വിവരണം – ഷെറിൻ ഷിഫി.
ഏതൊരു മനുഷ്യനും ഇഷ്ടപെട്ട ഒരു കാര്യം ആണ് യാത്ര അത് ദൂരെയാകാം,അടുത്താകാം ഓരോരുത്തരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു അത് മാറി മറിയുന്നു .യാത്ര പോകാനുള്ള സ്ഥലങ്ങളെപ്പറ്റി അറിയാനാണെങ്കിൽ അനവധി സംവിധാനങ്ങളുണ്ട് അറിഞ്ഞിടത്തോളം സോഷ്യൽ മീഡിയ ഇപ്പൊ ആ കാര്യത്തിൽ മുൻപന്തിയിൽ ആണ്.
ഒരുപക്ഷെ ഈ യാത്ര പോകുന്നവരുടെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമുണ്ട്, വേറെങ്ങും അല്ല #സ്വന്തം_നാട്, ഋതുക്കൾ മാറിമറയുമ്പോൾ നമ്മുടെ നാടിന്റെ മാറ്റങ്ങൾ ആരും ശ്രദ്ധിക്കാറില്ല എന്ന് മാത്രം , എന്തിനു ഞാൻ തന്നെ കുറച്ചു നാളെ ആയിട്ടുള്ളു എന്റെ നാടിന്റെ ഭങ്ങി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് .മഴയിൽ ജനിക്കുന്ന തോടുകൾ , വന്യമാകുന്ന പച്ചപ്പ് , വെള്ള ചാട്ടങ്ങൾ അങ്ങനെ പലതും ദൂരെയുള്ളതു തേടി പോകുമ്പോൾ അടുത്തുകിടക്കുന്നത് നമ്മൾ പലരും കാണാതെ പോവുകയാണ്.
(22 -07 -2018 ) ഞായറാഴ്ച അന്ന് വീട്ടിൽ ഒരു ചടങ്ങു നടക്കുന്നതിനാൽ കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും ആയി വീട്ടിൽ ചെറിയൊരു ബഹളം ആയിരുന്നു , കുറച്ചു ബന്ധുക്കൾ ദൂരെ നിന്ന് വരുന്നവർ ആയിരുന്നു , (എല്ലാവരും തീരദേശത്തിനോട് അടുത്തു താമസിക്കുന്നതിനാൽ എന്റെ നാട് അവർക്കു വളരെ ഇഷ്ടപെട്ടതാണ്) കാര്യം മലയും കുന്നും , തോടും , കനാലും ഒക്കെ ആയി കിടക്കുന്ന ഒരു പക്കാ നാട്ടിൻപുറം ആയതുകൊണ്ടാകണം കൂടാതെ അതിരപ്പിള്ളി , തുമ്പൂർമുഴി, എല്ലാം കുറച്ചു അടുത്തും. അങ്ങനെ ഉള്ള എന്റെ നാടിന്റെ കുറച്ചു ചിത്രങ്ങളെടുക്കാൻ വേണ്ടി ഞാൻ നടത്തിയ ഒരു ചെറു യാത്ര ആണിത്.
എന്റെ വീടിന്റെ ഒരു 3 km അപ്പുറത്തു ഉള്ള #കൊട്ടാമല എന്ന സ്ഥലം അവിടേക്കാണ് ആദ്യം പോയത്. തുമ്പൂര്മുഴിയോട് ചേർന്നു കിടക്കുന്ന മലകൾ എല്ലാവരും അതിരപ്പിള്ളി യാത്രയിൽ ശ്രദ്ധിച്ചിട്ടുണ്ടാകും , അതെ ആ മലയുടെ മറുവശം ആണിത് (പണ്ട് ഞാനും അനിയനും (ഞാൻ +2 , അവൻ 10th ) ആ മലയിലൂടെ നടന്നു അപ്പുറത്തു എത്തിയിട്ടുണ്ട് അന്നാണ് ഈ മലയുടെ അപ്പുറത്താണ് തുമ്പുർമുഴി എന്ന് മനസിലായത്) അതിന്റെ സൈഡിലൂടെ ഒരു റോഡ് പോകുന്നുണ്ട് , (കുറച്ചു ദൂരം മലയും ബാക്കി കനാല് സൈഡും പിന്നെ സാധാരണ റോഡും ആയി മാറും) ഈ റോഡിനോട് ചേർന്നു മറു വശത്തു നിറയെ റബ്ബർ തോട്ടം ആണ് അതിലൂടെ ഒരു തോട് അല്ലെങ്കിൽ ഒരു കൊച്ചു പുഴ ഒഴുകുന്നുണ്ട് (ഞങ്ങൾ കപ്പത്തോട് എന്നാണ് വിളിക്കാറ് ). അവിടെ ഒരു ഭാഗത്തു ഈ തോട് പറയിലൂടെ ഒഴുകി പോകുന്നത് കാണാം. കൂടാതെ അതിനു താഴെ ആയി കനാല് മുകളിലൂടെ പോകുന്ന കാഴ്ചയും കാണാം.
ഞാൻ ഭാര്യയെയും , മോനെയും കൂട്ടി ആയിരുന്നു പോയത്. അവിടെ ഇറങ്ങി അതെല്ലാം കണ്ട ശേഷം കനാലിന്റെ കാഴ്ചയും കാണിക്കാൻ പോയപ്പോൾ നല്ല മഴ വന്നു അത് നശ്ശിപ്പിച്ചു.(പിന്നെ ഒരു കാര്യം വിട്ടു പോയീ അന്ന് ഒരു സിംഹവാലൻ കുരങ്ങിനെയും അവിടെ കണ്ടായിരുന്നു,മരക്കൂട്ടത്തിനിടയിൽ ആയതിനാൽ ഫോട്ടോ എടുക്കാൻ മാത്രം പറ്റിയില്ല. ആ കാഴ്ച ഒരു പുതിയതായിരുന്നു എനിക്ക് ). പിന്നെ പോയത് അവിടെ നിന്നും ഒരു 2 km അകലെ ഉള്ള ചൂളകടവ് എന്ന മലയോര ഗ്രാമത്തിലേക്കാണ്. ഇതും ഒരു മലയുടെ അടിവാരത്തായി സ്ഥിതി ചെയുന്ന ഗ്രാമമാണ് ഇത്. മുകളിൽ പറഞ്ഞ തോട് ഈ ഗ്രാമത്തിലൂടെയും പോകുന്നുണ്ട്. ഇടയ്ക്കു അതിൽ ഒരു ചെക്ക് ഡാമും ഉണ്ട്. പണ്ട് അതിലായിരുന്നു കുളിക്കാൻ വരാറുള്ളത്, ഈ ഡാമിന്റെ സൈഡിലൂടെ മലയിലേക്ക് പ്രവേശിക്കാം.
അന്ന് ഇവിടെ ഉള്ള ചേട്ടന്മാര് (ഞാനൊക്കെ അന്ന് 10th പഠിക്കണ പയ്യൻസ് ആയിരുന്നു) പറയാറുണ്ട്. ഈ മലയിൽ #തീവണ്ടിപ്പാറ എന്നൊരു പാറ ഉണ്ടത്രേ തീവണ്ടിപോലെ നീണ്ടതാണ് എന്നതാണ് അതിന്റെ പ്രത്യേകത. എന്നും , (ഭാഗ്യക്കേട് എനിക്കതു കാണാൻ പറ്റിയിട്ടില്ല )പിന്നെ പോകുന്ന വഴിക്ക് #മൂട്ടിപ്പഴം ഒരുപാടുണ്ടെന്നും.(കാണാൻ പറ്റിയിട്ടില്ലെങ്കിലും അന്ന് കൂട്ടുകാര് അത് ഇഷ്ടംപോലെ തന്നിട്ടുണ്ട് തിന്നാൻ ). ഈ ചെക്ക് ഡാമും കണ്ടു കുറച്ചു കൂടി പോയാൽ തേക്കിന്തോട്ടത്തിലേക്കും മലയിലേക്കും ഉള്ള വഴി ആകും. അവിടെ വരെയേ കാർ പോകു. പിന്നെ ബൈക്കിനു പോകാനേ പറ്റു. വണ്ടി അവിടെ ഒതുക്കിയിട്ട് ഞങ്ങൾ കാട്ടിലേക്ക് നടന്നു. അവിടെ ഒരു വലിയ പാറ ഉണ്ട് #പുല്ലുമുടിപ്പാറ എന്നാണ് അതിന്റെ പേര്. ഒരുപാടു പ്രാവശ്യം ഞാനും അനിയനും ഒക്കെ കണ്ടതാണെങ്കിലും ഭാര്യയും മോനും കണ്ടിട്ടില്ലായിരുന്നു. ഒരു 5 മിനിറ്റു നടന്നാൽ പാറ കാണാം. ഒരു 30 മിനിറ്റു എന്തായാലും എടുക്കും അത് കയറാൻ. കൂടാതെ വഴുക്കലും..
ഞാൻ മോനെയും പിടിച്ചു ഭാര്യയും അനിയനും അവന്റെ കൂട്ടുകാരനും(ഇങ്ങോട്ടു അനിയനും അവന്റെ കൂട്ടുകാരനും വന്നിരുന്നു ,കാടായതിനാൽ ആണ് ) ആയി മല കയറ്റം തുടങ്ങി. എല്ലായിടത്തെയും പോലെ ഒരു സാധാരണ കുന്നു ആയിരുന്നില്ല അത്, ഇതിന്റെ സൈഡിൽ ഒരു #ഗുഹ ഉണ്ട് ” പണ്ട് ഞങ്ങളോട് മുതിർന്നവർ പറഞ്ഞിരുന്നത് അതിൽ പുലിയും , മുള്ളൻ പന്നിയും ഒക്കെ ഉണ്ട് എന്നായിരുന്നു , പിന്നെ പണ്ട് ഇവിടെ ആരോ തപസു ചെയ്തിട്ടുണ്ടത്രെ”. പുലിയെ മുള്ളൻ പന്നിയെയും ഇതുവരെ കണ്ടിട്ടില്ലെങ്കിലും മാനിനെ ഇഷ്ടംപോലെ ഞാൻ കണ്ടിട്ടുണ്ട് പിന്നെ മുള്ളൻ പന്നിയുടെ മുള്ളും. മലയുടെ കാൽ ഭാഗം കയറിയാൽ ഗുഹയിലേക്കുള്ള വഴി കാണാം അവിടെ ആകെ മുള്ളൻകൊഞ്ചും(മുള്ളൻ പന്നിയുടെ മുള്ള് പറയുന്നത്)പിന്നെ രണ്ടു പാമ്പുകളുടെ പടവും പൊഴിച്ച് കിടക്കുന്നത് കണ്ടു കൂടുതൽ നേരം അവിടെ നില്കാതെ തിരികെ വന്നു ഞങ്ങൾ ബാക്കി മല കയറാൻ തുടങ്ങി ,ഇടയ്ക്കു ഇരുന്നും ,പാറയിലെ ഉറവ് വെള്ളം കുടിച്ചും മുകളിലെത്തി , അതിനു മുകളിൽ അങ്ങ് ചാലക്കുടി ,കൊടകര ,ടൗണുകളുടെ വിദൂര ദൃശ്യം കാണാം മൂടൽ ഉള്ളതിനാൽ അത്ര വ്യക്തമായിരുന്നില്ല ആ കാഴ്ച ,ചുറ്റും മലയും പച്ചപ്പും ആയി എന്റെ നാടിങ്ങനെ പടർന്നു കിടക്കുന്നത് കാണാൻ മറ്റെന്തിനേക്കാളും മനോഹരം ആയാണ് എനിക്ക് തോന്നിയത്.
മുകളിൽ എത്തിയപ്പോഴേക്കും ക്ഷീണിച്ചിരുന്നു കൂടാതെ നല്ല വെള്ളം ദാഹവും ,ഒന്ന് നോക്കിയപ്പോൾ അവിടെ പാറയിൽ ഒഴുക്കുന്ന ഉറവ വെള്ളം കണ്ടു അത് തടഞ്ഞു നിർത്തി കാട്ടു മരത്തിന്റെ ഇല കൊണ്ട് കോരി കുടിച്ചാണ് ദാഹമാറ്റിയതു.നല്ല വെള്ളം ആകും എന്ന് ഉറപ്പുള്ളതുകൊണ്ടു 6 മാസം ആയ എന്റെ മോനും കൊടുത്തു ഒരു കുമ്പിൾ വെള്ളം, ഒരു മടിയും കൂടാതെ ആയിരുന്നു അവൻ അത് കുടിച്ചത് , ശേഷം കൂറേ നേരം അവിടെ ഇരുന്നു ഷീണം മാറ്റിയ ശേഷം ശ്രദ്ധിച്ചു അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോന്നു ഞങ്ങൾ.