സോളാങ് വാലി എന്ന് ആദ്യമായി കേട്ട ഞാൻ മെല്ലെ ആ സ്വപ്നങ്ങളുടെ ചെപ്പ് അടച്ചുവച്ചു.. കാരണം തിരിച്ചുപോവാനുള്ള ബസ് കാശ് കിഴിച്ചാൽ ഒരുകിലോ പഴവും കുറച്ചു വെള്ളവും വാങ്ങാനുള്ള പണമേ അവശേഷിച്ചിരുന്നൊള്ളു..
മണാലിയുടെ തെരുവുകളിലൂടെ അക്ഷരാർത്ഥത്തിൽ അലഞ്ഞു നടന്നു.. കാരണം പ്രിത്യേകിച് ചെയ്യാനോ കാണാനൊ ഒന്നുമില്ല.. ബസ്സ്റ്റാന്റിനടുത്തുള്ള ആ വലിയ മരക്കൂട്ടം കണ്ടു.. നേരെ അങ്ങോട്ട്.. പോക്കറ്റിൽ ഒന്നുകൂടി നോക്കി കണക്കു കൂട്ടി ഒരു ടിക്കറ്റ് എടുത്തു…
ഒരുപാട് കുടുംബങ്ങൾ.. പ്രണയിക്കുന്നവർ… മധുവിധു ആഘോഷിക്കുന്നവർ.. അവർക്കിടയിലൂടെ ഞാനും നടന്നു… ഒഴിഞ്ഞുകിടന്ന ഒരു മരത്തണൽ കണ്ടതും അവിടെ പോയി ഇരുന്നു.. പതുക്കെ ഫോൺ ഓൺ ചെയ്തു കുറച്ച് ഫോൺ കാൾസ്.. ശേഷം രണ്ടു മൂന്ന് ഫോട്ടോകൾ… മണാലി എന്ന സ്വപ്നസാക്ഷാത്കാര്യത്തിന്റെ ഓർമ്മയ്ക്ക്.. ❤ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല.. അന്നൊരു പകൽ മുഴുവനും ഞാൻ ആ മരത്തണലിൽ കിടന്നു..
വിശന്നപ്പോൾ പുറത്തിറങ്ങാൻ തോന്നിയെങ്കിലും ഭക്ഷണം കഴിച്ചുകഴിഞ്ഞു തിരിച്ചു ഇവിടെ വരാൻ വീണ്ടും ടിക്കറ്റ് എടുക്കണമല്ലോ എന്നോർത്തപ്പോൾ അതും വേണ്ടാന്ന് വച്ചു.. ബാഗും തലയ്ക്കടിയിൽ വച്ച് നല്ലൊരു ഉറക്കം.. ഒരു വശത്ത് ഒഴുകുന്ന പുഴയുടെ ശബ്ദം.. തണുപ്പ്..
നന്നായിത്തന്നെ ഉറങ്ങി.. കൊതുക് കടിക്കാൻ തുടങ്ങിയപ്പോളാണ് കണ്ണു തുറന്നത്..
സൂര്യൻ താഴ്ന്നുതുടങ്ങിയിരുന്നു.. പുറത്തേക്ക്.. ഒരു ചൂട് മോമോസും കഴിച്ചു വീണ്ടും ഡൽഹിക്കുള്ള ബസ് തേടി സ്റ്റാൻഡിലേക്ക്.. എന്തിനാണ് പോയത് എന്നെനിക്കറിയില്ല ഇപ്പോളും.. പക്ഷേ അന്ന് ആ യാത്ര കഴിഞ്ഞപ്പോൾ കിട്ടിയ ആത്മനിർവൃതി.. അത് പിന്നീടൊരിക്കലും ഒരുപാട് യാത്രകൾ നടത്തിയെങ്കിലും എനിക്കനുഭവിക്കാൻ സാധിച്ചിട്ടില്ല.. ഒരു പക്ഷേ ഒരുപാട് സഹിച്ചു നടത്തിയ ഒരു യാത്ര ആയതിനാലാവാം.. ഇല്ലായ്മകളുടെ നടുവിൽനിന്നും മിച്ചംപിടിച്ചു അന്ന് കണ്ട മണാലിയെ അതിലും സുന്ദരിയായി ഞാൻ പിന്നീട് കണ്ടിട്ടുമില്ല..
വിവരണം – ജിതിന് ജോഷി.