ബാങ്കോക്കിൽ നിന്നും മ്യാന്മറിൻ്റെ മണ്ടയ്ക്കുള്ള ‘മണ്ടാലെ’ വരെയൊരു റോഡ് യാത്ര..

വിവരണവും ചിത്രങ്ങളും – ശ്രീഹരി (https://www.facebook.com/sreehari.sreevallabhan).

തായ്‌ലന്റിലെ ബാങ്കോക്കിൽനിന്നും മ്യാന്മറിന്റെ മണ്ടയ്ക്കുള്ള മണ്ടാലെ (Mandalay) വരെയൊരു റോഡ് യാത്ര.. ബാങ്കോക്ക് നിന്നും ബസ്സൊക്കെ പിടിച്ച് ബോർഡർ പട്ടണമായ മേ സോട്ടും കടന്ന്, മ്യാൻമറിലെ പ്രശസ്തമായ ഗോൾഡൻ റോക്കും, പഴയ തലസ്ഥാനമായ യംഗോൺ സിറ്റിയും, പൗരാണിക നഗരമായ ബഗാനും കണ്ട് രണ്ടാമത്തെ വലിയ സിറ്റിയായ മണ്ടാലയിൽ എത്തുമ്പോഴേക്കും എണ്ണിച്ചുട്ടപ്പം പോലെയുള്ള ദിവസങ്ങൾ ഠിമ്മെന്നുംപറഞ്ഞ് തീരുമെന്നതിനാൽ തിരിച്ച് ഫ്‌ളൈറ്റിലാണ് പ്ലാൻ ചെയ്തത്. ദിവസങ്ങൾ കയ്യിലുണ്ടെങ്കിൽ തിരിച്ചും റോഡുമാർഗംതന്നെ തായ്‌ലന്റിലേക്കോ അല്ലെങ്കിൽ നമ്മുടെ സ്വന്തം ഭാരതാംബയുടെ മണ്ണിലേക്കോ ആക്കാമായിരുന്നു.

സംഭവം തുച്ഛമായ പൈസയ്ക്ക് സിമ്പിളായി രണ്ട് മണിക്കൂർ വിമാനയാത്ര ചെയ്‌താൽ ബാങ്കോക്കിൽനിന്നും മ്യാൻമറിലെത്താം. പക്ഷേങ്കിൽ നീണ്ട റോഡ് യാത്ര നൽകുന്ന സുഖമൊന്നു വേറെതന്നെയാണ്, പ്രത്യേകിച്ചും രാജ്യാന്തര അതിർത്തി കടന്നുള്ള ത്രില്ലിംഗ് യാത്രയാവുമ്പൊ.

മ്യാൻമറിലേക്കുള്ള ടൂറിസ്റ്റ് വിസ ഓൺലൈൻ വഴി ആക്കിയതും അതിൽ ലാൻഡ് ബോർഡറുകൾ ഉൾപ്പെടുത്തിയിട്ടുമൊന്നും അധികകാലം ആയിട്ടില്ല. നിലവിൽ തായ്‌ലന്റിൽനിന്നുമാത്രമേ ഓൺലൈൻ വിസ ഉപയോഗിച്ച് ‘റോഡ് മാർഗം’ കടക്കാൻ സാധിക്കൂ. കൂടാതെ യംഗോൺ, മണ്ടാലെ തുടങ്ങിയ പ്രധാന എയർപോർട്ടുകളിലേക്കും വിവിധ രാജ്യങ്ങളിൽനിന്നും എത്തിച്ചേരാം. 50 യു.എസ് ഡോളറാണ് വിസ ചാർജ്. ഇനിയിപ്പോ വിസയൊന്നുമെടുത്ത് വൻ ആഡംബരമാക്കാതെ മ്യാന്മറിൽ പോയി എന്നൊരു പേര് മാത്രമാണ് വേണ്ടതെങ്കിൽ ഇന്ത്യയിലെ മണിപ്പൂരിൽ ‘മോറെ’ എന്ന ബോർഡറിൽനിന്നും ഒരു ദിവസ പാസ്സെടുത്ത് ഏതാനും കിലോമീറ്റർ അകലെയുള്ള മ്യാൻമറിലെ ‘തമു’ പട്ടണത്തിൽ പോയിവരാം.. വില തുച്ഛം, ഗുണം മെച്ചം..

ബാങ്കോക്കിൽനിന്നും ആറേഴ് മണിക്കൂർ യാത്രയുണ്ട് മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ‘മേ സോട്ട്’ പട്ടണത്തിലേക്ക്. പിറ്റേന്ന് കിഴക്ക് വെള്ള കീറുമ്പോഴേക്കും എത്താമെന്ന ധാരണയിൽ രാത്രി വൈകിയുള്ള ബസ്സാണ് പിടിച്ചത്. മസാജിങ് സീറ്റും ടോയ്‌ലറ്റുമെല്ലാമുള്ള തായ് ഗവണ്മെന്റിന്റെ പുലിക്കുട്ടി വണ്ടിയിലാണ് യാത്ര. രാവിലെ സൈഡ് ഗ്ലാസ്സിലൂടെ സൂര്യനാൽ തഴുകി ഉറക്കമുണർന്നപ്പോഴേക്കും ബസ് ഒരു കരയ്ക്കടുക്കാറായിരുന്നു. വളഞ്ഞുപുളഞ്ഞുള്ള മലഞ്ചെരുവുകളിലൂടെയൊക്കെ സഞ്ചരിച്ച് 7 മണിയോടെ ‘മേ സോട്ട്’ ബസ് ടെർമിനലിലെത്തി. അവിടെനിന്നും 50 തായ് ബാത്ത് കൊടുത്താൽ പുറകിൽ സീറ്റുകളുറപ്പിച്ച ഷെയർ പിക്കപ് വാനിലോ, ഓട്ടോയുടെ വകഭേദമായ ടുക് ടുക് വണ്ടിയിലോ പത്ത് മിനിറ്റുകൊണ്ട് ബോർഡറിലെത്താം.

ബോർഡറിലേക്കടുക്കുമ്പോൾത്തന്നെ കഥയാകെ മാറി ഒരു മ്യാൻമർ ഫീലിംഗ് കിട്ടിത്തുടങ്ങും. അതിർത്തി കടക്കാൻ കൂട്ടിന് ഒറ്റ ടൂറിസ്റ്റ് കുഞ്ഞിനെപ്പോലും കാണാനില്ല. ലോക്കൽ ആളുകളാണ് കാൽനടയായും വണ്ടികളിലുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത്. ഒറ്റയ്‌ക്കെങ്കി ഒറ്റയ്ക്, പാകിസ്ഥാനിലേക്കൊന്നുമല്ലല്ലോ കടക്കുന്നത്.. തായ് ഇമിഗ്രേഷനിൽ എക്സിറ്റും വെച്ച് ഇരു രാജ്യങ്ങളെയും തമ്മിൽ വേർതിരിക്കുന്ന ‘മോയ്’ നദിക്ക് കുറുകെയുള്ള തായ്-മ്യാൻമർ ഫ്രണ്ട്ഷിപ് ബ്രിഡ്ജിലൂടെ നടന്ന് അപ്പുറത്തെത്തി.

നാട്ടിലെപ്പോലെ ഇടതുവശം ചേർന്നാണ് തായ്‌ലൻഡിൽ വാഹനം ഓടിക്കുന്നത്. മ്യാൻമറിൽ നേരെ തിരിച്ചും. അതിനാൽ ഈ പാലത്തിനു ഒത്ത മധ്യത്തിലെത്തുമ്പോൾ വാഹനങ്ങൾ പരസ്പരം ട്രാക്ക് മാറുന്ന കാഴ്ച രസമാണ്. മ്യാൻമറിന്റെ ഇമിഗ്രേഷൻ ഓഫീസായ കുടുസു മുറിയിലേക്ക് കയറിച്ചെന്നു. ഒരാള് ബനിയനും കൈലിയുമൊക്കെയുടുത്ത് ഭാര്യവീട്ടിൽ വിരുന്നിനുവന്നപോലെ ഇരിക്കുന്നു. മറ്റയാൾ കുളിച്ചൊരുങ്ങി കുട്ടപ്പനായി നല്ലുടുപ്പൊക്കെയിട്ടും. രണ്ട് പഴഞ്ചൻ ടേബിളും, ജാംബവാന്റെ കാലത്തെ ഒരു കമ്പ്യൂട്ടറും വെബ് ക്യാമെറയുമാണ് അവരുടെ മുതൽക്കൂട്ട്.. ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല, പെട്ടെന്നുതന്നെ പാസ്‌പോർട്ടിൽ പച്ചകുത്തി ഇറക്കിവിട്ടു..

അങ്ങിനെ ആദ്യമായി ഇന്ത്യയുടെ ഒരു അയൽരാജ്യത്ത് കാലുകുത്തി. “മിങ്ങളാബാ” എന്നാണ് ബർമീസ് ഭാഷയിൽ ആദ്യം കാണുമ്പോ അഭിവാദ്യം ചെയ്യുന്നത് (Hello). അപ്പൊതൊട്ട് തിരിച്ചുപോകുന്നവരെ അവിടുന്നും ഇവിടുന്നുമൊക്കെയായി ഒരുലോഡ് “മിങ്ങളാബാ” കിട്ടിയെനിക്ക്. വളരെ ശാന്തസ്വഭാവികളും സ്നേഹസമ്പന്നരുമാണ് ഇവിടുത്തെ ആൾക്കാർ. മ്യാൻമറിലെ വേഷവിധാനം കണ്ടാൽ നമ്മൾ കോരിത്തരിക്കും. സാക്ഷാൽ ലുങ്കി, അഥവാ ഇവരുടെ ഭാഷയിൽ ‘ലോങ്കി’ ആണ് സ്ത്രീകളും പുരുഷന്മാരും എന്തിനേറെ സ്‌കൂളിൽ പോകുന്ന കുട്ടികളുടെവരെ വേഷം. നഗരങ്ങളിലേക്ക് ചെല്ലുന്തോറും പാന്റിട്ട പരിഷ്കാരികളെയും കാണാമെങ്കിലും ഇവരുടെ പരമ്പരാഗതവേഷം ലുങ്കി തന്നെയാണ്. ‘ലുങ്കി ഡാൻസ്’ പാട്ടൊക്കെ ഇവിടെ ഇറക്കിയാൽ ഒരു ജനത ഒന്നടങ്കം ചുവടുവെയ്ക്കും.

മറ്റൊരു കൗതുകകരമായ കാര്യം, സ്ത്രീജനങ്ങളുടെയൊക്കെ മുഖത്ത് ചന്ദനം പോലൊരു സാധനം പുരട്ടിയിരിക്കുന്നു.. പ്രായഭേദമന്യേ ഏവരുടെയും കവിളിലും മൂക്കിലുമൊക്കെ ‘തനക’ എന്ന ഈ ഫേഷ്യൽ എപ്പോഴും ഉണ്ടാവും. മുഖത്തിന് തണുപ്പേകുക, സൂര്യതാപത്തിൽനിന്നും സംരക്ഷിക്കുക, ഭംഗി വർധിപ്പിക്കുക തുടങ്ങിയ വിശ്വാസങ്ങളുടെ ഭാഗമായാണ് മ്യാൻമറിൽ മാത്രം കണ്ടുവരുന്ന ഈ ലേപനം ചെയ്യൽ. ഇതിനുമുൻപ് ക്രിക്കറ്റ് കളിക്കാരുടെ മുഖത്താണ് ഇങ്ങനെ കണ്ടിട്ടുള്ളത്..

മ്യാൻമറിലേക്ക് കാലെടുത്ത് വെച്ചുകഴിഞ്ഞാൽ മനസിലേക്കോടിവരിക, “മുറുക്കിച്ചുവന്നതോ… മാരൻ മുത്തിച്ചുവപ്പിച്ചതോ” എന്ന പാട്ടാണ്. മ്യാൻമർ ജനതയുടെ അഭിവാജ്യഘടകമാണ് മുറുക്കാൻ. വായിൽ മുറുക്കാൻ ചവയ്ക്കാത്ത ആൾക്കാർ ചുരുക്കം. ഇവിടെ വിജയിക്കാൻ സാധ്യതയുള്ള ബെസ്റ്റ് ബിസിനസ്സ് ആണ് മുറുക്കാൻകട. ജംഗ്ഷനുകളിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം ഹാർമോണിയംപോലെ തോളിൽതൂക്കിയ പെട്ടിയുമായി നടക്കുന്ന മൊബൈൽ മുറുക്കാൻകടക്കാരുമുണ്ട്. മ്യാൻമറിലെ ദീർഘദൂരവണ്ടികളിലൊക്കെ പുതപ്പ്, വെള്ളം, സ്നാക്സ് തുടങ്ങിയവ തരുന്നപോലെ ഒരു പ്ലാസ്റ്റിക് കിറ്റും നിർബന്ധമായും തരും. എന്തിനാണെന്നാ; മുറുക്കിത്തുപ്പാൻ.. മുറുക്കിക്കഴിഞ്ഞശേഷം ചവച്ചുതുപ്പി കെട്ടിട്ട് വെക്കും ആൾക്കാർ. ആഹാ, എത്ര മനോഹരമായ ആചാരങ്ങൾ.

വളരെ മൂല്യം കുറവായ മ്യാന്മർ കറൻസി കൈക്കലാക്കുകയാണ് ആദ്യ അജണ്ട. രാജ്യാന്തര ബോർഡറായതിനാൽ വഴിവക്കിലൊക്കെ ആളുകൾ അട്ടിയാക്കിയ നോട്ടുകെട്ടുകളുമായി തലങ്ങും വിലങ്ങും നടപ്പുണ്ട്. കുറച്ചധികം പൈസ വേണ്ടതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് അടുത്ത് കണ്ട മണി എക്സ്ചേഞ്ചിൽ കയറി. ബോർഡറിലെ മണി എക്സ്ചേഞ്ച് എന്നുപറഞ്ഞാൽ വിവിധ കറൻസികളുടെ ഡിസ്പ്ലേ ബോർഡും, കമ്പിവേലികെട്ടിയ കൂട്ടിൽ ടിപ്പ് ടോപ്പിലിരിക്കുന്ന സുന്ദരിപ്പെൺകൊടി ഒന്നുമില്ല. നാട്ടിലെ റേഷൻകടയുടെ സെറ്റപ്പിൽ ഒരു മേശയും കാൽക്കുലേറ്ററുമായിട്ടിരിക്കുന്ന കുടവയറൻ മ്യാന്മർ മാർവാടി. ഏകദേശം ഇരുപതിനായിരം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ പൈസ മാറ്റിയപ്പോൾ നാലുലക്ഷം മ്യാന്മർ കറൻസി കിട്ടി. അത്രേം പൈസ മാറ്റിയതിനാൽ മാർവാടിയേട്ടനും ഹാപ്പി, ലക്ഷാധിപതിയായ ഞാൻ അതിലേറെ ഹാപ്പി.

വഴിവക്കിൽ മൊബൈൽ സിംകാർഡ് വിൽക്കാനിരിക്കുന്ന ഒന്നുരണ്ട് പേരെ സമീപിച്ചെങ്കിലും ഭാഷയെന്ന കീറാമുട്ടി കാരണം ഒന്നും നടന്നില്ല. ഇംഗ്ലീഷ് പറയുന്ന ഒരാളുപോലും ഇല്ല അവിടെയെങ്ങും. അവസാനം തൊട്ടടുത്ത കടയിൽ കയറിയപ്പോൾ അവിടെയുള്ള പെൺകുട്ടി തായ് ഭാഷ സംസാരിക്കും. തട്ടിയും മുട്ടിയും തായ് പറയാനറിയുന്നതുകൊണ്ട് അതിൽപിടിച്ചുകയറി തുച്ഛമായ പൈസയ്ക്ക് സിംകാർഡ് ഒപ്പിച്ചു. അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും അതേ ഷോപ്പിൽത്തന്നെ ഉണ്ടായിരുന്നു.

ഇപ്പൊ നിൽക്കുന്ന അതിർത്തിപ്രദേശമായ ‘മ്യാവാഡി’യിൽനിന്നും (Myawaddy) 10-12 മണിക്കൂറോളം യാത്രയുള്ള പ്രധാന നഗരമായ യംഗോണിലെക്ക് പോകുന്നതിന്റെ ഇടയ്ക്കായി പ്രശസ്തമായ ‘ഗോൾഡൻ റോക്ക്’ ആണ് ആദ്യ ലക്‌ഷ്യം. ‘Kyaikto’ എന്ന സ്ഥലത്താണ് ഇതിനായി ഇറങ്ങേണ്ടത്.. ‘ക്യായിക്ട്ടോ’ ‘ക്യായിക്ട്ടോ’ എന്ന് തലേംകുത്തിക്കിടന്ന് പറഞ്ഞിട്ടും കുട്ടിക്ക് മനസിലാവണില്ല. അവസാനം ഗൂഗിൾ മാപ്പിൽ എടുത്ത് കാണിച്ചപ്പോഴുണ്ട്; ഓ “ചൈത്തോ”, ഇത് നേരത്തെ പറയണ്ടേന്ന്..!! കഷ്ടപ്പെട്ട് നാക്കുളുക്കി ഇംഗ്ലീഷ് വാക്ക് അതേപോലെ പറഞ്ഞ ഞാനാരായി..!! ഒടുവിലാ നഗ്നസത്യം ഞാൻ മനസിലാക്കി, ‘ky’ വരുന്നിടത്തെല്ലാം ഇവര് സൗകര്യാർത്ഥം ‘ച’ ആണ് പറയുന്നത്. മറ്റൊരു ഉദാഹരണമാണ് മ്യാന്മർ കറൻസിയുടെ പേര്.. ‘Myanmar Kyat’ എന്നാണ് എഴുതുന്നതെങ്കിലും വായിക്കുന്നത് “ചാറ്റ്” എന്ന്. പുവർ പീപ്പിൾസ്.

വലിയ ബസും ചെറു വാനുകളും ദിവസേന യംഗോണിലേക്ക് സർവീസ് നടത്തുന്നുണ്ട്. മലമ്പാതകളിലൂടെ മന്ദം മന്ദമേ ബസുകൾ പോകൂ എന്നതിനാൽ വാൻ യാത്രയ്ക്കാണ് താരതമ്യേന ദൈർഘ്യം കുറവ്. തായ്‌ലന്റിനോട് ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന മലയോരഗ്രാമമായ ‘മ്യാവാഡി’യിൽനിന്നും ഏറ്റവുമടുത്തുള്ള ചെറു പട്ടണമായ ‘ഹപ-അന്നി’ൽ (Hpa-An) എത്തണമെങ്കിൽതന്നെ 5 മണിക്കൂർ യാത്ര ചെയ്യണം. മുൻപ് ഈ രണ്ടു സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ റോഡിലൂടെ ഒരുദിവസം ഒരു വശത്തേക്ക് മാത്രമേ യാത്ര അനുവദിക്കുമായിരുന്നുള്ളൂ. ഒറ്റ, ഇരട്ട തീയതികളുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വശത്തേക്കും കടത്തിവിട്ടിരുന്നത്. ഇന്നുകാണുന്ന മലയോര ഹൈവേ പൂർത്തിയായി സുഗമമായ യാത്ര സാധ്യമായിത്തുടങ്ങിയിട്ട് രണ്ടേ രണ്ട് വർഷമേ ആയിട്ടുള്ളൂ. ഇവിടെ രണ്ടും നാലും വരിയുണ്ടാക്കി ദിവസേന തെക്കുവടക്ക് പാഞ്ഞിട്ടും മനുഷ്യന്റെ തിരക്കിന് അറുതിയില്ല, അപ്പൊ ഇവരുടെ മുൻപത്തെ അവസ്ഥ എന്തായിരുന്നിരിക്കും..

വാനിൽ ആളും നിറഞ്ഞ് യംഗോണിലേക്ക് കൊണ്ടുപോകാനുള്ള എന്തൊക്കെയോ സാധനങ്ങളും മുകളിൽ വെച്ചുകെട്ടി കാലത്ത് പത്ത് മണിയോടെയാണ് യാത്ര തുടങ്ങാനായത്. തായ്‌ലന്റിനെക്കാൾ അര മണിക്കൂർ പിന്നിലാണ് മ്യാൻമർ സമയം. ഇന്ത്യയേക്കാൾ ഒരു മണിക്കൂർ മുന്നിലും. അങ്ങനെ ഞാനും വാനിലുള്ളാളും ഒരുലോഡ് ലഗേജുമായി മ്യാൻമറിലെ കൺകുളിർക്കുന്ന കാഴ്ചകൾ കണ്ടുള്ള യാത്ര ആരംഭിച്ചു. വഴിനീളെ നിശ്ചിത ദൂരം ഇടവിട്ടുള്ള പോലീസ് ചെക്ക് പോസ്റ്റുകളിൽ നിർത്തിയും, തുടരെ തുടരെ ടോൾ പോലെ ആർക്കൊക്കെയോ പൈസ കൊടുത്തുമാണ് പോക്ക്..

എന്റെ പാസ്‌പോർട്ടിന്റെ ഒരു ഡസനോളം കോപ്പി ആദ്യമേ എടുപ്പിച്ചിട്ടാണ് യാത്ര തുടങ്ങിയത്. ചെക്കിങ്ങ് വരുന്നിടത്തെല്ലാം ഓരോന്നുവീതം വിതരണം ചെയ്യുന്നുമുണ്ട്. പണ്ട് നാട്ടിൽ സർക്കസ് ഒക്കെ വരുമ്പോ അനൗൺസും ചെയ്ത് വഴിനീളെ നോട്ടീസ് ഇട്ട് പോകുന്ന സീൻ ആണ് ഓർമവന്നത്.. മുൻപ് ഒറ്റവരിപ്പാത ഉണ്ടായിരുന്ന ദൂരമത്രയും മലകൾ ചുറ്റിവളഞ്ഞ് ഏകദേശം മൂന്നാർ റൂട്ടിലെ യാത്രയെ അനുസ്മരിപ്പിക്കുംവിധമാണുള്ളത്. തേയിലത്തോട്ടങ്ങളൊന്നുമില്ലെങ്കിലും പച്ചപുതച്ചുനിൽക്കുന്ന കുന്നുകളാണ് ചുറ്റിനും. ഉച്ചയോടുകൂടി തീർത്തും വിജനമായ ഒരിടത്ത് ഇമ്മിണി വല്ല്യൊരു തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനായി നിർത്തി..

ചോറ് തന്നെയാണ് മ്യാൻമറിലെ പ്രധാന ഭക്ഷണം. കൂടാതെ എണ്ണിയാലൊടുങ്ങാത്ത കറികളുടെ നീണ്ട നിരയുമുണ്ട്. അവിടെ ചില്ലുകൂട്ടിൽ ഉണ്ടാക്കി വെച്ചിരിക്കുന്നതിൽ ഒരു ചിക്കന്റെ കറിയും മീൻ പൊരിച്ചതും ചൂണ്ടിക്കാണിച്ച് ടേബിളിൽ ആസനസ്ഥനായി. നോക്കുമ്പോഴുണ്ട് ഓരോ പാത്രത്തിൽ കാടും പടലും കറികളുമൊക്കെയായി നിറയെ സാധനങ്ങൾ കൊണ്ട് നിരത്തിവെക്കുന്നു. ഈശ്വരാ ഞാനിതൊന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ എന്നുള്ള എന്റെ വിജ്രംഭിച്ച മുഖഭാവം കണ്ടിട്ടെന്നോണം സപ്പ്ളെയർ കുട്ടി “ഫ്രീ ഫ്രീ” എന്ന് പറയുന്നുണ്ട്. ആ എന്നാ കൊള്ളാം.

നാട്ടിൽ നമ്മള് 5 കൂട്ടം കറിയുടെ ഊണ് പറഞ്ഞതിന് ശേഷം ഒരു അയല ഫ്രൈയും ചിക്കൻ കറിയും സ്‌പെഷ്യൽ പറഞ്ഞതുപോലെയാണിപ്പോ സംഭവിച്ചതെന്ന് പിന്നീടാണ് കത്തിയത്. എന്തായാലും ഒരു സദ്യയുടെ പ്രതീതി ഉണ്ടായിരുന്നു. ഒന്നുരണ്ട് വിഭവങ്ങളൊഴിച്ച് ബാക്കിയെല്ലാം നന്നായങ്ങട് ബോധിച്ചു. ഇപ്പുറത്തുള്ള ഇന്ത്യയുടേയും അപ്പുറത്തുള്ള തായ്‌ലന്റിലെയും മണ്ടയ്ക്ക് കിടക്കുന്ന ചൈനയുടെയും രീതികൾ ഏകോപിപ്പിച്ച ഭക്ഷണരീതിയാണ് മ്യാൻമറിലേത്. നമ്മുടെപോലെ നല്ല മസാലയിട്ട ചിക്കൻ, ബീഫ് കറികളും പൊരിച്ച മീനുമെല്ലാം സാധാരണമാണിവിടെ.. ബോർഡറിൽ പരിചയപ്പെട്ട ഒരു ചേട്ടൻ പറഞ്ഞിരുന്നു ഇന്ത്യൻ ഭക്ഷണം ഇവർക്ക് പ്രിയപ്പെട്ടതാണെന്ന്. ബിരിയാണിയും റൊട്ടി ഐറ്റംസ് ഒക്കെ മിക്കയിടത്തും ലഭിക്കും. കൂടാതെ ഇവിടെയെല്ലാവരും കുടിക്കുന്ന ഒന്നാണ് ചായ. വെള്ളത്തിന്റെ അംശം ലവലേശമില്ലാത്ത നല്ലൊന്നാന്തരം മ്യാൻമർ ചായ കുടിച്ചതിനു കയ്യും കണക്കുമില്ല. ചായ പ്ലാസ്റ്റിക്ക് കവറിലാക്കി പാർസൽ വാങ്ങിപ്പോകുന്നവരെയും കാണാം.

ഊണ് കഴിച്ച് കഴിവ് തെളിയിച്ച്, വണ്ടിയുടെ മുൻപിലിരുന്ന ചേച്ചിയുടെ കയ്യും കാലും പിടിച്ച് സീറ്റ് എക്സ്ചേഞ്ചും നടത്തി യാത്ര തുടർന്നു. മ്യാൻമറിൽ വലതുവശം ചേർന്നാണ് വണ്ടിയോടിക്കുന്നെന്ന് പറഞ്ഞല്ലോ, എന്നാൽ വളരെ കുറച്ച് വണ്ടികൾക്ക് മാത്രമേ ശരിയായ രീതിയിൽ ഇടതുവശത്തു സ്റ്റിയറിങ് ഉള്ളൂ. വളരെ പണ്ട് മ്യാൻമറിൽ നേരെ തിരിച്ച് ഇടതുവശം ചേർന്നായിരുന്നു ഡ്രൈവിങ്. അത് മാറ്റിയിട്ട് കാലങ്ങളായെങ്കിലും ജപ്പാനുമായുള്ള എന്തോ കരാറിന്റെ പുറത്ത് അവിടെനിന്നുള്ള വണ്ടികളാണ് അടുത്തകാലംവരെ ഇറക്കുമതി ചെയ്തിരുന്നത്, അതിനാലാണ് ഭൂരിഭാഗവും തലതിരിഞ്ഞ വണ്ടികൾ കാണുന്നത്.

സൗകര്യാർത്ഥം ടോൾ ബൂത്തുകൾ പോലും വലതുവശത്തുതന്നെയാണ് ഉള്ളത്, കൂടാതെ പലയിടത്തും ട്രാഫിക് ലൈറ്റുകൾ മാറ്റാതെ മറുവശത്ത് തന്നെ ഉള്ളത് കാണാം. ഇൻഡിക്കേറ്റർ സമ്പ്രദായം വ്യത്യസ്തമാണിവിടെ. മുൻപിൽ പോകുന്ന വണ്ടി വലതുവശത്തേക്ക് ഇൻഡിക്കേറ്റർ ഇടുകയാണെങ്കിൽ ‘വലത്താട്ട് മാറിനിക്കെടാ’ എന്നാണ്. അതായത് മുൻപിൽ തടസമുണ്ട് ഓവർടേക്ക് ചെയ്യാൻപാടില്ലെന്നർത്ഥം. ഭൂരിഭാഗം വണ്ടികൾക്കും ഡ്രൈവർ ഇടതുവശത്തല്ലാത്തതുകൊണ്ട് ഇവിടുത്തുകാർ സുരക്ഷയ്ക്ക് ചെയ്യുന്നതാവണം ഇങ്ങനെ.

പൊട്ടിപൊളിഞ്ഞ കുറേയധികം പാതകളും താണ്ടി, നെൽപ്പാടങ്ങളും ചെറു കവലകളുമെല്ലാമായി ശാന്തസുന്ദരമായ ഗ്രാമവഴികളിലൂടെ സഞ്ചരിച്ച് വൈകിട്ട് 5 മണിയോടെ ‘ക്യായിക്ട്ടോ’, സോറി ‘ചൈത്തോ’യിൽ (Kyaikto) വഴിവക്കിലിറങ്ങി. ഇവിടുന്ന് 15 കിലോമീറ്ററോളം ഉള്ളിലേക്ക് പോയി ‘കിൻപുൺ’ (Kinpun) എന്നയിടത്തുനിന്നുമാണ് ഒരു മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഗോൾഡൻ റോക്കിലേക്ക് വണ്ടി തുടങ്ങുന്നത്.. കിൻപുണിലേക്ക് വെറും 500 ചാറ്റ് (24 Rs) കൊടുത്താൽ ഷെയർ പിക്കപ്പ് ഉണ്ട്. പക്ഷെ അതെവിടെനിന്നാണ് തുടങ്ങുന്നതെന്ന് പിടിയില്ലാതെ കുന്തം വിഴുങ്ങി നിക്കുമ്പോഴാണ് ഒരു സാധാ കുഞ്ഞ് പിക്കപ് ചേട്ടൻ 5000 ചാറ്റിന് കിൻപുൺ വരെയെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്ത്കൊണ്ടു നിർത്തിയത്. മുൻകൂട്ടി എല്ലാം മനസിലാക്കി വെച്ചിട്ടുള്ളതിനാൽ 500 ചാറ്റ് മാത്രമേ ആവൂ എന്ന എന്റെ നിശ്ചയദാർഢ്യത്തിൽ മുട്ട് മടക്കിയ ചേട്ടൻ അര കിലോമീറ്റർ അകലെയുള്ള ഷെയർ പിക്കപ് തുടങ്ങുന്നിടത്തേക്ക് ഫ്രീയായി എത്തിച്ചു അവസാനം. ‘ഇവനൊക്കെ എന്തൂട്ട് എച്ചി ടൂറിസ്റ്റാടെയ്’ എന്നായിരുന്നിരിക്കണം മൂപ്പരുടെ മനസ്സിൽ.

ലോക്കൽസിനൊപ്പം ഷെയർ പിക്കപ്പിൽ കയറി ഗോൾഡൻ റോക്കിലേക്കുള്ള വണ്ടികൾ തുടങ്ങുന്ന കിൻപുണിലെ സ്റ്റാൻഡിൽ എത്തിച്ചേർന്നു. സമുദ്രനിരപ്പിൽനിന്നും 1100 മീറ്റർ ഉയരത്തിലുള്ള ഗോൾഡൻറോക്ക് സ്ഥിതിചെയ്യുന്ന ‘Kyaiktiyo’ പർവതത്തിന്റെ അടിവാരമായാണ് ‘കിൻപുൺ’ എന്ന കൊച്ചു പ്രദേശം നിലകൊള്ളുന്നത്. ഭീകരമായ ചുരംകയറി മുകളിൽ എത്തിക്കുന്നത് ജീപ്പും ബസ്സുമൊന്നുമല്ല, നല്ല ചുണക്കുട്ടന്മാരായ ലോറികളാണ്. പുറകിൽ നിരത്തി സീറ്റുകൾ പിടിപ്പിച്ച ലോറിയിൽ ആളുകളെ മത്തിയടുക്കുന്നപോലെ അടുക്കി അഭയാർത്ഥികളെ കൊണ്ടുപോകുന്നമാതിരിയാണ് യാത്ര. ഇമ്മാതിരി കുത്തനെയുള്ള കയറ്റവും ഹെയർപിൻ വളവുകളും ആദ്യമായാണ് കാണുന്നത്. പപ്പുച്ചേട്ടന്റെ ബ്രേക്ക് പോയ റോഡ്റോളർ കണക്കെ പറപറത്തിയാണ് പോക്ക്. യാതൊരു കൂസലുമില്ലാതെ പുഷ്പം പോലെയുള്ള ചുരത്തിലെ ഡ്രൈവിങ്ങ് കണ്ടിട്ട് “പടച്ചോനേ ങ്ങള് കാത്തോളീ” ന്ന് യാത്രക്കാരാണ് പറഞ്ഞുപോവുക. ഏതാണ്ട് അര മണിക്കൂറെടുക്കും മുകളിലെത്താൻ. 2000 ചാറ്റ് ആണ് ഒരു വശത്തേക്കുള്ള നിരക്ക്.

നല്ല തറവാട്ടിൽപിറന്ന കോടമഞ്ഞാണ് മുകളിൽ കാത്തിരിക്കുന്നുണ്ടായിരുന്നത്. മാത്രമല്ല 6 മണി നേരമായതിനാൽ ഇരുട്ടും വീണുതുടങ്ങിയിരുന്നു. ലോറിയിൽനിന്നിറങ്ങി വീണ്ടും കുറച്ച് മുകളിലായാണ് ഗോൾഡൻ റോക്ക് ഉള്ളത്. കോടയും ഇരുട്ടും കാരണം ഗോൾഡൻ റോക്കിനെ നേരെചൊവ്വേ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നുകരുതി ഞൊടിയിടയിൽ പ്ലാൻ മാറ്റി തിരിച്ചുള്ള ലോറി പിടിച്ചു. താഴെ കിൻപുണിൽ താമസിച്ച് നാളെ രാവിലെവന്ന് കൺകുളിർക്കെ കാണാമെന്നാക്കി. അല്ലെങ്കിൽ രാത്രി ട്രെയിനിന് യങ്കോണിലേക്ക് പോകാനായിരുന്നു പദ്ധതി.

ഈ ഗോൾഡൻ റോക്ക് സ്ഥിതി ചെയ്യുന്നിടത്ത് ഒന്നുരണ്ട് ഹോട്ടലുകളുണ്ടെങ്കിലും ബഡ്ജറ്റ് യാത്രികരുടെ കളസം കീറുന്ന നിരക്കാണ്. കിൻപുണിലും ബാക്ക്പാക്കേഴ്സ് ഹോസ്റ്റലൊന്നുംതന്നെ ഇല്ലാത്തതിനാൽ കുറഞ്ഞ ഒരു ഹോട്ടൽറൂം ഓൺലൈനിൽ ബുക്ക് ചെയ്ത് അവിടേക്കെത്തി. ഹോട്ടൽ മുതലാളിയോട് കുറച്ച്നേരം കത്തിയൊക്കെ വെച്ചു. ഞാൻ ഇന്ത്യകാരനാണ്, എഞ്ചിനീയറിംഗ് ആണ് ജോലി എന്നൊക്കെ പറഞ്ഞപ്പോഴേക്കും മൂപ്പർക്ക് വല്ല്യ സന്തോഷമായി. ഇന്ത്യയിൽനിന്നുള്ള എൻജിനീയർമാരാണത്രെ അവിടെ വന്ന് വലിയ കെട്ടിടങ്ങളും പാലങ്ങളുമൊക്കെ പണിയുന്നത്. ഹാവൂ… അഭിമാനപൂരിതമായി അന്തഃരംഗം.

പിറ്റേന്ന് നേരംവെളുത്ത്‌ ഹോട്ടലിൽത്തന്നെ ഫ്രീ ബ്രെക്ക്ഫാസ്റ്റ് ആയ ബർമീസ് സേമിയ ഉപ്പുമാവും കഴിച്ച് വീണ്ടും ലോറി പിടിച്ച് മുകളിലെത്തി. തീർച്ചയായും കയറിയിരിക്കണ്ട അതിസാഹസികമായ ഈ ലോറി യാത്ര അധികനാൾ ഉണ്ടാവില്ല, കാരണം കേബിൾ കാറിന്റെ പണികൾ തകൃതിയായി നടക്കുന്നുണ്ടിവിടെ. ലോറി ഇറങ്ങി ടിക്കറ്റൊക്കെയെടുത്ത് കുറച്ച് നടന്നുവേണം ഏറ്റവും മുകളിലേക്കെത്താൻ. നേരം പരപരാ വെളുത്തിട്ടും കോടമഞ്ഞ് ഇടയ്ക്ക് കണ്ണുപൊത്തിക്കളി നടത്തുന്നുണ്ട്.

നമ്മക്കീ ഗോൾഡൻറോക്ക് ടൂറിസ്റ്റ് ആകർഷണമാണെങ്കിലും രാജ്യത്തിന്റെ നാനാദിക്കിൽ നിന്നുമെത്തുന്ന ബർമീസുകളുടെ പ്രധാന ആരാധനാലയമാണിത്; ഏതാണ്ട് ശബരിമലയൊക്കെപ്പോലെതന്നെ. ഇവിടെ മലയുടെ ഒരറ്റത്തുള്ള ഭീമൻ ഉരുളൻകല്ലാണ് കേന്ദ്രകഥാപാത്രം. കഴിഞ്ഞ 2500 വർഷങ്ങളായി ഈ കല്ലിവിടെയുണ്ടെന്ന് പറയപ്പെടുന്നു.. വിശ്വാസികൾ തനിത്തങ്കം ചാർത്തിയ, ശെരിക്കും ഗ്രാനൈറ്റ് കൊണ്ടുള്ള ഈ കല്ല് ഏതുനിമിഷവും താഴേക്കുവീഴുമെന്ന് തോന്നിപ്പിക്കുംവിധമാണുള്ളത്. ഇതിന്റെ മുകളിൽ സ്വർണംകൊണ്ടുള്ള വലിയ സ്തൂപവും പണികഴിപ്പിച്ചിട്ടുണ്ട്. ഗോൾഡൻ റോക്കിന്മേൽ സ്വർണത്തകിട് (Gold leaf) ഒട്ടിച്ചശേഷം പ്രാർത്ഥിക്കുന്നവരുടെ തിരക്കാണ് അതിനുമുമ്പിൽ. പ്രാർത്ഥിക്കുന്നയിടത്തേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. ഇവിടെനിന്നും താഴെയുള്ള വില്ലേജിന്റെ കാഴ്ചകളും സുന്ദരമാണ്. അങ്ങിനെ സുപ്രധാനമായ ഗോൾഡൻറോക്ക് ദർശനസായൂജ്യത്താൽ തിരികെയിറങ്ങി. ബുദ്ധസന്ന്യാസിമാർ, തദ്ദേശീയർ, ഗ്രൂപ്പ് ടൂറുകാർ പിന്നെ എന്നെപ്പോലെ തെണ്ടിത്തിരിഞ്ഞ് വന്ന ടൂറിസ്റ്റുകളെയുമെല്ലാംകൊണ്ട് മൊത്തത്തിൽ ബഹളമയമാണവിടം. റോളർ കോസ്റ്ററിൽ (ലോറി) കയറി താഴെ കിൻപുണിൽ തിരിച്ചെത്തി.

കരകൗശലവസ്തുക്കളും, നമ്മുടെ കപ്പലണ്ടിമുട്ടായി, മുറുക്ക് പോലെയുള്ള നിറയെ തീറ്റസാധനങ്ങളും തുണിത്തരങ്ങൾ എല്ലാമായി ഒരു കൊച്ച് ഷോപ്പിംഗ് ഏരിയ തന്നെയുണ്ട് കിൻപുണിൽ. ഷോപ്പിംഗ് പണ്ടേ അലർജി ആയതിനാൽ ഒരു ഷോഡ സർബത്തും കുടിച്ച് ബസ്സ് കിട്ടുന്നയിടത്തേക്കെത്തി. രണ്ട് ബസ്സുകൾ യങ്കോണിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നുണ്ട്. അത്യാവശ്യം തലയെടുപ്പും ഗാംഭീര്യവുമുള്ള ഒന്നിൽ ടിക്കറ്റെടുത്തത് കയറി.
ഉച്ചയോടെയാണ് യാത്ര തുടങ്ങുന്നത്, 5 മണിക്കൂറിനുമുകളിൽ എടുക്കും യങ്കോണിലെത്താൻ. വിജ്ജ്രംഭിച്ച ഒരു മ്യാൻമർ സിനിമ ഓടിക്കൊണ്ടിരിക്കുന്നുണ്ട് ബസ്സിൽ.. നമ്മുടെ ഊള സീരിയലുകളെയും എന്തിനേറെ പണ്ഡിറ്റ്ജിയുടെ സിനിമകളെപ്പോലും ബഹുമാനിച്ചു പോകുന്നതരം വെരുപ്പീര്. വന്നിട്ട് യുട്യൂബിൽ നോക്കിയപ്പോൾ മനസിലായി മിക്ക മ്യാന്മർ സിനിമകളും വൻ ദുരന്തം ആണെന്നത്.

യങ്കോൺ സിറ്റിക്ക് പുറത്തേക്ക് വിശാലമായ ആറുവരിപ്പാത ഒക്കെയുണ്ട്, പക്ഷെ കാറ് വാങ്ങാൻ ഗതിയില്ലാത്ത പാവപ്പെട്ടവരുടെ ഈ നാട്ടിൽ വണ്ടികളൊക്കെ നന്നേ കുറവാണ് റോഡിൽ. പച്ചപുതച്ച പാടങ്ങളാണ് എല്ലായിടവും. സിറ്റിയെലേക്കടുത്തപ്പോഴേക്കും ട്രാഫിക്കിൽപെട്ട് അത്യാവശ്യം സമയമൊക്കെയുംപോയി സന്ധ്യയായി എത്തിയപ്പോൾ. യങ്കോണിലെ ഏറ്റവും വലിയ ബസ് ടെർമിനലിലാണെത്തുന്നത്, ‘അങ് മിങ്ങളാർ ഹൈവേ ബസ് സ്റ്റേഷൻ’ (Aung Mingalar). ദീർഘദൂര ബസ്സുകളെല്ലാം സർവീസ് നടത്തുന്നത് ഇവിടെനിന്നുമാണ്. അടുത്തദിവസം വടക്കുകിടക്കുന്ന ബഗാനിലേക്ക് പോകാൻ ബുക്ക് ചെയ്തിരിക്കുന്ന ‘JJ Express’ എന്ന കമ്പനിയുടെ ബസ് തുടങ്ങുന്നയിടം കണ്ടുവെച്ചു. ക്രിട്ടിക്കൽ ടൈമിലാണെ സാധാരണ എല്ലായിടോം എത്തുന്നത്, അന്നേരം ഇത് തപ്പിനടന്നാലൊന്നും കിട്ടില്ല.

ഈ വലിയ ബസ് ടെർമിനലിൽനിന്നും നടക്കാവുന്ന ദൂരത്തിൽ സിറ്റി ബസ്സുകൾ ലഭിക്കുന്നയിടത്തേക്കെത്തി. യങ്കോൺ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഹോസ്റ്റൽ ബുക്ക് ചെയ്തത്.. അവിടേക്കുള്ള ബസ് നമ്പർ 36 ആണെന്ന് മുൻകൂട്ടി മനസിലാക്കിയിരുന്നു. YBS അഥവാ’ Yangon Bus Service’ എന്ന വിപുലമായ പൊതുഗതാതം യങ്കോണിൽ ആരംഭിച്ചിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. വിവിധ കളർ കോഡുകളിലായി നിരവധി റൂട്ടുകളിൽ യാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഈ സിറ്റി ബസുകളുടെ ഏറ്റവും വലിയ പ്രത്യേകത വളരെ തുച്ഛമായ പൈസയേ വേണ്ടൂ എന്നതാണ്.

ഒരു മണിക്കൂറോളം വേണ്ടിയിരുന്ന എന്റെ യാത്രയ്ക്ക് വെറും 200 ചാറ്റ് (10 Rs) മാത്രമാണായത്. മുന്തിയ സിറ്റികളിലുള്ള ബസ്സിലെപ്പോലെ ഡ്രൈവറിനുസമീപമുള്ള ബോക്സിൽ നിശ്ചിത തുക നിക്ഷേപിച്ചുവേണം ഇതിൽ യാത്ര ചെയ്യാൻ. ചേഞ്ച് ഇല്ലായെങ്കിൽ ബാക്കി ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. 500 നു ചേഞ്ച് വാങ്ങാൻ ബസ്സിലിരുന്ന ഒരു ചേട്ടനെ സമീപിച്ചപ്പോൾ, എനിക്ക് വേണ്ടിയിരുന്ന 200 ചാറ്റ് കയ്യിൽ പിടിച്ചേൽപ്പിച്ചിട്ട് “ഇതെങ്ങാനും തിരിച്ചുതരാൻ നോക്കിയാൽ കുത്തിമലത്തിക്കളയും പന്നീ” എന്നുപറഞ്ഞ് സ്നേഹവലയം തീർത്തു. അങ്ങനെ രാത്രി മറ്റു പരിപാടികൾക്കൊന്നും നിൽക്കാതെ നേരെ ഹോസ്റ്റലിലെത്തി അന്തിയുറങ്ങി..

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply